അഗളി: മകന് വിദ്യാഭ്യാസ വായ്പ നിരസിച്ചതിൻെറ പേരിൽ പിതാവ് ബാങ്കിന് മുന്നിൽ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഗളി ശാഖക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച പുതൂ൪ സ്വദേശി രാജൻെറ നില ഗുരുതരമായി തുടരുന്നതിനിടെ നിരവധി പേ൪ പ്രതിഷേധവുമായി രംഗത്തെത്തി. സി.പി.എമ്മും സി.പി.ഐയും ബാങ്കിലേക്ക് പ്രതിഷേധ മാ൪ച്ച് സംഘടിപ്പിച്ചു. സാധാരണക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് ബാങ്കുകൾ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ട സമയം അതിക്രമിച്ചെന്നും അട്ടപ്പാടി വെൽഫെയ൪ ട്രസ്റ്റ് ചെയ൪മാൻ വി.എം. ലത്തീഫ് പ്രതിഷേധ കുറിപ്പിൽ പറഞ്ഞു. ബാങ്ക് പ്രവ൪ത്തനത്തിനെതിരെ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ട്. ഒരു വ൪ഷം മുമ്പ് തിരിച്ചടച്ച വായ്പക്ക് ജപ്തി നോട്ടീസ് അയച്ച് ക൪ഷകൻ ബാങ്കിൽ കുഴഞ്ഞുവീണ സംഭവം മൂന്ന് മാസം മുമ്പ് വൻ വിവാദമുയ൪ത്തിയിരുന്നു. അതിന് പിന്നാലെയാണ് ഒമ്പത് മാസമായി വിദ്യാഭ്യാസ വായ്പക്കായി നടക്കുന്ന രാജനോട് നൽകാനാവില്ലെന്ന് ബാങ്ക് അധികൃത൪ വ്യക്തമാക്കിയത്.
ബാങ്കിൻെറ പ്രവ൪ത്തനം നിയന്ത്രിക്കുന്നത് പുറത്തുനിന്നുള്ള ചില ലോബികളാണെന്ന് ആരോപണമുണ്ട്. ഇത്തരം ഏജൻറുകൾ വഴി പണം നൽകി സ്വാധീനിച്ചാൽ ഇവിടെനിന്ന് ഏത് വായ്പയും നിഷ്പ്രയാസം നേടാമെന്ന് നാട്ടുകാ൪ പറയുന്നു. വരുംദിവസങ്ങളിലും ബാങ്കിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.