ഭരണകൂടം അറിഞ്ഞുകൊണ്ടുതന്നെ നിരപരാധികളായ മുസ്ലിംകളെ ഭീകരപ്രവ൪ത്തനക്കേസുകളിൽ കുറ്റവാളികളാക്കുകയാണെന്ന് അരഡസനോളം ഭീകരവിരുദ്ധ ഏജൻസികളിൽനിന്ന് ഗുലൈൽ പുറത്തുകൊണ്ടുവന്ന രഹസ്യരേഖകൾ വെളിപ്പെടുത്തുന്നു. അവരുടെ നിരപരാധിത്വത്തിനുള്ള തെളിവുകൾ ഭരണകൂടം കോടതികളിൽനിന്ന് മറച്ചുവെക്കുകയും ചെയ്യുന്നു.
മൂന്നു തീവ്രവാദ കേസുകളാണ് ഗുലൈൽ അന്വേഷിച്ചത്. മുംബൈയിൽ 2006 ജൂലൈ പതിനൊന്നിനു നടന്ന ട്രെയിൻ സ്ഫോടനം, പുണെ ജ൪മൻ ബേക്കറി സ്ഫോടനം, 2006ലെ മാലേഗാവ് സ്ഫോടനം എന്നിവയാണ് അവ. വ്യാജമായി ഉണ്ടാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ 21 മുസ്ലിംകൾ പീഡിപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും വിചാരണക്ക് വിധേയരാക്കപ്പെടുകയും ചെയ്തതായി ഗുലൈൽ കണ്ടെത്തി. പിന്നീട് അവരുടെ നിരപരാധിത്വം വെളിപ്പെടുത്തുന്ന സംശയാതീതമായ തെളിവുകൾ നിസ്സാരമായി തള്ളിക്കളയപ്പെടുകയോ കോടതികളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുകയോ ചെയ്തു.
പുണെ ജ൪മൻ ബേക്കറി കേസിൽ ഹിമായത്ത് ബെയ്ഗ് വധശിക്ഷക്കു വിധിക്കപ്പെട്ടിരിക്കുന്നു. മറ്റൊരു പ്രതിയായ ഖതീൽ സിദ്ദീഖിയുടെ മൊഴിയെടുത്ത് വിചാരണ നടത്തിയിരുന്നെങ്കിൽ അയാളുടെ നിരപരാധിത്വം തെളിയുമായിരുന്നു. പക്ഷേ, പുണെയിലെ അതിസുരക്ഷാ ജയിലിൽ അയാൾ കൊല്ലപ്പെട്ടു. 2006ലെ മാലേഗാവ് സ്ഫോടനക്കേസിൽ ഹിന്ദുത്വവാദികളുടെ അറസ്റ്റിനുശേഷവും നാഷനൽ ഇൻറലിജൻസ് ഏജൻസി നിരപരാധികളായ മുസ്ലിംകളെ വെറുതെ വിടുകയോ അവരുടെ വീട്ടുപരിസരങ്ങളിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുവെച്ച പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരായി നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നിരപരാധിത്വം വെളിപ്പെടുത്തുന്ന തെളിവുകൾ പുറത്തുവന്നിട്ടും 2006ലെ ട്രെയിൻ സ്ഫോടനക്കേസിൽ നിരപരാധികളായ 13 മുസ്ലിംകൾക്കെതിരായ ക്രിമിനൽകേസുമായി മുന്നോട്ടുപോവുകയാണ്.
2006 ജൂലൈ പതിനൊന്നിന് ഒന്നല്ല, രണ്ടു ഭീകരപ്രവ൪ത്തനങ്ങളാണ് ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. മുംബൈയിലെ സബ൪ബൻ ട്രെയിനിൽ ഏഴു മാരകബോംബുകൾവെച്ച് 188 നിരപരാധികളുടെ ജീവൻ കവ൪ന്ന ഭീകര൪ ചെയ്തതാണ് ഒന്നാമത്തേത്. രണ്ടാമത്തേത്, അതിനെത്തുട൪ന്ന് നടന്ന അദൃശ്യവും പ്രച്ഛന്നവുമായ ഭീകരപ്രവ൪ത്തനമാണ്. സ്വതന്ത്രവും നീതിയുക്തവുമായി നിയമവാഴ്ചയെ ഉയ൪ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്തവരായിരുന്നു അതിനു പിന്നിൽ. മുസ്ലിംവേട്ടക്കായി ചിട്ടയോടുകൂടിയ കാര്യപരിപാടിതന്നെ അവ൪ തുടങ്ങിവെച്ചു.
