കൈറോ: 2011ലെ അറബ് വസന്ത പ്രക്ഷോഭകരെ വെടിവെച്ചുകൊന്ന സംഭവത്തിൽ മുൻ ഈജിപ്ത് പ്രസിഡൻറ് ഹുസ്നി മുബാറകിൻെറ തുട൪ വിചാരണ തുടങ്ങി. മാദി സൈനിക ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്ന മുബാറകിനെ ഹെലികോപ്ടറിലാണ് കൈറോ പൊലീസ് അക്കാദമിയിലെ ക്രിമിനൽ കോടതിയിൽ എത്തിച്ചത്.
മുബാറകിൻെറ രണ്ടു മക്കൾ, മുൻ ആഭ്യന്തര മന്ത്രി ഹബീബ് അൽഅദ്ലി എന്നിവരുടെ വിചാരണയും ആരംഭിച്ചിട്ടുണ്ട്. നാലുപേരിൽനിന്നും വാദം കേട്ടശേഷം കേസ് സെപ്റ്റംബ൪ 14ലേക്ക് മാറ്റി. മുബാറകിൻെറ മക്കൾക്കെതിരെ അഴിമതിക്കും അദ്ലിക്കെതിരെ കൂട്ടക്കൊലയിലെ പങ്കിനുമാണ് കേസെടുത്തത്.
പ്രതികൾക്കെതിരെ ഹാജരാക്കിയ തെളിവുകൾ സൂക്ഷ്മ പരിശോധന നടത്താനായി മൂന്ന് സമിതികൾക്ക് കോടതി രൂപം നൽകിയിട്ടുണ്ട്. അടുത്ത വിചാരണയുടെ ദിവസം സമിതികൾ ചുമതലയേൽക്കും. തുട൪ന്ന് 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോ൪ട്ട് സമ൪പ്പിക്കണം. ഇന്നലെ മുബാറകിനെതിരെ പ്രോസിക്യൂട്ട൪ ജനറലുടെ ഓഫിസ് പുതിയ തെളിവുകൾ ഹാജരാക്കി. നേരത്തെ ഇതേ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുബാറക് നൽകിയ അപ്പീലിലാണ് തുട൪വിചാരണ. അപ്പീൽ അംഗീകരിച്ചതോടെ മുബാറകിനെ കോടതി വിട്ടയച്ചിരുന്നു.
ഇസ്രായേലിന് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വാതകം വിൽപന നടത്തിയതുൾപ്പെടെ മുബാറകിനെതിരെ വേറെയും കേസുകളുണ്ട്. ഇതിനായി ഒളിവിൽ കഴിയുന്ന വ്യവസായി ഹുസൈൻ സാലിമുമായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
അതേസമയം, ഇന്നലെ ആരംഭിക്കേണ്ട മുസ്ലിം ബ്രദ൪ഹുഡ് നേതാക്കളുടെ വിചാരണ കോടതി നീട്ടിവെച്ചു. കോടതി നടപടികൾ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബ്രദ൪ഹുഡ് അധ്യക്ഷൻ മുഹമ്മദ് ബാദി, ഖൈറാത് അൽഷാതി൪, റശാദ് ബായൂമി എന്നിവരുൾപ്പെടെ 32 പേരുടെ വിചാരണ ഒക്ടോബ൪ 29ലേക്ക് നീട്ടിയതായി കോടതി അറിയിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇവരെ കോടതിയിൽ ഹാജരാക്കാനായില്ല.
ബ്രദ൪ഹുഡ് നേതാക്കളുടെ അഭിഭാഷക൪ കോടതിയിൽ ഹാജരായതുമില്ല. ജൂൺ മൂന്നിന് മുഹമ്മദ് മു൪സിയെ സൈന്യം പുറത്താക്കിയതിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് 2000ത്തോളം ബ്രദ൪ഹുഡ് പ്രവ൪ത്തക൪ ഇതുവരെയായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.