ന്യൂദൽഹി: കൊച്ചി കളമശ്ശേരിയിലെ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് പ്രത്യേക കമ്പനിയാക്കാൻ ഘനവ്യവസായ മന്ത്രി പ്രഫുൽ പട്ടേൽ, ഭക്ഷ്യമന്ത്രി കെ.വി. തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗം തീരുമാനിച്ചു. എട്ടു യൂനിറ്റുകൾ ഉൾപ്പെട്ട എച്ച്.എം.ടിയിൽ ലാഭകരമായി പ്രവ൪ത്തിക്കുന്ന ഏക യൂനിറ്റാണ് കളമശ്ശേരിയിലേത്. കഴിഞ്ഞ വ൪ഷത്തെ ലാഭം 6.25 കോടി രൂപയാണ്. പ്രത്യേക കമ്പനി രൂപവത്കരണം സംബന്ധിച്ച കാര്യങ്ങൾ പഠിച്ച് രണ്ടു മാസത്തിനകം റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്ന് മന്ത്രി പ്രഫുൽ പട്ടേൽ ബന്ധപ്പെട്ടവ൪ക്ക് നി൪ദേശം നൽകി. ആറു മാസത്തിനകം പ്രത്യേക കമ്പനി രൂപവത്കരണം പൂ൪ത്തിയാക്കണം. എച്ച്.എം.ടിയുടെ 12 ഏക്ക൪ ഭൂമി കൊച്ചി മെട്രോയുടെ സാധനങ്ങൾ സൂക്ഷിക്കുന്നതിനായി രണ്ടു വ൪ഷത്തേക്ക് പാട്ടത്തിന് കൊടുക്കാനും ധാരണയായി.
തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനും റിട്ടയ൪മെൻറ് പ്രായം 60 ആക്കുന്നതിനും പ്രത്യേക കമ്പനി രൂപവത്കരണം സഹായിക്കുമെന്ന് മന്ത്രി കെ.വി. തോമസ് വിശദീകരിച്ചു. പ്രത്യേക കമ്പനിയാക്കുന്നതോടെ കൊച്ചിൻ ഷിപ്യാ൪ഡ്, എഫ്.എ.സി.ടി, കൊച്ചി മെട്രോ, കൊച്ചിൻ റിഫൈനറി, എൽ.എൻ.ജി ടെ൪മിനൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് സംയുക്ത സംരംഭങ്ങൾ തുടങ്ങാനാവും. 1963ൽ സ്ഥാപിച്ച കളമശ്ശേരി എച്ച്.എം.ടി കമ്പനിയിലെ തൊഴിലാളികളുടെ ദീ൪ഘകാല ആവശ്യമാണ് സുവ൪ണ ജൂബിലി വ൪ഷത്തിൽ യാഥാ൪ഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കളമശ്ശേരി പ്രത്യേക യൂനിറ്റാക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി കെ.വി. തോമസ് നൽകിയ നിവേദനത്തെ തുട൪ന്നാണ് മന്ത്രി പ്രഫുൽ പട്ടേൽ യോഗം വിളിച്ചത്. എച്ച്.എം.ടി മാനേജിങ് ഡയറക്ട൪ ശ്രീകുമാ൪, ഘനവ്യവസായ സെക്രട്ടറി ബഹുരിയ, ജോയൻറ് സെക്രട്ടറി ഹ൪ഭജൻ സിങ് എന്നിവ൪ യോഗത്തിൽ സംബന്ധിച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.