ധാക്ക: പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബംഗ്ളാദേശിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ബി.എൻ.പി (ബംഗ്ളാദേശ് നാഷനലിസ്റ്റ് പാ൪ട്ടി)യും സഖ്യകക്ഷികളും നടത്തിയ രാജ്യവ്യാപക പൊതുപണിമുടക്കിൽ ബംഗ്ളാദേശ് സ്തംഭിച്ചു.
ധാക്കയിൽ പണിമുടക്കനുകൂലികൾ ബോംബ് സ്ഫോടനം നടത്തുകയും വാഹനങ്ങൾ തക൪ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. എന്നാൽ, സംഭവത്തിൽ ആ൪ക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യങ്ങൾ നിയന്ത്രിക്കാൻ പതിനായിരത്തിലധികം സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് മുനീറുൽ ഇസ്ലാം അറിയിച്ചു. ബി.എൻ.പിയുടെ നേതൃത്വത്തിൽ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള പതിനെട്ടോളം പ്രതിപക്ഷ കക്ഷികളാണ് പണിമുടക്ക് നടത്തിയത്. പ്രതിപക്ഷ നേതാക്കളെയും അനുയായികളെയും കേസുകളിൽ കുടുക്കി ജയിലടക്കുന്ന പകപോക്കൽ നയം അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
2014 ജനുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ശൈഖ് ഹസീന രാജിവെക്കണമെന്നും അധികാരം നിഷ്പക്ഷ ഇടക്കാല ഗവൺമെൻറിന് കൈമാറണമെന്നുമാണ് പ്രതിപക്ഷത്തിൻെറ ആവശ്യം. പക്ഷപാതിത്വ സ൪ക്കാറിൻെറ കീഴിൽ തെരഞ്ഞെടുപ്പ് നടത്താൻ ബി.എൻ.പി അനുവദിക്കുകയില്ലെന്ന് പാ൪ട്ടി അധ്യക്ഷ ഖാലിദ സിയയുടെ ഉപദേശകൻ ശംസുസ്സമാൻ ദുദു പറഞ്ഞു.
ഭരണകക്ഷിയായ അവാമി ലീഗ് രാജിവെച്ച് ഇടക്കാല സ൪ക്കാറിന് അധികാരം കൈമാറിയില്ലെങ്കിൽ അടുത്ത പൊതുതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ദുദു മുന്നറിയിപ്പ് നൽകി. ഹസീനയുടെ കീഴിൽ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവും ആയി നടക്കുകയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, പ്രതിപക്ഷത്തിൻെറ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് സ൪ക്കാ൪ പറഞ്ഞു.
ബംഗ്ളാദേശിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഐക്യരാഷ്ട്ര സഭയും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.