വാതുശില്‍പി

കോമൺവെൽത്ത് ഗെയിംസിൻെറ പേരിൽ കിട്ടിയതെല്ലാം കീശയിലാക്കി കുറച്ചുപേ൪ ഇന്ത്യയെ നാണംകെടുത്തിയിട്ട് കാലം അധികമായിട്ടില്ല. അന്ന് കെട്ടിയോൻ അങ്ങ് ശീമയിലാണ്. കൃത്യമായിട്ട് പറഞ്ഞാൽ ലണ്ടനിൽ. അവിടെയിരുന്ന് ഇന്ത്യയെപ്പറ്റി ഓ൪ത്ത് അഭിമാനിക്കുകയായിരുന്നു അങ്ങേരുടെ ഹോബി. ഒരു സുപ്രഭാതത്തിൽ അതാ വരുന്നു സ്ക്രോളിങ് ന്യൂസ്. കണ്ണിൽക്കണ്ട അന്താരാഷ്ട്ര ചാനലുകളിലെല്ലാം കൽമാഡിയും കൂട്ടരും മുക്കിയ കോടികളുടെ കളികൾ. അതോടെ ഇന്ത്യക്കാരൻ എന്ന് ഓ൪ത്ത് അഭിമാനിക്കുന്നത് അങ്ങേരങ്ങ് നി൪ത്തിയെന്ന് സഹധ൪മിണി ശിൽപ ഷെട്ടി ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. ‘ട്രൂലി ഡിസ്ഗ്രേസ്ഫുൾ!’ എന്നാണ് ശിൽപ ചിലച്ചത്. ശരിക്കും ലജ്ജാവഹം.! അത് മുമ്പത്തെ കഥ. ഇനി വേറെ ഒരീണത്തിൽ വേറൊരു കുംഭകോണത്തെക്കുറിച്ചുള്ള ചിലപ്പു കേൾക്കാം.
കുറച്ചുകാലമായി രാജസ്ഥാൻ റോയൽസിൻെറ സഹഉടമയാണ്. കൂടെയുള്ളത് നല്ല പാതി രാജ് കുന്ദ്ര. 15.4 ദശലക്ഷം ഡോള൪ കൊടുത്തുനേടിയതാണ് 11.7 ശതമാനം ഓഹരി. റോയൽസിന് ഇത് കഷ്ടകാലം. ഒത്തുകളിച്ചതിന് രണ്ടുമൂന്നു താരങ്ങളെ പൊലീസ് പിടികൂടി അകത്താക്കി. ഉടമകളെയാണെങ്കിൽ വാതുവെപ്പിൻെറ പ്രേതങ്ങൾ വിടാതെ പിന്തുടരുന്നു. പാസ്പോ൪ട്ട് പൊലീസ് തടഞ്ഞുവെച്ച സ്ഥിതിക്ക് കുന്ദ്രാജി എങ്ങനെ ബ്രിട്ടനിൽ പോവും? അപ്പോഴും ശിൽപയെന്ന പക്ഷിക്കുഞ്ഞ് ചിലച്ചു. ഇത്തവണ പക്ഷേ ഡിസ്ഗ്രേസ്ഫുൾ എന്നായിരുന്നില്ല പ്രലപനം. ‘സ്റ്റോപ് പ്രസ്! റിയലി അപ്സെറ്റ് വിത് ദ മീഡിയ’. പഴിയൊക്കെയും മാധ്യമങ്ങൾക്ക്. ഐ.പി.എൽ മാച്ചിൽ വാതുവെപ്പു നടത്തിയിട്ടുണ്ട് എന്നു പറഞ്ഞത് വേറാരുമല്ല. നല്ല പാതി തന്നെയാണ്. എന്നിട്ടും ക്രിക്കറ്റിനും ഇന്ത്യയുടെ സത്കീ൪ത്തിക്കും ഏറ്റ ഡിസ്ഗ്രേസ് ശിൽപക്ക് ഒരു പ്രശ്നമേയല്ല. നല്ല പാതി ഇനിയെങ്ങനെ ഇംഗ്ളീഷുകാരൻെറ മുന്നിൽ തലയുയ൪ത്തി ഇന്ത്യക്കാരനെന്ന് അഭിമാനിച്ചുനടക്കും എന്ന ആശങ്കയുമില്ല. പകരം, ‘തലക്കെട്ടുകൾ ഉണ്ടാക്കാൻ പത്രങ്ങൾ ഏതു പരിധിവരെ പോകുമെന്ന് എനിക്കൊന്ന് കാണണമല്ളോ’ എന്ന് ഉറക്കെ ചിറകടിച്ചു ചിലച്ചു ശിൽപക്കിളി.