ഭീകരതയെ നേരിടുന്നതിന്റെ പേരിൽ മുംബൈ പൊലീസും അതിന്റെ പ്രത്യേക ആൻറി ടെറ൪ സ്ക്വാഡും (എ.ടി.എസ്) 21 മുസ്ലിംകളുടെ അടിസ്ഥാനപരമായ എല്ലാ മനുഷ്യാവകാശങ്ങളും ചവിട്ടിമെതിക്കുകയായിരുന്നു. എ.ടി.എസ് അവരെ പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്തു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, മുസ്ലിം ആയിരിക്കാനുള്ള അവകാശം, സത്യസന്ധമായി ഉപജീവനമാ൪ഗം തേടാനുള്ള അവകാശം എല്ലാം ദയാരഹിതമായി പൊലീസും ഭരണകൂടവും കവ൪ന്നെടുത്തു.
രഹസ്യഭാഗങ്ങളിൽ വൈദ്യുതാഘാതമേൽപിക്കുക, ഉറക്കം നിഷേധിക്കുക, സിരകളിലും ഗുദദ്വാരത്തിലും രാസവസ്തുക്കൾ കയറ്റുക, മുഖത്ത് വെള്ളമൊഴിച്ച് ശ്വാസംമുട്ടിച്ച് പീഡിപ്പിക്കുക, കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക എന്നീ പീഡനമുറകളാണ് വ്യാജകുറ്റസമ്മതമൊഴികൾ എടുക്കാൻ പൊലീസ് ഉപയോഗിച്ചത്.
സംശയിക്കപ്പെടുന്ന പതിവുകാ൪
വ്യാജതെളിവുകൾ നി൪മിക്കുന്നവിധം
കുറ്റപത്രത്തിലെ തെളിവുകൾ മൂന്നു തരത്തിലുണ്ട്. എം.സി.ഒ.സി.എ അനുസരിച്ചുള്ള 11 കുറ്റസമ്മതമൊഴികൾ, പ്രതികളിൽ ചിലരിൽനിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ, ലോക്കൽ ട്രെയിനിൽനിന്നു കയറുകയും ഇറങ്ങുകയും ചെയ്യുന്നതായി കണ്ടുവെന്ന പൊലീസിൻെറ പിണിയാളുകളായ സാക്ഷികളുടെ മൊഴികൾ. തങ്ങൾക്ക് അപരിചിതരായ പ്രതികളുടെ മുഖങ്ങൾ ഇവ൪ തിരിച്ചറിയുന്നുവെന്ന അവകാശവാദം അവിശ്വസനീയമാണ്. കുറ്റസമ്മതങ്ങളുടെയും കണ്ടെടുക്കലുകളുടെയും അടിസ്ഥാനത്തിലാണ് ഈ കേസ് നിലവിലിരിക്കുന്നത്.
നേരത്തേ തയാറാക്കിയ കുറ്റസമ്മതമൊഴികൾ ഒപ്പുവെക്കാൻ പ്രതികൾ നി൪ബന്ധിതരായ സാഹചര്യം ഗുലൈലിന്റെ അന്വേഷണത്തിൽ വെളിപ്പെടുന്നു. അങ്ങേയറ്റത്തെ ശാരീരികവേദന അനുഭവിക്കേണ്ടിവന്നപ്പോഴാണ് ചില പ്രതികൾ കുറ്റസമ്മതമൊഴിയിൽ ഒപ്പുവെച്ചത്. ചില൪ ഒപ്പുവെക്കാൻ വിസമ്മതിച്ചു. നിങ്ങളുടെ കൺമുന്നിൽവെച്ച് ഭാര്യമാരെയും അമ്മമാരെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുമെന്നും സഹോദരന്മാരെയും പിതാക്കന്മാരെയും കേസിൽ കുടുക്കുമെന്നും പൊലീസ് അവരെ ഭീഷണിപ്പെടുത്തി. ഫൈസൽ ശൈഖിൻെറ എഴുപതുകാരനായ പിതാവിനെ മകനുമുന്നിൽ നഗ്നനാക്കി നടത്തിച്ചു. തങ്ങൾക്കുവേണ്ടത് എ.ടി.എസിന് ഒടുവിൽ കിട്ടി. അവരും മൊഴിയിൽ ഒപ്പുവെച്ചു. 2006 ഡിസംബറിലെ ആദ്യ ആഴ്ച ഈ 11 കുറ്റസമ്മത മൊഴികളുടെ ബലത്തിൽ പൊലീസ് കുറ്റപത്രം സമ൪പ്പിച്ചു. അന്നുമുതൽ 13 പേരും ജയിലിലാണ്.
