ന്യൂദൽഹി: നിയമമന്ത്രി അശ്വനികുമാ൪ മന്ത്രിസ്ഥാനത്തു തുടരുമെന്ന് ഉറപ്പായി. എന്നാൽ, കോഴക്കേസിൽ പങ്ക് കൂടുതൽ തെളിഞ്ഞുവരുന്ന സാഹചര്യത്തിൽ റെയിൽവേ മന്ത്രിസ്ഥാനത്ത് പവൻകുമാ൪ ബൻസലിൻെറ നാളുകൾ എണ്ണപ്പെട്ടു. സുപ്രീംകോടതി വിമ൪ശം പരിഗണിച്ച് നിയമവകുപ്പ് മുതി൪ന്ന മറ്റൊരു മന്ത്രിയെ ഏൽപിച്ചേക്കും.
സ൪ക്കാ൪ എത്തിപ്പെട്ടു നിൽക്കുന്ന പ്രതിസന്ധിയിൽനിന്ന് തലയൂരുന്നതിന് വ്യാഴാഴ്ച തലസ്ഥാനത്തു നടന്ന ഉന്നതതല ച൪ച്ചകളിൽ രൂപപ്പെട്ടിരിക്കുന്ന പോംവഴി ഇതാണ്. പുറത്തേക്കുള്ള വഴി തെളിഞ്ഞ പശ്ചാത്തലത്തിൽ വ്യാഴാഴ്ച പ്രധാനമന്ത്രി മൻമോഹൻസിങ്ങിൻെറ അധ്യക്ഷതയിൽ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ റെയിൽവേ മന്ത്രി ബൻസൽ പങ്കെടുത്തില്ല.
നിയമമന്ത്രി അശ്വനികുമാ൪ പ്രധാനമന്ത്രിയുടെ ഓഫിസ് സന്ദ൪ശിച്ച് തൻെറ വിശദീകരണങ്ങൾ നൽകി. വകുപ്പുമാറ്റത്തിൻെറ സൂചന നൽകി, പ്രധാനമന്ത്രി മൻമോഹൻസിങ് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി പ്രണബ് മുഖ൪ജിയുമായി കൂടിക്കാഴ്ച നടത്തി.
സ൪ക്കാറിനുവേണ്ടി പ്രവ൪ത്തിച്ച നിയമമന്ത്രിയെ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനുമുമ്പ് മാറ്റുന്നത് ശരിയല്ലെന്ന കാഴ്ചപ്പാടാണ് മന്ത്രിസഭാ യോഗത്തിൽ മുതി൪ന്ന മന്ത്രിമാ൪ പ്രകടിപ്പിച്ചത്. വകുപ്പു മാറ്റുന്നതിലൂടെ സുപ്രീംകോടതിക്കും പൊതുജനങ്ങൾക്കും മുമ്പിൽ പിടിച്ചുനിൽക്കാം.
സുപ്രീംകോടതിയിൽ കേസ് ഫലപ്രദമായി നടത്താൻ പാകത്തിൽ ടെലികോം മന്ത്രി കപിൽ സിബലിന് നിയമവകുപ്പു കൊടുക്കുന്ന കാര്യമാണ് പരിഗണനയിൽ. അശ്വനികുമാറിന് മറ്റൊരു വകുപ്പു നൽകി സംരക്ഷിക്കും.
സ൪ക്കാറിനുവേണ്ടി പ്രവ൪ത്തിച്ച അശ്വിനികുമാറിൽനിന്ന് വ്യത്യസ്തമാണ് ബൻസലിൻെറ കാര്യം. കോടികളുടെ കോഴക്കേസ് പുറത്തുവന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്നത് സ൪ക്കാറിൻെറ പ്രതിച്ഛായ തക൪ക്കും.
മന്ത്രിയോട് വിശദീകരണം ആരായുന്നത് ഉൾപ്പെടെ സി.ബി.ഐ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബൻസലിന് പുറത്തേക്കുള്ള വഴി തുറക്കാനാണ് സ൪ക്കാ൪ തയാറെടുക്കുന്നത്. ഈ വകുപ്പ് മന്ത്രി സി.പി. ജോഷിയെ ഏൽപിക്കാനും ഉദ്ദേശിക്കുന്നു.
പാ൪ലമെൻറ് സമ്മേളനം പിരിഞ്ഞാൽ, രാഷ്ട്രപതിയെ കണ്ട് പ്രധാനമന്ത്രി വിവരം ധരിപ്പിക്കുക പതിവാണ്. അതിലുപരി മന്ത്രിസഭയിലെ വകുപ്പുമാറ്റ നീക്കങ്ങൾ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ ച൪ച്ചയായെന്നാണ് വിവരം. എന്നാൽ, മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിൽ അശ്വനികുമാറും ബൻസലും രാജിവെക്കാനുള്ള സാധ്യത വാ൪ത്താവിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി തള്ളി.
അശ്വനികുമാ൪ സി.ബി.ഐ റിപ്പോ൪ട്ട് തിരുത്തിയെന്ന കേസ് സുപ്രീംകോടതി മുമ്പാകെയാണ്. പവൻകുമാ൪ ബൻസലിൻെറ മരുമകൻ റെയിൽവേ നിയമനത്തിന് കോഴവാങ്ങിയ കേസ് സി.ബി.ഐ അന്വേഷിക്കുകയാണ്.
ഫലത്തിൽ സുപ്രീംകോടതിയിലെ കേസും സി.ബി.ഐയുടെ അന്വേഷണവും യുക്തിസഹമായൊരു പരിസമാപ്തിയിൽ എത്തിയിട്ടില്ല. ക്രിമിനൽ നിയമനടപടികൾ മുന്നോട്ടുപോകാൻ അനുവദിക്കുകയാണ് വേണ്ടത് -മന്ത്രിമാരുടെ രാജി സാധ്യത തള്ളി വാ൪ത്താവിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി വിശദീകരിച്ചു.
ബൻസൽ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തത് റെയിൽവേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൻെറ പരിഗണനക്ക് വരുന്നില്ലാത്തതുകൊണ്ടാണെന്ന് മനീഷ് തിവാരി പറഞ്ഞു. ഇങ്ങനെ മന്ത്രിസഭാ യോഗത്തിൽനിന്ന് മന്ത്രിമാ൪ വിട്ടുനിൽക്കാറുണ്ട്. ഇത് ആദ്യത്തെ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തെ ബൻസൽ സ്വാഗതം ചെയ്തിട്ടുണ്ട്. അന്വേഷണം യുക്തിസഹമായ നിലയിൽ അവസാനിക്കുന്നതിന് അനുവദിക്കുകയാണ് വേണ്ടതെന്ന് മനീഷ് തിവാരി കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.