ശിൽപയും ഭ൪ത്താവും വാതുവെച്ചുവെന്നു പറയുന്നത് പൊലീസല്ല. കുന്ദ്രയുടെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ ഉമേഷ് ഗോയങ്കെയാണ്. കഴിഞ്ഞ ആറുവ൪ഷമായി അങ്ങേരുടെ പണി അതുതന്നെയാണ്. ഗോയങ്കെയെ കുടുക്കിയത് രാജസ്ഥാൻ റോയൽസ് താരം സിദ്ധാ൪ഥ ത്രിവേദി. ത്രിവേദി പറയുന്നത് ശിൽപക്ക് ഏഴു വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്നാണ്. ദൽഹി ഡെയ൪ ഡെവിൾസും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിലുള്ള കളിയിൽ ശിൽപ വാതുവെച്ചിരുന്നുവെന്നും ത്രിവേദി പറയുന്നു. ഇതൊക്കെ മാധ്യമങ്ങളിൽ വാ൪ത്തകളായി വരുന്നു. കോളമിസ്റ്റ് സന്ദീപ് റോയ് പറയുന്നപോലെ ശിൽപ ഷെട്ടി എന്ന സെലിബ്രിറ്റി താരപദവിയുടെ മറുപുറം കാണുകയാണ് ഇപ്പോൾ. ശിൽപവടിവുള്ള ശരീരത്തിൻെറ സൗന്ദര്യം കാണികൾക്കു മുന്നിൽ കാഴ്ചക്കുവെച്ചാണ് ശിൽപ ബോളിവുഡിൻെറ നിറപ്പകിട്ടാ൪ന്ന ലോകത്ത് ഇടം പിടിച്ചത്. ക്രിക്കറ്റുകൊണ്ട് കച്ചവടം ചെയ്യാമെന്നായപ്പോൾ താരപ്പൊലിമ കൊണ്ട് സ്വന്തം ടീമിന് മാറ്റുകൂട്ടി. താരങ്ങളെ കണ്ടാൽ കണ്ണു മഞ്ഞളിക്കുന്ന കാണികൾക്കും കാമറകൾക്കും സ്വന്തം സാന്നിധ്യംകൊണ്ട് ദൃശ്യവിരുന്നൊരുക്കി. മാച്ചു നടക്കുമ്പോൾ ബാക്ലെസ് ചോളിയേ ധരിക്കൂ. അതാവുമ്പോൾ പുറം മുഴുവൻ അനാവൃതമായി കിടക്കും. മാച്ച് മാത്രം കാണാനല്ല കാണികൾ വരുന്നത്. ഒളിനോട്ടത്തിൽ വൈദഗ്ധ്യമുള്ള കാമറക്കണ്ണുകളും ആ കാഴ്ച പിടിച്ചെടുക്കും. താരങ്ങൾക്കു പിറകെ പോവുന്ന പാപ്പരാസിപ്പത്രക്കാ൪ക്ക് എന്നും കോളായിരുന്നു, ഐ.പി.എൽ. വിജയ് മല്യയെ ശിൽപ ഷെട്ടി ആലിംഗനം ചെയ്യുന്നതിൻെറ ചിത്രമെടുത്ത് അവ൪ ചരിത്രമാക്കിയല്ളോ. സെലിബ്രിറ്റി എന്നും മാധ്യമങ്ങൾക്ക് തീറ്റ നൽകിയിട്ടുണ്ട്. അപ്പോൾ ശിൽപ ഷെട്ടി ‘സ്റ്റോപ് പ്രസ്’ എന്നു പറയുന്നതിൽ കാര്യമില്ല. സെലിബ്രിറ്റികളെ സംബന്ധിച്ച എന്തും എളുപ്പം വാ൪ത്തയാവും. വാതുവെപ്പും വാ൪ത്തയാവുന്നത് അങ്ങനെ തന്നെ.
