ബംഗളൂരു: മുൻനേതാവ് യെദിയൂരപ്പ ബി.ജെ.പിയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത ബലപ്പെടുന്നു. ശനിയാഴ്ച ചേ൪ന്ന ബി.ജെ.പി കോ൪കമ്മിറ്റി യോഗത്തിനുശേഷം ബി.ജെ.പിയിലേക്ക് യെദിയൂരപ്പയെ തിരിച്ചെടുക്കാൻ താൽപര്യമുണ്ടെന്ന് സംസ്ഥാന നേതാക്കൾ കേന്ദ്രനേതാക്കളുമായി സംസാരിച്ചു. നിബന്ധനകൾ ഇരുവ൪ക്കും ഗുണകരമാകുന്ന തരത്തിലാണെങ്കിൽ തിരിച്ചുവരാമെന്നാണ് സംസ്ഥാന ഘടകത്തിൻെറ നിലപാടെന്നാണ് അണിയറവൃത്തങ്ങൾ പറയുന്നത്.
2014ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി യെദിയൂരപ്പ ബി.ജെ.പിയിലേക്ക് തിരിച്ചെത്താനാണ് സാധ്യത.
പരസ്പരമല്ലാതെ യെദിയൂരപ്പക്കും ബി.ജെ.പിക്കും നിലനിൽക്കാൻ സാധ്യമല്ലെന്ന് ഇരു വിഭാഗവും മനസ്സിലാക്കിയിട്ടുണ്ടെന്ന് മുതി൪ന്ന ബി.ജെ.പി നേതാവ് പറഞ്ഞു. സംസ്ഥാന ഘടകത്തിൽ ചില നേതാക്കളൊഴികെ എല്ലാവരും യെദിയൂരപ്പയുടെ തിരിച്ചുവരവിനെ അനുകൂലിക്കുന്നവരാണ്.
യെദിയൂരപ്പയില്ലെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച 19 സീറ്റിൽനിന്ന് വൻതിരിച്ചടി നേരിടുമെന്നാണ് അനുകൂലിക്കുന്നവ൪ കരുതുന്നത്. യെദിയൂരപ്പയുടെ സമ്മതം ലഭിച്ചാൽ അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നതിനുള്ള ഔദ്യാഗിക നീക്കങ്ങൾ ആരംഭിക്കും. എച്ച്.എൻ. അനന്ത്കുമാറിൻെറയും പാ൪ട്ടി സംസ്ഥാന പ്രസിഡൻറ് പ്രഹ്ളാദ് ജോഷിയുടെയും നേതൃത്വത്തിലുള്ള ഒരു സംഘമാണ് യെദിയൂരപ്പയുടെ തിരിച്ചുവരവിനെ ശക്തമായി എതി൪ക്കുന്നത്. എന്നാൽ, മുൻ മുഖ്യമന്ത്രിമാരായ സദാനന്ദ ഗൗഡയും ജഗദീഷ് ഷെട്ടറും യെദിയൂരപ്പയെ തിരിച്ചെത്തിച്ച് ലിംഗായത്ത് സമുദായത്തിൻെറ വിശ്വാസം നേടിയെടുക്കണമെന്ന അഭിപ്രായമുള്ളവരാണ്. കേന്ദ്ര നേതൃത്വത്തിൽ എൽ.കെ. അദ്വാനി, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവരാണ് യെദിയൂരപ്പയുടെ വരവിനെ എതി൪ക്കുന്നത്. എങ്കിലും പാ൪ട്ടി ദേശീയ അധ്യക്ഷൻ രാജ്നാഥ് സിങ്, നരേന്ദ്ര മോഡി, അരുൺ ജെയ്റ്റ്ലി, നിതിൻ ഗഡ്കരി എന്നിവ൪ യെദിയൂരപ്പയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്നവരാണ്.
ശനിയാഴ്ച ചേ൪ന്ന ബി.ജെ.പി കോ൪കമ്മിറ്റി യോഗത്തിൽ യെദിയൂരപ്പ പാ൪ട്ടിവിട്ട് പോയതാണെന്നും താൽപര്യം പ്രകടിപ്പിച്ചാൽ തിരിച്ചു വരാമെന്നും സംസ്ഥാന ചുമതലയുള്ള തവാ൪ ചന്ദ് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.