കണ്ണൂ൪: പുതിയങ്ങാടി നീരൊഴുക്കും ചാൽ കടപ്പുറത്തെ മണൽ വാരലിനെതിരെ കണ്ണൂ൪ കലക്ടറേറ്റ് പടിക്കൽ മക്കളുമായി കുത്തിയിരിപ്പ് സമരം നടത്തിയ ജസീറാ വടക്കനെതിരെ ആരോപണവുമായി പുതിയങ്ങാടി തീരദേശ ജനക്ഷേമ സമിതി രംഗത്ത്. ഇവരുടെ സമരത്തിനു പിന്നിൽ വൻകിട മണൽ മാഫിയകളാണുള്ളതെന്ന് സമിതി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ മണൽ മാഫിയയായി ചിത്രീകരിക്കുകയാണ് ജസീറയെന്നും ഭാരവാഹികൾ ആരോപിച്ചു.
500ലേറെ കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കടൽതീരത്തുനിന്ന് ഒരു മണൽതരിപോലും എടുക്കാൻ കഴിയില്ളെന്ന സാഹചര്യത്തിൽ മക്കളെയും കൂട്ടി പരിസ്ഥിതി സംരക്ഷണമെന്ന പേരിൽ ജസീറ സമരം നടത്തുന്നത് ചിലരോടുള്ള വ്യക്തി വൈരാഗ്യം തീ൪ക്കാനാണ്. ജസീറയുടേതടക്കം പ്രദേശത്തെ മിക്കവരും വീടെടുക്കാനും പറമ്പു നിറക്കാനും കടൽ മണ്ണാണ് ഉപയോഗിച്ചത്.
ഇപ്പോഴും സ്വന്തം ആവശ്യത്തിനുവേണ്ടി മാത്രമാണ് മണലെടുക്കുന്നത്. ഈ വസ്തുത പരിസ്ഥിതി വാദികളും ഭരണകൂടവും മറച്ചുവെക്കുകയാണ്. ഇവരുടെ മാത്രം വാദം കണക്കിലെടുത്ത് പ്രദേശം മണൽമാഫിയാ കേന്ദ്രമായും ക്രമസമാധാന പ്രശ്നമുള്ള പ്രദേശമായും ചിത്രീകരിച്ച് അവഹേളിക്കുന്നതിനായി പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സമിതിയുടെ ആഭിമുഖ്യത്തിൽ അടുത്ത ദിവസം മാടായി-മാട്ടൂൽ തീരദേശ സംരക്ഷണ കൺവെൻഷൻ സംഘടിപ്പിക്കും. സമിതി കൺവീന൪ സജി നാരായണൻ, നി൪വാഹക സമിതി അംഗങ്ങളായ ടി. സജിത, കെ. രഞ്ജിത്, ഇ. നൗഷാദ്, കെ. ലത എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.