വെങ്ങോല (പെരുമ്പാവൂ൪): വെങ്ങോലയിൽ ക്വാറിയിലേക്ക് കൂറ്റൻ പാറ അട൪ന്നുവീണ് കരാറുകാരൻ ഉൾപ്പെടെ നാലുപേരെ കാണാതായി. രണ്ടുപേ൪ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെങ്ങോല വില്ലേജ് ഓഫിസിന് സമീപം ഇലവുംകുടി രാജൻെറ ഉടമസ്ഥതയിലുള്ള രാജ ഗ്രാനൈറ്റ്സിൽ ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് നാടിനെ നടുക്കിയ ദുരന്തം. ബുധനാഴ്ച രാവിലെയും കുടുങ്ങിയവരെ കണ്ടെത്താൻ ക്വാറി ജീവനക്കാരുടെയും ഫയ൪ഫോഴ്സിൻെറയും നേതൃത്വത്തിൽ രക്ഷാപ്രവ൪ത്തനങ്ങൾ തുടരുകയാണ്.
പാറ പൊട്ടിക്കുന്നതിനിടെ 250 അടി മുകളിൽനിന്ന് കടുപ്പം കുറഞ്ഞ പാറ അട൪ന്ന് താഴേക്ക് പതിക്കുകയായിരുന്നു. ക്വാറി കരാ൪ എടുത്ത് നടത്തുന്ന മുഴുവന്നൂ൪ ഈരോത്ത് സന്തോഷ് (42), ജോലിക്കാരായ ചെറുകരകുടി വിജയൻ (47), വീടൂ൪ കല്ലറക്കുടി മോഹനൻ (49), ഒറീസ സ്വദേശി രമാകാന്ത് (റോമ-25) എന്നിവരെയാണ് കാണാതായത്. ബ്രേക്ക൪ ഓപറേറ്റ൪ മണീട് കല്ലുംകൂട്ടത്തിൽ രാജുവ൪ഗീസ് (39), ഒറീസ സ്വദേശി ഷീബു (20) എന്നിവ൪ക്കാണ് പരിക്കേറ്റത്.
അപകടത്തെതുട൪ന്ന് ക്വാറിയുടെ ലൈസൻസ് ജില്ലാ കലക്ട൪ റദ്ദാക്കി. 2014 ജനുവരി വരെ ജിയോളജി വകുപ്പിൻെറ ലൈസൻസ് ഉണ്ടെങ്കിലും അനുമതി നൽകിയ സ്ഥലത്തല്ല ഖനനം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായിരുന്നു ഖനനമെന്ന് ആ൪.ഡി.ഒയും വ്യക്തമാക്കി. 20 വ൪ഷം മുമ്പ് ഖനനത്തിന് അനുമതി നിഷേധിച്ച സ്ഥലത്തായിരുന്നു പാറ പൊട്ടിച്ചിരുന്നത്. പാറ പൊട്ടിക്കാൻ ജിയോളജി വകുപ്പും പഞ്ചായത്തും അനുമതി നൽകിയ സ്ഥലത്തിന് എതി൪വശത്തുള്ള സ്ഥലത്ത് നിന്നായിരുന്നു ഇവ൪ പാറ പൊട്ടിച്ചിരുന്നത്. അരയേക്ക൪ സ്ഥലത്തുനിന്ന് മാത്രമാണ് ഖനനത്തിന് അനുമതി നൽകിയിരുന്നതെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥ൪ വ്യക്തമാക്കി. അപകടത്തിൻെറ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ മറ്റ് ക്വാറികളുടെ പ്രവ൪ത്തനം പരിശോധിക്കാൻ പ്രത്യേക സംഘത്തിന് രൂപംനൽകുമെന്ന് സ്ഥലം സന്ദ൪ശിച്ച ജില്ലാ കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.