പാലക്കാട്: നെല്ലിയാമ്പതിയിൽ പാട്ടക്കരാ൪ ലംഘിച്ച എസ്റ്റേറ്റുകൾക്കെതിരെ വനം വകുപ്പ് കൈകൊണ്ട നടപടികൾ സാധൂകരിച്ച് വിജിലൻസ് അന്വേഷണ റിപ്പോ൪ട്ട്. സ൪ക്കാ൪ പാട്ടത്തിന് നൽകിയ നാല് എസ്റ്റേറ്റുകൾ കൈമാറ്റം ചെയ്തത് കരാ൪ വ്യവസ്ഥയും കേന്ദ്ര വന സംരക്ഷണ നിയമവും ലംഘിച്ചാണെന്ന് വിജിലൻസ് കണ്ടെത്തി.
എസ്റ്റേറ്റുകാരുടെ നിയമ വിരുദ്ധ നടപടികൾക്ക് ഒത്താശ ചെയ്യുന്ന വിധത്തിൽ ധനമന്ത്രി കെ.എം. മാണിയും സ൪ക്കാ൪ ചീഫ് വിപ്പ് പി.സി. ജോ൪ജും വഴിവിട്ടു പ്രവ൪ത്തിച്ചുവെന്നതിന് തെളിവുകൾ ഇല്ലെന്നും തൃശൂ൪ വിജിലൻസ് കോടതിയുടെ ഉത്തരവ് പ്രകാരം അന്വേഷണം നടത്തിയ പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി എം.കെ. ഗോപാലകൃഷ്ണൻ നൽകിയ റിപ്പോ൪ട്ടിൽ പറയുന്നു.
വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിച്ച അന്വേഷണ റിപ്പോ൪ട്ട് സൂക്ഷ്മ പരിശോധനക്ക് ശേഷം തൃശൂരിലെ കോടതിയിൽ സമ൪പ്പിക്കും.
നെല്ലിയാമ്പതി എസ്റ്റേറ്റുകളുടെ പാട്ടക്കരാ൪ ലംഘനവുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോ൪ജിനെ ഒന്നും ധന-നിയമ മന്ത്രി കെ.എം. മാണിയെ രണ്ടും പ്രതികളാക്കി തൃശൂരിലെ മലയാളവേദി പ്രസിഡൻറ് ജോ൪ജ് വട്ടുക്കുളം സമ൪പ്പിച്ച ഹരജിയിലെ ഉത്തരവ് പ്രകാരമായിരുന്നു അന്വേഷണം.
വ്യാജ രേഖകൾ ഹാജരാക്കി ബാങ്കുകളിൽ നിന്ന് വൻതുക വായ്പ എടുത്തതിന് സി.ബി.ഐ അന്വേഷണം നേരിടുന്ന മീരാ ഫ്ളോ൪സ് (486.63 ഏക്ക൪), ചെറുനെല്ലി (278.80 ഏക്ക൪) എന്നീ എസ്റ്റേറ്റുകളും ഹരജിയിൽ പ്രതിസ്ഥാനത്തുള്ള രാജാക്കാട് (246 ഏക്ക൪), മങ്ക്വുഡ് (242 ഏക്ക൪) എന്നിവയും പല൪ക്കായി കൈമാറ്റം ചെയ്യപ്പെട്ടത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നാണ് വിജിലൻസ് കണ്ടെത്തൽ. പാട്ടക്കരാ൪ വ്യവസ്ഥകൾ പാടെ ലംഘിച്ചതിന് വനം വകുപ്പ് നേരത്തെ ഈ എസ്റ്റേറ്റുകൾക്കെതിരെ നടപടി തുടങ്ങിയിരുന്നു. മീരാ ഫ്ളോ൪സ് എസ്റ്റേറ്റ് സ൪ക്കാ൪ കൈവശക്കാരിൽ നിന്ന് തിരിച്ച് പിടിച്ചു.
മറ്റ് മൂന്ന് എസ്റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും കൈവശക്കാ൪ ഹൈകോടതിയിൽ നിന്ന് സ്റ്റേ കരസ്ഥമാക്കിയതിനാൽ ഏറ്റെടുക്കൽ നടന്നില്ല.
ഒരുമാസത്തെ സാവകാശം നൽകാതെ എസ്റ്റേറ്റുകൾ ഏറ്റെടുക്കാനാവില്ലെന്ന് ഹൈകോടതി ഉത്തരവിടുകയും ചെയ്തു. ഇതുസംബന്ധിച്ച കേസുകൾ തുടരുകയാണ്.
സ൪ക്കാറിൻെറ ഏറ്റെടുക്കൽ നടപടികൾക്കെതിരെ എസ്റ്റേറ്റ് ലോബി നടത്തിയ സമ്മ൪ദത്തെ തുട൪ന്ന് ഇതേക്കുറിച്ച് പരിശോധിക്കാൻ യു.ഡി.എഫ് ഉപസമിതിയെ ചുമതലപ്പെടുത്തിയത് ഏറെ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.