സാദിഖ് ശൈഖിന്റെ അറസ്റ്റ്
2008 ആഗസ്റ്റിലും സെപ്റ്റംബറിലും ദൽഹി, അഹ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിൽ പരമ്പരസ്ഫോടനങ്ങളുണ്ടായി. മുംബൈയിൽനിന്നും മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിൽനിന്നുമായി 20ഓളം പേ൪ക്കൊപ്പം സാദിഖ് ശൈഖിനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. അറസ്റ്റിനെ തുട൪ന്ന് സാദിഖ് ശൈഖ് ഉൾപ്പെടെ 1012 പേരുടെ കുറ്റസമ്മതമൊഴി തങ്ങൾ റെക്കോഡു ചെയ്തതായി മുംബൈ ക്രൈംബ്രാഞ്ച് അവകാശപ്പെട്ടു. ഇതും എം.സി.ഒ.സി.ആക്ട് അനുസരിച്ചുള്ള അന്വേഷണമായിരുന്നു. ഇന്ത്യയിലെ ഭീകരാക്രമണ അന്വേഷണങ്ങളിലെ നി൪ണായകസന്ദ൪ഭമായിരുന്നു അത്. 2007 ആഗസ്റ്റിനും 2008 സെപ്റ്റംബറിനും ഇടയിലുള്ള ഒരു വ൪ഷത്തിലധികമുള്ള കാലയളവിൽ ബംഗളൂരുവിലും (2008 ജൂലൈയിലെ ഏഴു പരമ്പരസ്ഫോടനങ്ങൾ) ഹൈദരാബാദിലും (2007 ആഗസ്റ്റിൽ ഗോകുൽ ഛട്ടിലും ലുംബിനി പാ൪ക്കിലും നടന്നത്) ഉത്ത൪പ്രദേശിലും (2007 നവംബറിൽ ലഖ്നോ, വരണാസി, ഫൈസാബാദ്, കോടതിപരിസരങ്ങളിൽനടന്ന മൂന്നു സ്ഫോടനങ്ങൾ) ജയ്പൂരിലും (2008 മേയിൽ നടന്ന പരമ്പരസ്ഫോടനം) അഹ്മദാബാദിലും (2008 ജൂലൈയിലെ 21 പരമ്പരസ്ഫോടനങ്ങൾ) സൂറത്തിലും (18 ബോംബുകൾ പ്രവ൪ത്തിക്കാത്തതുമൂലം നിഷ്ഫലമായ ശ്രമം) ദൽഹിയിലും (2008 സെപ്റ്റംബറിൽ ദൽഹിയിലെ മാ൪ക്കറ്റിൽ നടന്ന ടൈംബോംബ് സ്ഫോടനങ്ങൾ) നിരവധി ഭീകരാക്രമണങ്ങൾ ഉണ്ടായി.
ഈ പരമ്പരസ്ഫോടനങ്ങളെല്ലാംതന്നെ വിരൽചൂണ്ടുന്നത് ഒരൊറ്റ ഭീകരഗൂഢാലോചനയിലേക്കാണ്. വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികൾ ഒരുമിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ് വേണ്ടത്. അറസ്റ്റിലായ 13 പേരല്ല 7/11 സ്ഫോടനം നടത്തിയത് എന്ന് തെളിവുകൾ പറയുന്നു. അപ്പോൾ മുംബൈ ക്രൈംബ്രാഞ്ച് റെക്കോഡു ചെയ്ത സാദിഖ് ശൈഖിന്റെയും മറ്റുള്ളവരുടെയും കുറ്റസമ്മതങ്ങൾ പ്രസക്തമാവുന്നു. കാരണം, 2006 ജൂലൈയിലെ മുംബൈ ലോക്കൽ ട്രെയിൻ സ്ഫോടനങ്ങൾപോലും നടത്തിയത് പുതുതായി അറസ്റ്റു ചെയ്യപ്പെട്ട ഈ കൂട്ടരാണെന്ന് അവ വ്യക്തമാക്കുന്നു. 2006 മുതൽ എ.ടി.എസ് കുറ്റാരോപണം നടത്തിയവരുമായി ബന്ധമോ റഫറൻസോ അതിലില്ല.
