നവംബറില്‍ മേയര്‍ പദവി കൈമാറ്റമെന്ന് ഐ ഗ്രൂപ്പ്; അപ്പോള്‍ നോക്കാമെന്ന് മേയര്‍

തൃശൂ൪: കെ.വി. ദാസൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ച പശ്ചാത്തലത്തിൽ മേയ൪ പദവിയിൽ നിന്ന് നവംബ൪ ഒന്നിന് ഐ.പി. പോൾ രാജിവെക്കുമെന്ന് ‘എ’ഗ്രൂപ്പ്. എന്നാൽ, നവംബ൪ ആയശേഷം പാ൪ട്ടിയും ഗ്രൂപ്പ് പ്രവ൪ത്തകരും പറയുന്നതനുസരിച്ച് തീരുമാനിക്കുമെന്ന് ഐ.പി. പോൾ. ഇതോടെ മേയ൪ പദവി മാറ്റത്തെ ചൊല്ലി വീണ്ടും കോൺഗ്രസിൽ പിരിമുറുക്കമായി.
രണ്ടരകൊല്ലം കഴിഞ്ഞാൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഐ ഗ്രൂപ്പിന് നൽകണമെന്ന ധാരണപ്രകാരമണ് ‘എ’ ഗ്രൂപ്പുകാരനായ ദാസൻെറ രാജി. കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ടുയ൪ന്ന വിവാദം ഉണ്ടാക്കിയ സംഘ൪ഷത്തിൻെറ പശ്ചാത്തലത്തിൽ പദവികൾ വിട്ടുകൊടുക്കേണ്ടെന്ന് ഐ ഗ്രൂപ്പിൽ ധാരണയായിരുന്നു. ഐ ഗ്രൂപ്പുകാരനായ ഐ.പി. പോൾ രണ്ടരവ൪ഷം കഴിഞ്ഞാൽ മേയ൪ പദവി രാജിവെക്കണമെന്ന ‘എ’ ഗ്രൂപ്പിൻെറ ആവശ്യം അംഗീകരിച്ചില്ല. മൂന്നു വ൪ഷത്തേക്കാണ് ധാരണയെന്നായിരുന്നു ‘ഐ’ ഗ്രൂപ്പിൻെറ വാദം.
ത൪ക്കത്തിൽ ചെന്നിത്തലയും ജില്ലയുടെ ചുമതലയുള്ള ‘എ’ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാനും ഇടപെട്ടിരുന്നു. തുട൪ന്ന് ദാസൻ രാജി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇപ്പോൾ രാജിവെക്കേണ്ടെന്ന് ‘എ’ ഗ്രൂപ്പുകാരനായ ഡി.സി.സി പ്രസിഡൻറ് ഒ. അബ്ദുറഹ്മാൻകുട്ടി നി൪ദേശിച്ചു. തുട൪ന്ന് മുൻ ധാരണയനുസരിച്ചുള്ള രണ്ടര കൊല്ലം കാലാവധി കഴിഞ്ഞ് മുന്നു മാസമായപ്പോഴാണ് ദാസൻ രാജിവെച്ചത്.
കോൺഗ്രസ് നേതൃത്വത്തിൻെറ നി൪ദേശപ്രകാരം മന്ത്രി സി.എൻ. ബാലകൃഷ്ണനും ഡി.സി.സി പ്രസിഡൻറും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ദാസൻ രാജിവെച്ചതെന്ന് ‘എ’ വിഭാഗം പറയുന്നു. ഇതേ ധാരണയനുസരിച്ച് മൂന്ന് കൊല്ലം പൂ൪ത്തിയാക്കുന്ന നവംബ൪ ഒന്നിന് ഐ.പി. പോൾ മേയ൪ സ്ഥാനം രാജിവെക്കണമെന്നാണ് ‘എ’ കാരുടെ ഇപ്പോഴത്തെ ആവശ്യം. ഇതേ കുറിച്ച് ചോദിച്ചപ്പോൾ കാലാവധി കഴിഞ്ഞ് മൂന്നു മാസം കൂടി കഴിഞ്ഞല്ലെ ദാസൻ രാജിവെച്ചത് നവംബ൪ ആകട്ടെ, അപ്പോൾ നോക്കാമെന്നായിരുന്നു പോളിൻെറ പ്രതികരണം. ഐ ഗ്രൂപ്പും തന്നെ പിന്തുണക്കുന്ന കൗൺസില൪മാരും പറയുന്നതിനനുസരിച്ച് ഭാവി തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ഐ.പി. പോൾ. 55 അംഗ കൗൺസിലിൽ ഭരണകക്ഷിയിലെ ഭൂരിഭാഗം പേരും തന്നെ പിന്തുണക്കുന്നവരാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.