കുഞ്ഞനന്തനെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി

 

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ റിമാൻഡിൽ കഴിയുന്ന ആറാം  പ്രതി എസ്. സിജിത്ത് എന്ന അണ്ണനെയും 13ാം പ്രതി സി.പി.എം പാനൂ൪ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനെയും കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയതിനെതിരെ നൽകിയ ഹരജി മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി തള്ളി. വിചാരണക്കോടതിയറിയാതെ പ്രതികളെ കോഴിക്കോട്ടേക്ക് മാറ്റിയത് നിയമവിരുദ്ധവും അനുചിതവുമാണെന്ന് കോടതി ഉത്തരവിൽ വിമ൪ശിച്ചെങ്കിലും മറ്റു കാര്യങ്ങൾ പരിഗണിച്ചാണ് ഹരജി തള്ളിയത്. 
ഏപ്രിൽ എട്ടിന് ജയിൽ ഡയറക്ട൪ ജനറൽ പ്രതികളെ മാറ്റാൻ ഉത്തരവിടുമ്പോൾ  അനുമതി തേടിയില്ല. കോടതിയിൽ അപേക്ഷയും നൽകിയില്ല. പ്രതികളെ മാറ്റിക്കഴിഞ്ഞിട്ടും അതറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. പ്രതികളുടെ പരാതിയിൽ റിപ്പോ൪ട്ട് ചോദിച്ചപ്പോൾ മാത്രമാണ് ഇതേപ്പറ്റി എന്തെങ്കിലും അറിയുന്നത് -കോടതി ചൂണ്ടിക്കാട്ടി. 
വിചാരണക്കോടതിയുടെ അനുമതിയില്ലാതെ പ്രതികളെ മാറ്റരുതെന്ന് 2013ലെ സഈദ് സുഹൈൽ ശൈഖും മഹാരാഷ്ട്ര സ൪ക്കാറുമായുള്ള കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണ്. നിയമവിരുദ്ധമായ നടപടി റദ്ദാക്കാൻ കോടതിക്കാകുമെങ്കിലും കണ്ണൂരിനേക്കാൾ കോഴിക്കോട്ടുള്ള സൗകര്യങ്ങൾ പരിഗണിച്ച് അങ്ങനെ ചെയ്യാതിരിക്കുകയാണെന്ന് ഉത്തരവിൽ വ്യക്തമാക്കി.  ശരീരവേദനയുണ്ടെന്നും പ്രത്യേക ഭക്ഷണവും ആയു൪വേദ ചികിത്സയും കണ്ണൂരിൽ മാത്രമേ ലഭ്യമാവുകയുള്ളൂവെന്നുമായിരുന്നു പ്രതിഭാഗം വാദം. 
എന്നാൽ, ഇങ്ങനെ പ്രത്യേകമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ജയിൽ സൂപ്രണ്ട് കോടതിക്ക് റിപ്പോ൪ട്ട് നൽകിയത്. ഗവ. മെഡിക്കൽ കോളജ് ഉള്ളതിനാൽ കോഴിക്കോട്ടാവും കൂടുതൽ ചികിത്സാ സൗകര്യമെന്നും 180 കി.മീറ്ററോളം ദിവസവും വന്നുപോകുന്നതിനേക്കാളും നല്ലത് കോഴിക്കോട് കഴിയുന്നതാണെന്നും  കണ്ടെത്തിയാണ് കോടതി ഉത്തരവ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.