തിയറ്റര്‍ സമരം പൂര്‍ണം

കൊച്ചി: തിയറ്റ൪ ഉടമകളുടെ സമരം കേരളത്തിൽ പൂ൪ണം. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻെറ കീഴിലുള്ള 350 തിയറ്ററുകളാണ് വ്യാഴാഴ്ച നടത്തിയ സൂചനാ സമരത്തിൽ പങ്കെടുത്തത്. അവശ കലാകാരന്മാ൪ക്കുള്ള ക്ഷേമനിധിയിലേക്ക് തിയറ്ററുകളിൽ നിന്ന് സെസ് പിരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു തിയറ്ററുകൾ അടച്ചിട്ടത്. കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻെറ കീഴിലുള്ള  തിയറ്ററുകൾ സമരത്തിൽ പങ്കെടുത്തില്ല.
ജൂൺ നാലിന് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ വിളിച്ചു ചേ൪ക്കുന്ന നി൪മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗത്തിൽ  ഭാവി സമരപരിപാടികൾ തിരുമാനിക്കുമെന്ന് പ്രസിഡൻറ് ലിബ൪ട്ടി ബഷീ൪ പറഞ്ഞു. രാവിലെ 11ന് എറണാകുളം ഫിലിം ചേംബറിലാണ് യോഗം.
അതേ സമയം സെസ് പിരിക്കാത്ത തിയറ്ററുകൾക്ക് ലൈസൻസ് പുതുക്കിക്കൊടുക്കുകയോ ടിക്കറ്റ് സീൽ ചെയ്ത് നൽകുകയോ ചെയ്യില്ളെന്ന് കാണിച്ച് സ൪ക്കാ൪ പുറത്തിറക്കിയ സ൪ക്കുല൪ വ്യാഴാഴ്ച ഹൈകോടതി സ്റ്റേ ചെയ്തു. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻെറ ഹരജിയിൽ ജസ്റ്റിസ് കെ. സുരേന്ദ്രമോഹനാണ് സ൪ക്കുല൪ സ്റ്റേ ചെയ്തതായി വിധി പുറപ്പെടുവിച്ചത്. അഡ്വ. രാംകുമാറാണ് ഫെഡറേഷന് വേണ്ടി ഹാജരായത്. സംസ്ഥാനത്തെ മിക്ക തിയറ്ററുകൾക്കും ഇപ്പോൾ ലൈസൻസ് പുതുക്കിക്കൊടുക്കുകയോ ടിക്കറ്റ് സീൽ ചെയ്ത് നൽകുകയോ ചെയ്യുന്നില്ല.
മേയ് 20 മുതൽ തദ്ദേശ സ്ഥാപനങ്ങൾ വഴി സെസ് പിരിക്കാനായിരുന്നു എൻറ൪ടെയിൻമെൻറ്സ് ടാക്സ് അമെൻഡ്മെൻറ് ബിൽ 2013 കൊണ്ടുവന്നതിലൂടെ സംസ്ഥാന സ൪ക്കാ൪ തീരുമാനിച്ചത്. ഓരോ ടിക്കറ്റിൽ നിന്നും മൂന്നു രൂപ പ്രകാരം പിരിച്ചെടുക്കാനാണ് നി൪ദേശം. ഇതംഗീകരിക്കാനാവില്ളെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ നൽകിയ ഹരജിയിൽ ഹൈകോടതി ജൂൺ 13 വരെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.