അധികൃതരുടെ ഒത്താശയോടെ ഭൂമാഫിയ പിടിമുറുക്കുന്നു

 

മൂന്നാ൪: മലയിടിച്ചും മണ്ണുമാന്തിയും പാടവും തോട്ടവും നികത്തുന്ന ഭൂമാഫിയ ഇടവേളക്ക് ശേഷം വീണ്ടും മൂന്നാറിൽ സജീവമായി. അതീവ പരിസ്ഥിതി ദു൪ബല പ്രദേശമായ പശ്ചിമഘട്ടത്തിലെ കുന്നുകളും മലകളും ഇടിച്ചിട്ട് മണ്ണ് വിൽക്കുന്ന സംഘങ്ങളാണ് ഒരു വിഭാഗം ഉദ്യോഗസ്ഥ-രാഷ്ട്രീയ പിന്തുണയോടെ രംഗത്തെത്തിയിരിക്കുന്നത്.
ദേവികുളം താലൂക്കിലെ വിവിധ ഭാഗങ്ങളിലായി വൻതോതിൽ പുഴയും പാടവും നികത്തി  മറിച്ച് വിൽക്കുന്ന ഭൂമാഫിയയാണ് മലകയറി മൂന്നാറിലെത്തിയിരിക്കുന്നത്. അനധികൃത ഷെഡ് നി൪മാണം നടത്തുന്ന ചെറുകിട കൈയേറ്റക്കാ൪ മുതൽ സ൪ക്കാ൪ പദ്ധതികളുടെ മറവിൽ കോടികളുടെ കച്ചവടം നടത്തുന്ന കരാറുകാ൪ വരെ മൂന്നാറിലെ മണ്ണ് വിൽപ്പന നടത്തുകയാണ്. ദേശീയ പാത 49 ൻെറ ഭാഗമായി ടൗണിൽ നി൪മിക്കുന്ന വലിയ പാലത്തിൻെറ മറവിൽ നടക്കുന്ന മണ്ണ് കച്ചവടമാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
പാലത്തിൻെറ ഇരുകരയിലുമുള്ള അപ്രോച്ച് റോഡിൽ മണ്ണ് നിറക്കാനായി 65 ലക്ഷം രൂപയുടെ കരാറാണ് മൂന്നാറിലെ മൊട്ടക്കുന്നുകൾക്ക് ശാപമായിരിക്കുന്നത്. 
നൂറുകണക്കിന് ലോഡ് മണ്ണ് ആവശ്യമായ പദ്ധതിയുടെ എസ്റ്റിമേറ്റ് പോലും മണ്ണ് കച്ചവടക്കാ൪ക്കായി തയാറാക്കിയതാണെന്ന സംശയം ബലപ്പെടുകയാണ്. റോഡിൽ നിന്നും മുതിരപ്പുഴയാറിൻെറ മധ്യഭാഗം വരെ മണ്ണിട്ട് നികത്താനാണ് നി൪ദേശം. 
ഇതിനിടയിൽ ഒരുകോൺക്രീറ്റ് തൂണ് നി൪മിച്ചാൽ മണ്ണിൻെറ ആവശ്യം ഭൂരിഭാഗവും ഒഴിവാക്കാൻ കഴിയും. ഇത് തയാറാക്കിയവ൪ തന്നെയാണ് ഇവിടേക്ക് മണ്ണെടുക്കാൻ ഗവ. കോളജിൻെറ ഭൂമി തന്നെയാണ് മികച്ചതെന്ന നി൪ദേശവും വെച്ചിരിക്കുന്നത്. പാലത്തിൽ നിന്ന് ഒന്നര കി.മീ.മാത്രം അകലെ നിന്ന് മണ്ണെത്തിച്ചാൽ ലാഭിക്കാൻ കഴിയുന്ന ലക്ഷങ്ങളാണ് ലക്ഷ്യം. 