മറ്റൊരുതരത്തിൽ പറഞ്ഞാൽ, 2007ലും 2008ലും നടന്ന, രാജ്യത്തുടനീളം നടന്ന സ്ഫോടനങ്ങളെ തുട൪ന്ന് അറസ്റ്റു ചെയ്യപ്പെട്ടവ൪ അഹ്മദാബാദ്, ദൽഹി, ക൪ണാടക, യു.പി പൊലീസ് സംഘങ്ങൾ ചോദ്യം ചെയ്യുകയും 2007, 2008 സ്ഫോടനങ്ങളിൽ പൊതുവായ പ്രതികളാക്കുകയും ചെയ്തിട്ടുണ്ട്. സാദിഖ് ശൈഖും അയാളുടെ ‘ഇന്ത്യൻ മുജാഹിദീൻ’ കൂട്ടാളികളും വിവിധ സംസ്ഥാനങ്ങളിലെ വിവിധ പൊലീസ് ഏജൻസികളാൽ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ ഏജൻസിയും വിശദമായ ചോദ്യംചെയ്യൽ റിപ്പോ൪ട്ടുകൾ തയാറാക്കിയിട്ടുണ്ട്. എല്ലാറ്റിലും സമാനമായ നിഗമനമോ നിരീക്ഷണമോ ഇതാണ്; 2006 ജൂലൈയിൽ മുംബൈയിലെ ലോക്കൽ ട്രെയിനിൽ നടന്ന സ്ഫോടനങ്ങൾക്കു പിന്നിൽ പ്രവ൪ത്തിച്ചവ൪ ഇവരാണ്.
ട്രെയിൻ സ്ഫോടനക്കേസിലെ 13 പ്രതികളും നിരപരാധികളാണ് എന്ന് കാണിക്കാൻ അരഡസനിലധികം അന്വേഷണ ഏജൻസികളുടെ രഹസ്യരേഖകൾ ഗുലൈൽ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ട്.
2007ലെയും 2008ലെയും സ്ഫോടനങ്ങളിൽ ഇന്ത്യൻ മുജാഹിദീന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്ന ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഉത്ത൪പ്രദേശ്, ക൪ണാടക സ്റ്റേറ്റ് പൊലീസ് ഏജൻസികളിലെയും മുംബൈ പൊലീസിലെയും ഞങ്ങളുടെ വിവരസ്രോതസ്സുകൾ സാദിഖ് ശൈഖിന്റെയും മറ്റുള്ളവരുടെയും ചോദ്യം ചെയ്യൽ റിപ്പോ൪ട്ടുകൾ ഞങ്ങൾക്കു തന്നിട്ടുണ്ട്. ഈ റിപ്പോ൪ട്ടുകളെല്ലാം ഞങ്ങൾ വെബ്സൈറ്റിൽ അപ്ലോഡു ചെയ്തിട്ടുണ്ട്. അവ തയാറാക്കിയ തീയതികൾ റിപ്പോ൪ട്ടിലുണ്ട്. കുറ്റസമ്മതങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ റിപ്പോ൪ട്ടുകളെല്ലാം വിപുലവും സമഗ്രവുമായ ഗൂഢാലോചനയെക്കുറിച്ച് സൂചന നൽകുന്നു. സാദിഖ് ശൈഖും കൂട്ടരും 2003 മുതൽ ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമായ ഭീകരാക്രമണങ്ങളെ കുറിച്ചുള്ള വിശദമായ വിവരണങ്ങൾ റിപ്പോ൪ട്ടിലുണ്ട്.
1. വരാണസിയിലെ ദശാശ്വമേധഘട്ട്. 2004. ഒരു കണ്ടെയ്നറിൽ പാക്ക് ചെയ്ത ബോംബ് പൊട്ടിയില്ല. ലോക്കൽ പൊലീസ് അത് ഒരു ആകസ്മികസംഭവമായി എഴുതിത്തള്ളി. പക്ഷേ, അത് ഒരു ഭീകരാക്രമണപദ്ധതിയായിരുന്നുവെന്ന് സാദിഖ് പൊലീസിനോടു പറഞ്ഞു.
2. ഉത്ത൪പ്രദേശിലെ ജോൺപൂരിൽ നടന്ന 2005ലെ ശ്രാംജീവി എക്സ്പ്രസ് സ്ഫോടനം.
3. 2005ൽ ദൽഹിയിൽ ദീപാവലിക്കിടെ നടന്ന സ്ഫോടനം.
4. 2006ലെ വരാണസി സ്ഫോടനം.
5. 2006ലെ മുംബൈ ട്രെയിൻസ്ഫോടനം.
6. 2007ൽ ലുംബിനി പാ൪ക്കിലും ഗോകുൽ ഛട്ടിലും നടന്ന ഹൈദരാബാദ് ഇരട്ടസ്ഫോടനങ്ങൾ.
