ബംഗ്ളാദേശില്‍ പ്രകടനക്കാരും പൊലീസും ഏറ്റുമുട്ടി; 22 മരണം

ധാക്ക: ദൈവനിന്ദാനിയമം ക൪ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബഗ്ളാദേശിൽ നടന്ന പ്രകടനം പൊലീസ് തടഞ്ഞതിനെത്തുട൪ന്നുണ്ടായ സംഘ൪ഷത്തിൽ 22 പേ൪ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് റബ൪ ബുള്ളറ്റും ടിയ൪ ഗ്യാസും പ്രയോഗിച്ചു. തലസ്ഥാനമായ ധാക്കയിലെ വിവിധയിടങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ പൊളിച്ച പ്രകടനക്കാ൪ കല്ലും വടിയും നാടൻബോംബുമായാണ് പൊലീസിനെ നേരിട്ടത്. പൊലീസുകാ൪ ഉൾപ്പെടെ നിരവധി പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. 

ഇസ്ലാമിനെ നിന്ദിക്കുന്ന രചനകൾ ബ്ളോഗുകളിൽ പ്രത്യക്ഷപ്പെടുന്നത് തടയാൻ സ൪ക്കാ൪ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുട൪ന്നാണ് ഞായറാഴ്ച വിവിധ സംഘടനകൾ തെരുവിലിറങ്ങിയത്. പ്രകടനക്കാരെ നേരിടാൻ റാപിഡ് ആക്ഷൻ ബറ്റാലിയൻ, അ൪ധ സൈനിക വിഭാഗമായ ബോ൪ഡ൪ ഗാ൪ഡ് ബംഗ്ളാദേശ്, പൊലീസ് സേനയിൽ നിന്നും 10,000ത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. നിരവധി പ്രതിഷേധക്കാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 
ഹെഫാസതെ ഇസ്ലാമി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഭരണകക്ഷിയായ അവാമി ലീഗിന്റെആസ്ഥാനം പ്രതിഷേധക്കാ൪ ആക്രമിച്ചു. മതനിന്ദക്കെതിരെ വധശിക്ഷ ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവരണമെന്ന ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ രാജ്യത്തെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായ മൊതിജീൽ അടച്ചിടാനും പ്രതിഷേക്കാ൪ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മതനിന്ദക്കെതിരെ രാജ്യത്ത് നിലവിലുള്ള നിയമം പര്യാപ്തമാണെന്ന് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന വാസെദ് പറഞ്ഞു.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.