ചെന്നൈ: കൂടങ്കുളം ആണവനിലയത്തിനെതിരായ സമരം ശക്തമാക്കുമെന്ന് സമരസമിതി കൺവീന൪ എസ്.പി. ഉദയകുമാ൪. ആണവ നിലയം പ്രവ൪ത്തനമാരംഭിച്ചുവെങ്കിലും ജനം നിലയത്തെ അംഗീകരിക്കുകയോ സമരം അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ല. സമാധാന മാ൪ഗത്തിലൂടെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകും. സമരസമിതി ഉന്നയിച്ച പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാതെയാണ് പ്ളാൻറിൻെറ പ്രവ൪ത്തനം.
സമരത്തിന് ഒരു തള൪ച്ചയുമില്ലെന്ന് പ്രദേശം സന്ദ൪ശിക്കുന്നവ൪ക്ക് ബോധ്യമാവും. പക്ഷേ, അക്രഡിറ്റേഷനുള്ള വിദേശ മാധ്യമപ്രവ൪ത്തക൪ക്കടക്കം ഇടിന്തകരയിലേക്ക് പ്രവേശം തടഞ്ഞിരിക്കുകയാണ്. ഈ അടുത്ത് ദൽഹിയിൽനിന്നെത്തിയ രണ്ട് മാധ്യമപ്രവ൪ത്തക൪ക്ക് അധികൃത൪ അനുമതി നിഷേധിച്ചു. സമരക്കാ൪ക്കെതിരെ രാജ്യദ്രോഹമടക്കം ഗുരുതരമായ വകുപ്പുകൾ ചേ൪ത്ത് 3250 ഓളം കേസുകളാണ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് അവസാനത്തോടെ ആദ്യ റിയാക്ടറിൽ 400 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവുമെന്ന് കൂടങ്കുളം ആണവനിലയം ഡയറക്ട൪ ആ൪.എസ്.സുന്ദ൪ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിയാക്ടറിൻെറ 50 ശതമാനം ശേഷി ഉപയോഗിക്കുന്നതിനുള്ള അനുമതി കഴിഞ്ഞദിവസം ആണവോ൪ജ നിയന്ത്രണബോ൪ഡ് നൽകി. സുരക്ഷാ അവലോകനത്തിനായുള്ള ഉപദേശകസമിതി നൽകിയ ശിപാ൪ശയുടെ അടിസ്ഥാനത്തിലാണിത്. രണ്ടാമത്തെ ആണവറിയാക്ട൪ ആറുമാസത്തിനുള്ളിൽ പ്രവ൪ത്തനക്ഷമമാവുമെന്നാണ് കരുതുന്നതെന്നും സുന്ദ൪ പറഞ്ഞു.
കൂടങ്കുളം പദ്ധതിയുടെ നി൪മാണച്ചെലവ് 13,171 കോടി രൂപയിൽനിന്ന് 17,200 കോടി രൂപയായി ഉയ൪ന്നിട്ടുണ്ട്. ഇത് വൈദ്യുതിവിലയിൽ പ്രതിഫലിക്കും. കൂടങ്കുളത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരു യൂനിറ്റിന് മൂന്നരരൂപയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.