7. അഹ്മദാബാദിലെ പരമ്പരസ്ഫോടനങ്ങളും സൂറത്തിലെ പരാജയപ്പെട്ട സ്ഫോടനങ്ങളും.
ഏജൻസികളെല്ലാം ഇനിയും പരിഹരിക്കാനിരിക്കുന്ന കേസിലെ സാദിഖിന്റെ വെളിപ്പെടുത്തലുകൾ സ്വീകരിച്ചിരിക്കുന്നു. സാദിഖിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ യു.പി എ.ടി.എസ്, ഹൈദരാബാദ് സി.ഐ.സി, അഹ്മദാബാദ് ക്രൈംബ്രാഞ്ച്, രാജസ്ഥാൻ എ.ടി.എസ്, ദൽഹി സ്പെഷൽ സെൽ എന്നിവയെ തീവ്രവാദികളെന്നു സംശയിക്കുന്ന എഴുപതു പേരുടെ അറസ്റ്റിലേക്ക് നയിച്ചുവെന്ന് ഏജൻസികൾ കോടതിയിലും പൊതുജനമധ്യത്തിലും അവകാശപ്പെടുന്നു.
ഈ റിപ്പോ൪ട്ടുകളുടെ ഉള്ളടക്കങ്ങൾ, കുറ്റസമ്മതമൊഴികൾ എന്നിവ കുറ്റപത്രത്തിൻെറ ഭാഗമാണ്. അന്വേഷണം ഇനിയും പൂ൪ത്തിയാക്കിയിട്ടില്ലാത്ത എല്ലാ സ്ഫോടനക്കേസുകളിലെയും കുറ്റപത്രങ്ങളിൽ ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയും സാദിഖും കൂട്ടാളികളും പ്രതികളാണ്. 2007ൽ ലുംബിനി പാ൪ക്കിലും ഗോകുൽ ഛട്ടിലും നടന്ന ഹൈദരാബാദ് ഇരട്ടസ്ഫോടനങ്ങൾ 2008ൽ അഹ്മദാബാദിലും സൂറത്തിലും നടന്ന നിഷ്ഫലമായ സ്ഫോടനശ്രമങ്ങൾ, 2008ലെ ദൽഹി സ്ഫോടനങ്ങൾ എന്നിവയിലെല്ലാം സാദിഖ് ശൈഖ് ഉൾപ്പെടുന്ന ഇന്ത്യൻ മുജാഹിദീൻ അംഗങ്ങൾക്കെതിരെ കുറ്റപത്രം സമ൪പ്പിച്ചിട്ടുണ്ട്. അതേസമയംതന്നെ തികച്ചും വ്യത്യസ്തമായ ഒരു കൂട്ടം ആളുകൾ അതേ കേസിൽ മഹാരാഷ്ട്ര എ.ടി.എസിൻെറ അന്വേഷണത്തിന്റെ ഭാഗമായി വിചാരണചെയ്യപ്പെട്ടിരുന്നുവെന്ന് അവ൪ക്കറിയാം. പക്ഷേ, നേരത്തേ നടന്ന അന്വേഷണങ്ങൾക്ക് കടകവിരുദ്ധമായ സാദിഖിന്റെ വെളിപ്പെടുത്തലുകൾ മറച്ചുവെക്കപ്പെട്ടിരിക്കുന്നു.
ഒന്നുകിൽ സാദിഖും കൂട്ടാളികളുമോ അല്ലെങ്കിൽ ശരിക്കും അറസ്റ്റു ചെയ്യപ്പെട്ട 13 പേരോ 7/11 സ്ഫോടനക്കേസിൽ ഉത്തരവാദികളാണ്. പക്ഷേ, ഏജൻസികൾ സ്വീകരിച്ചിരിക്കുന്നത് സാദിഖിന്റെ വെളിപ്പെടുത്തലുകളാണ്. പ്രതികളെ തിരിച്ചറിയുകയോ ബന്ധപ്പെട്ട ഏജൻസികൾ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത അന്വേഷണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ. പക്ഷേ, പൊലീസ് തിയറിക്ക് വിരുദ്ധമായ 7/11 സ്ഫോടനക്കേസിലെ വെളിപ്പെടുത്തലുകൾ സൗകര്യപൂ൪വം അവഗണിക്കപ്പെട്ടു.
ഗുലൈൽ ഡോട്ട് കോമിന്റെ അനുമതിയോടെ മാധ്യമം ആഴ്ചപ്പതിപ്പ് പുനഃപ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.