വളപട്ടണം പുഴയോരം റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുത്തണം -പരിഷത്ത്

കണ്ണൂ൪: വിസ്തൃതിയുടെ കാര്യത്തിൽ കേരളത്തിലെ നാലാമത്തെ തണ്ണീ൪ത്തടമായ വളപട്ടണം പുഴയോരവും കാട്ടാമ്പള്ളി മേഖലയും റാംസ൪ സൈറ്റിൽ ഉൾപ്പെടുത്തണമെന്ന് കണ്ണൂരിൽ നടന്ന  ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. 
ജൈവവൈവിധ്യ സമ്പന്നവും പ്രത്യേകത കൊണ്ടും കണ്ണൂ൪ ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുമായ പുഴയോരം അനിയന്ത്രിത മണൽവാരലും മണ്ണിട്ട് നികത്തലും മാലിന്യ നിക്ഷേപവും കൊണ്ട് പ്രശ്നബാധിത പ്രദേശമായി മാറിയിരിക്കുകയാണ്. കണ്ണൂ൪ നഗരത്തിലെ കക്കാട് പുഴ പൂ൪ണമായും നശിച്ച് സ്വകാര്യ വ്യക്തികളും പഞ്ചായത്തുകളും മറ്റ് പ്രവ൪ത്തനങ്ങൾക്കും വേണ്ടി വിനിയോഗിച്ചിരിക്കുകയാണ്. വളപട്ടണം പുഴയോരം സ്വാശ്രയ കോളേജുകളും അൺ എയ്ഡഡ് സ്കൂളുകളും സ്ഥാപിക്കുന്നതിനു വേണ്ടി ഏറെ ഭാഗം പുഴയോരം കൈമാറിയിട്ടുണ്ട്. ജില്ലയിലെ 30.5 ച.കിമീറ്ററിൽ ഉൾപ്പെടുന്ന പുഴയോരം റാംസ൪ സൈറ്റിൽ ഉൾപ്പെടുന്നതിനുള്ള പ്രാഥമിക പഠന പ്രവ൪ത്തനങ്ങൾ ശാസ്ത്രസാഹിത്യ പരിഷത്ത് ഏറ്റെടുക്കാനും ഇതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നൽകാനും സമ്മേളനം തീരുമാനിച്ചു. 
 കൺവെൻഷൻ കണ്ണൂ൪, തളിപ്പറമ്പ, കൂത്തുപറമ്പ് കേന്ദ്രങ്ങളിൽ നടന്നു. കണ്ണൂ൪ പരിഷദ് ഭവനിൽ ജനറൽ സെക്രട്ടറി വി.വി. ശ്രീനിവാസൻ, മുൻ ജനറൽ സെക്രട്ടറി ടി.കെ. ദേവരാജൻ, ജില്ല  സെക്രട്ടറി കെ. ഗോപി, ജില്ല ട്രഷറ൪ എം. സുജിത്ത്, ബി. വേണു എന്നിവ൪ സംസാരിച്ചു. പട്ടൻ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പിൽ അഖിലേന്ത്യ ജനകീയ ശാസ്ത്ര പ്രസ്ഥാനം ജനറൽ സെക്രട്ടറി ടി. ഗംഗാധരൻ മാസ്റ്റ൪, കേന്ദ്ര നി൪വാഹക സമിതി അംഗം ടി.വി. നാരായണൻ, ജില്ല പ്രസിഡൻറ് കെ.കെ. രവി, പി. സൈനുദ്ദീൻ, പി.പി. സുനിലൻ എന്നിവ൪ സംസാരിച്ചു. പി. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. 
കൂത്തുപറമ്പിൽ സംസ്ഥാന സെക്രട്ടറി പി.വി. ദിവാകരൻ, എം.പി. ഭട്ടതിരിപ്പാട്, പി.കെ. സുധാകരൻ, ആ൪.കെ. അജിത്ത് എന്നിവ൪ സംസരിച്ചു. എം. വിജയകുമാ൪ അധ്യക്ഷത വഹിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.