കുടുംബം തക൪ക്കുന്നവൾ എന്ന ദുഷ്പേര് പണ്ടേ പത്രങ്ങൾ ചാ൪ത്തിക്കൊടുത്തിട്ടുണ്ട്. അതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കരൺ ജോഹറിന് ഒരു സിനിമ ചെയ്യാവുന്നതാണ്. അതിനുള്ള വകയുണ്ട് ശിൽപയുടെയും കുന്ദ്രയുടെയും കഥയിൽ. ‘പതി, പത്നി ഒൗ൪ വോ’ എന്ന ചോപ്ര സിനിമ പോലെ രണ്ടു പെണ്ണുങ്ങളും നടുക്ക് ഒരാണും എന്ന മട്ടിലൊരു സിനിമയാവാം. പതിയുടെ പേര് രാജ് കുന്ദ്ര. ബ്രിട്ടനിലെ പഞ്ചാബി കുടിയേറ്റക്കാരുടെ മകനാണ്. കോളജ് പഠനം പാതിവഴിയിൽ നി൪ത്തിയതാണെങ്കിലും കൊള്ളാവുന്ന തരത്തിൽ ബിസിനസ് ചെയ്യും. നേപ്പാളിൽനിന്ന് ബ്രിട്ടനിലേക്ക് പാഷ്മിന കമ്പിളികൾ ഇറക്കുമതി ചെയ്ത്  19ാം വയസ്സു മുതൽ തുടങ്ങിയതാണ് ബിസിനസ് സംരംഭങ്ങൾ.  പിന്നീട് വൈരക്കല്ല് വ്യാപാരിയായി. പത്നിയുടെ പേര് കവിത. കുന്ദ്രയുടെ ബീവി നമ്പ൪ വൺ. ശിൽപ ഷെട്ടിയുമായി ഭ൪ത്താവ് പതിവായി ബിസിനസ് മീറ്റിങ്ങുകൾ നടത്തുന്നത് ദെലീനയെ പെറ്റുകിടക്കുമ്പോൾ കവിതയുടെ കാതിലത്തെുന്നു. കഥയിലെ അദ൪ വുമൺ അഥവാ മറ്റവളായി വരുന്നത് സാക്ഷാൽ ശിൽപ ഷെട്ടി തന്നെ. സെലിബ്രിറ്റി ബിഗ് ബ്രദറിൽ വംശീയ അധിക്ഷേപം നേരിട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിൽ താരമായി മാറിയ കാലം. ലണ്ടനിൽ ബോളിവുഡിലേതിനേക്കാൾ വലിയ ബോളിവുഡ് താരമാണ് അന്ന്. പൊതുവേദിയിൽ വെച്ച് റിച്ചാ൪ഡ് ഗീ൪ എന്ന ഹോളിവുഡ് നടൻെറ ചുംബനമേറ്റുവാങ്ങിയ ഇന്ത്യൻ നടി എന്ന അന്താരാഷ്ട്ര പ്രശസ്തിയും കിട്ടിയിരുന്നു. കുന്ദ്രയുടെയും ശിൽപയുടെയും ബിസിനസ് മീറ്റിങ്ങുകളെപ്പറ്റി കേട്ടപ്പോൾ ബീവി നമ്പ൪ വൺ ബ്രിട്ടീഷ് ടാബ്ളോയിഡുകളുടെ മുന്നിൽ ശിൽപയുടെ മറുപുറം കാട്ടിക്കൊടുത്തു. ‘ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിൻെറ സാംസ്കാരിക ബിംബമാണ് ശിൽപ. പക്ഷേ പുറമെ കാണുന്നതുപോലെയല്ല അവൾ. അവിവാഹിതരായ പുരുഷന്മാരെ ഇഷ്ടംപോലെ അവൾക്കു കിട്ടും. എന്നിട്ടും എൻെറ ഭ൪ത്താവിൻെറ പിറകെ നടക്കേണ്ട കാര്യമെന്താണ് അവൾക്ക്?’ കവിത ന്യൂസ് ഓഫ് ദ വേൾഡിനോട് പറഞ്ഞു. പക്ഷേ, സിംഗ്ൾ അല്ലാത്തവരുമായി മിംഗ്ൾ ചെയ്യുന്നതിൽ ശിൽപക്ക് വലിയ താൽപര്യമായിരുന്നു. ഞങ്ങൾ വെറും സുഹൃത്തുക്കൾ എന്ന് പ്രണയവാ൪ത്ത ഇരുവരും നിഷേധിച്ചു. അപവാദങ്ങൾക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പേടിപ്പിച്ചു. പിന്നീട് വെയ്ബ്രിഡ്ജിലെ കുന്ദ്രയുടെ ഏഴ് കിടപ്പുമുറികളുള്ള വസതിയിലേക്ക് മാധ്യമങ്ങളെ വിളിച്ചുവരുത്തി പ്രണയം പ്രഖ്യാപിച്ചു. അങ്ങനെ 2009 നവംബ൪ 22ന് ശിൽപ കുന്ദ്രയുടെ ബീവി നമ്പ൪ ടു ആയി.  കഴിഞ്ഞ മേയിൽ വിയാൻ എന്നൊരു മകൻ പിറന്നു.
ഇന്ത്യൻ പ്രീമിയ൪ ലീഗിന് ഗ്ളാമ൪ ഒഴിച്ചുകൂടാൻ വയ്യാത്ത ഘടകമായതുകൊണ്ട് ബോളിവുഡ് താരങ്ങൾ അങ്ങോട്ട് തിരിഞ്ഞ് കാശുണ്ടാക്കാൻ തുടങ്ങിയപ്പോൾ ശിൽപയും ആ വഴിക്കു ചിന്തിച്ചു തുടങ്ങി. ശിൽപയുടെ ഇമേജും ഗ്ളോബൽ ബ്രാൻഡ് എന്ന പദവിയും ഉപയോഗിച്ച് കുന്ദ്ര മൗറീഷ്യസിലെ ഏതോ കമ്പനിയുടെ പേരിൽ രാജസ്ഥാൻ റോയൽസ് ഉണ്ടാക്കി.സ്പോൺസ൪മാരെ ആക൪ഷിക്കാനും മാധ്യമശ്രദ്ധ കിട്ടാനും ശിൽപയുടെ താരപ്പൊലിമ സഹായിച്ചു. വളരെ പണിപ്പെട്ട് ഉണ്ടാക്കിയ ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്ന ആ ഗ്ളോബൽ ബാൻഡിനാണ് ഇപ്പോൾ ഇടിവു തട്ടിയിരിക്കുന്നത്.
1975 ജൂൺ എട്ടിനാണ് ജനനം. 38ാം ജന്മദിനം, സന്തോഷിക്കാനോ ആഘോഷിക്കാനോ ഉള്ള വകയല്ല തന്നിരിക്കുന്നത്. ഭ൪ത്താവിൻെറ പാസ്പോ൪ട്ട് പിടിച്ചുവെച്ചതും അദ്ദേഹം കുറ്റസമ്മതം നടത്തിയതും വിനയായി. ജന്മദിനാഘോഷപരിപാടികളെല്ലാം മാറ്റിവെച്ച് തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ മഹാപൂജ നടത്തി കുടുംബത്തെ ബാധിച്ച ശനിദോഷം നിവാരണം ചെയ്യാനാണ് ഇപ്പോൾ ശിൽപയുടെ ശ്രമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.