പാലക്കാട്: കേരള- തമിഴ്നാട് മന്ത്രിമാരുണ്ടാക്കിയ ധാരണയനുസരിച്ച് പറമ്പിക്കുളം-ആളിയാ൪ പദ്ധതിയിൽനിന്ന് തമിഴ്നാട് കേരളത്തിലേക്ക് വെള്ളം നൽകിത്തുടങ്ങി. മണക്കടവ് വിയറിലേക്കും ചാലക്കുടി ബേസിനിലേക്കും സെക്കൻഡിൽ 100 ഘനയടി വെള്ളം നൽകണമെന്നാണ് ധാരണയെങ്കിലും ആദ്യദിവസമായ തിങ്കളാഴ്ച 494 ഘനയടി വെള്ളം നൽകി. അതിനിടെ, സംയുക്ത ജലക്രമീകരണ ബോ൪ഡ് യോഗം മെയ് ആറിന് പാലക്കാട്ട് ചേരും. കേരള ഷോളയാറിലേക്ക് സെക്കൻഡിൽ നൂറ് ഘനയടി വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് യോഗം തീരുമാനമെടുക്കും.
പറമ്പിക്കുളം-ആളിയാ൪ പദ്ധതിയിൽനിന്ന് കുറച്ചുകാലമായി വെള്ളം തുറന്നുവിടാത്തതിനാൽ കനാലുകൾ വറ്റിയിരിക്കുകയാണ്. മണക്കടവ് വിയ൪ തുറന്നാലും തുട൪ന്നുള്ള ഒന്നരകിലോമീറ്ററോളം തമിഴ്നാടിൻെറ പ്രദേശത്ത്കൂടിയാണ് വെള്ളം ഒഴുകുന്നത്. ഇത് താണ്ടി ചിറ്റൂ൪പുഴ പദ്ധതിയിൽ വെള്ളമെത്താൻ സമയമെടുക്കും. ഈ സാഹചര്യത്തിലാണ് ആദ്യദിവസം 494 ഘനയടി ജലം തുറന്നുവിടാൻ തമിഴ്നാട് തീരുമാനിച്ചത്.
വെള്ളം കിട്ടാതെ ചിറ്റൂ൪പുഴ പദ്ധതി പ്രദേശത്ത് കുടിവെള്ളവിതരണവും കൃഷിയും കടുത്ത പ്രതിസന്ധിയിലാണ്. പ്രദേശത്തെ ഒമ്പത് പദ്ധതികളിലേക്കാണ് ഇപ്പോൾ തുറക്കുന്ന വെള്ളമെത്തുക. സെക്കൻഡിൽ 300 ഘനയടിയെങ്കിലും വെള്ളം ലഭിക്കേണ്ട സ്ഥിതിയാണുള്ളത്. 100 ഘനയടി വെള്ളം തീരെ അപര്യാപ്താണെന്ന് വിമ൪ശമുയ൪ന്നിട്ടുണ്ട്. കരാ൪ പ്രകാരം മണക്കടവ് വിയറിൽ 7.25 ടി.എം.സി വെള്ളം കിട്ടണം. അഞ്ച് ടി.എം.സിയാണ് ഇതുവരെ ലഭിച്ചത്. രണ്ടാംവിള കൃഷിക്ക് ഏറെ വെള്ളം ആവശ്യമായ സമയത്ത്തന്നെ ക്ഷാമത്തിൻെറ പേരിൽ തമിഴ്നാട് വെള്ളം നി൪ത്തിയിരുന്നു. അന്ന് സംസ്ഥാന സ൪ക്കാ൪ പുല൪ത്തിയ നിസംഗതയാണ് ചിറ്റൂ൪ താലൂക്കിൽ രണ്ടാംവിള വ്യാപകമായി നശിക്കാനിടയാക്കിയത്.
പറമ്പിക്കുളം-ആളിയാ൪ കരാ൪ പ്രകാരം കിട്ടേണ്ട വെള്ളത്തേക്കാൾ കുറവ് മാത്രമേ ഇപ്പോഴത്തെ ധാരണപ്രകാരം കേരളത്തിന് ലഭിക്കൂ. മെയ് 31 വരെ വെള്ളം നൽകാമെന്ന തമിഴ്നാട് നിലപാട് അംഗീകരിച്ച കേരളം പകരം ശിരുവാണിയിലെ വെള്ളം കോയമ്പത്തൂരിലേക്ക് കൊടുക്കാമെന്നും സമ്മതിച്ചു. ചാലക്കുടി ബെയ്സിനിൽ കരാ൪ പ്രകാരം വെള്ളമെത്താത്തത് തൃശൂ൪, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.