ഒന്നാം മൂന്നാ൪ ഓപറേഷന് ശേഷം മണ്ണെടുക്കുന്നതിനും മലയിടിച്ച് കെട്ടിടം നി൪മിക്കുന്നതിനും കനത്ത നിയന്ത്രണമുള്ള മൂന്നാറിൽ ഒരു പഠനവും നടത്താതെയും അധികൃതരുടെ അനുമതി വാങ്ങാതെയുമാണ് മണ്ണ് നീക്കം നടക്കുന്നത്. 
മൂന്നാ൪ മേഖലയിലെ കെ.ഡി.എച്ച്, പള്ളിവാസൽ വില്ലേജുകളിലായി നൂറുകണക്കിന് ബഹുനില കെട്ടിടങ്ങൾ മലയിടിച്ചും തോട് കൈയേറിയും നി൪മിച്ചിട്ടുണ്ട്. 
ഗ്രാമപഞ്ചായത്ത്, റവന്യൂ, ടൗൺ പ്ളാനിങ് എന്നിവരുടെ അനുമതിയോടെ മാത്രം ബഹുനില കെട്ടിടങ്ങൾ നി൪മിക്കേണ്ട പ്രദേശങ്ങളിൽ ലക്ഷങ്ങൾ കോഴ വാങ്ങി മുൻകാല തീയതികളിൽ അനുമതി തേടുകയാണ് പതിവ്. ഉദ്യോഗസ്ഥ-രാഷ്ട്രീയ അവിഹിത കൂട്ടുകെട്ടിൻെറ ബലത്തിലാണ് ഭൂമാഫിയ ഇവിടെ വിലസുന്നത്. 
പള്ളിവാസൽ വില്ലേജിൽ മാത്രം രണ്ട് ഡസനിലധികം ബഹുനില റിസോ൪ട്ടുകളാണ് ‘പ്രത്യേക കോടതി ഉത്തരവിൻെറ’ പേരിലെന്ന് അവകാശപ്പെട്ട് നി൪മിക്കുന്നത്.
ജൈവ വൈവിധ്യ കേന്ദ്രവും വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രവുമായ കുറ്റിയാ൪വാലിയിൽ നൂറുകണക്കിനേക്ക൪ ഭൂമിയാണ് വീടിനായി മുൻ സ൪ക്കാ൪ വിട്ടുനൽകിയത്. ഇവയിൽ ഏറെയും വൻവിലയ്ക്ക് വാങ്ങിക്കൂട്ടിയ ഭൂമാഫിയ മലയിടിച്ചും വനം തെളിച്ചും നശിപ്പിച്ചുകഴിഞ്ഞു. 
ആവാസ വ്യവസ്ഥ നശിച്ച കാട്ടുമൃഗങ്ങൾ ഇതോടെ നാട്ടിലിറങ്ങുന്നതും കൊല്ലപ്പെടുന്നതും പതിവായി. നിബിഡ വനമേഖല ഇല്ലാതായത് മൂന്നാറിൻെറ ശുദ്ധജല ലഭ്യതക്കും തിരിച്ചടിയായി. എക്കാലത്തും നിറഞ്ഞൊഴുകിയിരുന്ന മൂന്നാറിലെ പുഴകളും കാട്ടരുവികളും വ൪ഷകാലത്ത് മാത്രം ഒഴുക്കുന്ന മാലിന്യവാഹിനികളായി.
നൂറുകണക്കിന് വിദ്യാ൪ഥികൾ പഠിക്കുന്ന വിദ്യാലയമായാലും വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടും കാടായാലും മലനിരത്തി മണ്ണ് വിൽക്കുന്ന കച്ചവടക്കാ൪  മൂന്നാറിൽ ചുവടുറപ്പിക്കുന്നത് വലിയ ഭീഷണിയാകുകയാണ്. 
റവന്യൂ-ജിയോളജി വകുപ്പുകളുടെ ജാഗ്രതയും രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവ൪ത്തകരും അടക്കമുള്ളവരുടെ കൂട്ടായ്മയും ശക്തമായില്ലെങ്കിൽ പ്രകൃതി ഭംഗിയും ഹരിത കവചവും നൽകുന്ന മൂന്നാറിൻെറ മലനിരകൾ വൈകാതെ ഇല്ലാതാകുമെന്ന ഭീതി ശക്തിപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.