തിരുവനന്തപുരം: സോളാ൪ തട്ടിപ്പു കേസിൽ നടി ശാലുമേനോനെ പൊലീസ് അറസ്റ്റ് ചെയ്തത് ഗത്യന്തരമില്ലാതെ. പൊലീസിൻെറ ഈ നടപടി വിവാദങ്ങൾക്കിടയിൽ ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണന് മുഖം രക്ഷിക്കാൻ സഹായകവുമായി. സരിതനായരുടെ ഫോൺവിളി സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുപോയത് തിരുവഞ്ചൂരിൻെറ അറിവോടെയാണെന്ന ആരോപണം ശക്തമായി നിൽക്കെയാണ് നേരത്തെ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ ശാലുവിനെ അറസ്റ്റ് ചെയ്തത്.
ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാൻ അനുവദിച്ചുവെന്ന കുറ്റത്തിന് ശാലുവിനെ നേരത്തെതന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ, മൊഴി രേഖപ്പെടുത്തി അവരെ വിട്ടയക്കുകയായിരുന്നു പൊലീസ്. ടീം സോളാറിൻെറ മറവിൽ നടന്ന ഒരു കോടി രൂപയിലധികം വരുന്ന രണ്ട് തട്ടിപ്പ് കേസുകൾ തമ്പാനൂ൪ പൊലീസ് രജിസ്റ്റ൪ ചെയ്തുവെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തമ്പാനൂ൪ പൊലീസ് രജിസ്റ്റ൪ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവും ശക്തമായിരുന്നു.
സ്വിസ് സോളാ൪ എന്ന തൻെറ സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ശാലുമേനോനെന്ന് ബിജു പരിചയപ്പെടുത്തിയിരുന്നതായി അവിടത്തെ ജീവനക്കാരും പരാതിക്കാരും ആരോപിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഒരന്വേഷണവും പൊലീസ് നടത്തിയില്ല.
തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നിഷേധിച്ച ശാലുവാകട്ടെ താൻ ഒളിവിൽ പോകണ്ട കാര്യമില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പൊലീസ് ഇവ൪ക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കിയില്ല. രാഷ്ട്രീയ ഭേദമന്യേ ഇവ൪ക്കുണ്ടായിരുന്ന ഉന്നത ബന്ധങ്ങളായിരുന്നു ശാലുവിനെതിരായ നടപടികൾക്ക് തടസ്സമായി നിലകൊണ്ടതും. എന്നാൽ, ദിവസങ്ങൾക്കുമുമ്പ് ശാലുവിൻെറ ഗൃഹപ്രവേശചടങ്ങിൻെറ ഫോട്ടോകൾ പുറത്തുവന്നതോടെയാണ് വിഷയം സങ്കീ൪ണമായത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവ൪ ഈ ചടങ്ങിൽ പങ്കെടുത്തുവെന്നും അതിനാലാണ് ശാലുവിനെതിരെ നടപടിയുണ്ടാകാത്തതെന്നും ആരോപണം ശക്തമായി.
അതിനിടെ കഴിഞ്ഞദിവസം തൃശൂരിൽ ശാലുവിനെതിരെ കേസെടുത്തതോടെയാണ് അറസ്റ്റ് അനിവാര്യമായ ത്. ബിജുവിനെ രക്ഷപ്പെടാൻ അനുവദിച്ചുവെന്ന പൊതുതാൽപര്യ ഹരജിയിലാണ് കേസെടുത്തത്.
വിഷയം രൂക്ഷമാകുമെന്ന് വ്യക്തമായതോടെ നേരത്തെ വിവരം അറിയിച്ചശേഷം ശാലുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചങ്ങനാശേരി പൊലീസ് എത്തുമ്പോൾ അവ൪ക്കൊപ്പം പോകാൻ തയാറായി തന്നെയാണ് ശാലുനിന്നത്. കസ്റ്റഡിയിൽ എടുത്ത അവരെ സ്വന്തം കാറിൽ തിരുവനന്തപുരത്തെത്താൻ അനുവദിച്ചതും പുതിയ വിവാദത്തിന് തിരികൊളുത്തി. നിയമസഭാസമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെ ഈ അറസ്റ്റ് പ്രതിപക്ഷാരോപണങ്ങിൽ നിന്നുള്ള ആശ്വാസമാകും. എന്നാൽ, തട്ടിപ്പുകേസിൽ ഒളിവിൽ പോയ ഇൻഫ൪മേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് മുൻ ഡയറക്ട൪ ഫിറോസിനെ പിടികൂടാൻ കഴിഞ്ഞില്ലെന്നതും ഒരു വശത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.