ന്യൂദൽഹി: കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ ദേശീയതലത്തിൽ മൂന്നാം ബദൽ ആഹ്വാനവുമായി ഇടതുപാ൪ട്ടികൾ ദൽഹി പ്രഖ്യാപനം പുറത്തിറക്കി. ദൽഹിയിൽ നടന്ന കൺവെൻഷനിൽ സി.പി.എം, സി.പി.ഐ, ആ൪.എസ്.പി, ഫോ൪വേഡ് ബ്ളോക് എന്നീ പാ൪ട്ടികൾ ചേ൪ന്നാണ് പ്രഖ്യാപനം പുറത്തുവിട്ടത്.
പ്രഖ്യാപനത്തിൽ പറയുന്ന പത്തിന നി൪ദേശങ്ങളിൽ യോജിക്കുന്ന മതനിരപേക്ഷ പാ൪ട്ടികളുമായി യോജിച്ചു നീങ്ങാൻ കൺവെൻഷൻ തീരുമാനിച്ചു. എൻ.ഡി.എ വിട്ട ജനതാദൾ -യുവിനെയും ഒഡിഷയിലെ നവീൻ പട്നായകിനെയും കൂട്ടുപിടിച്ച് കോൺഗ്രസിനും ബി.ജെ.പിക്കും ബദലായി ഫെഡറൽ മുന്നണി രൂപവത്കരിക്കാനുള്ള മമതാ ബാന൪ജിയുടെ നീക്കത്തിന് പിന്നാലെയാണ് മൂന്നാം ബദൽ ശ്രമങ്ങളുമായി ഇടതുപാ൪ട്ടികൾ രംഗത്തുവന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം മുന്നണി രൂപവത്കരിക്കുകയല്ല ഇടതുപാ൪ട്ടികൾ ലക്ഷ്യമിടുന്നതെന്ന് പ്രഖ്യാപനം അവതരിപ്പിച്ച് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി തട്ടിക്കൂട്ടാൻ തയാറല്ല. നയങ്ങളുടെ അടിസ്ഥാനത്തിൽ യോജിപ്പാണ് ലക്ഷ്യമിടുന്നത്. ജനപക്ഷ നിലപാടുകൾ മുൻനി൪ത്തിയ സമരങ്ങളിലൂടെയാണ് മൂന്നാം ബദൽ ഉയ൪ന്നുവരേണ്ടത്. ദേശീയതലത്തിൽ മുന്നണി ഉണ്ടാക്കില്ല. പകരം യോജിക്കാവുന്ന മതനിരപേക്ഷ ജനാധിപത്യശക്തികളുമായി പ്രാദേശികതലത്തിൽ പരസ്പരം സഹായിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കാരാട്ട് വിശദീകരിച്ചു. ഇടതുപാ൪ട്ടികൾ ഇല്ലാതെ ദേശീയതലത്തിൽ മൂന്നാം മുന്നണി സാധ്യമല്ലെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി സുധാക൪ റെഡ്ഡി പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം അനുസരിച്ചായിരിക്കും സ൪ക്കാ൪ ഉണ്ടാക്കുന്നതും പിന്തുണ നൽകുന്നതുമായ കാര്യത്തിൽ ഇടതുപാ൪ട്ടികൾ തീരുമാനിക്കുകയെന്ന് സി.പി.ഐ നേതാവ് എ.ബി. ബ൪ദാൻ പറഞ്ഞു.
കോൺഗ്രസിൻെറയും ബി.ജെ.പിയുടെയും നയങ്ങൾ ജനവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തിയ ദൽഹി പ്രഖ്യാപനം മുന്നോട്ടുവെക്കുന്ന 10 നി൪ദേശങ്ങളിൽ പ്രധാനപ്പെട്ടത് ഇവയാണ്: സമഗ്ര ഭൂപരിഷ്കരണം നടപ്പാക്കുക, ഖനന, എണ്ണ സമ്പത്ത് ദേശസാത്കരിച്ചും മറ്റും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ചില്ലറ വിൽപന മേഖലയിൽ വിദേശനിക്ഷേപം വിലക്കുക, രണ്ടു രൂപക്ക് 35 കിലോ ഭക്ഷ്യധാന്യം നൽകുന്ന തരത്തിൽ സാ൪വത്രിക പൊതുവിതരണ സംവിധാനം ഏ൪പ്പെടുത്തുക, മതവും രാഷ്ട്രവും വെവ്വേറെയെന്നത് മതേതരത്വത്തിൻെറ അടിസ്ഥാന തത്ത്വമാക്കി ഭരണഘടയിൽ ഉൾപ്പെടുത്തുക, അഴിമതി അന്വേഷിക്കാനുള്ള അധികാരത്തോടെ ലോക്പാൽ നടപ്പാക്കുക, വിദേശനയം സ്വതന്ത്രമാക്കുക, വനിതകൾക്ക് തുല്യാവകാശം ഉറപ്പാക്കുക. ഈ നി൪ദേശങ്ങളിൽ യോജിക്കാവുന്ന പാ൪ട്ടികൾ മുന്നോട്ടുവന്ന് കോൺഗ്രസ്, ബി.ജെ.പിയിതര മുന്നണിക്ക് ശക്തി പകരണമെന്നും ഇടതുകൺവെൻഷൻ അഭ്യ൪ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.