കൊച്ചി: വിവാദ വ്യവസായി വി.എം. രാധാകൃഷ്ണൻെറ അറസ്റ്റോടെ ശ്രദ്ധേയമായ മലബാ൪ സിമൻറ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രൻെറയും മക്കളുടെയും മരണം സംബന്ധിച്ച കേസ് വാദിക്കാൻ സി.ബി.ഐ കോടതിയിലെത്തിയത് വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ഉടൻ അന്വേഷണ ഉദ്യോഗസ്ഥൻ സി.ബി.ഐ അഭിഭാഷക മുഖേന കസ്റ്റഡി അപേക്ഷ നൽകി. അപേക്ഷ പരിഗണനക്കെടുത്തപ്പോൾ മുതൽ കേസുമായി ഒരു അറിവുമില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് അഭിഭാഷകയിൽനിന്നുണ്ടായത്.
സി.ബി.ഐ നൽകിയ അപേക്ഷ പരിഗണനക്കെടുത്ത ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ.സി. ഹരിഗോവിന്ദൻ രണ്ട് കേസുകളിൽ ഏതിലാണ് കസ്റ്റഡി ആവശ്യപ്പെടുന്നതെന്ന് സി.ബി.ഐയോട് ചോദിച്ചു. ഉടൻ രണ്ട് കേസിലും കസ്റ്റഡി വേണമെന്നായിരുന്നു മറുപടി. ശശീന്ദ്രൻ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തെന്ന കേസിൽ എന്തിനാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്ന് തിരികെ ചോദിച്ചതോടെ സി.ബി.ഐ അഡീഷനൽ സൂപ്രണ്ട് ഇടപെടാൻ ശ്രമം നടത്തി. അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഉടനെ സമയം ആവശ്യമാണോ എന്ന് കോടതി ചോദിച്ചപ്പോൾ 30 മിനിറ്റ് വേണമെന്ന് സി.ബി.ഐ മറുപടി നൽകി.
ഉച്ചക്ക് 2.15 ഓടെ കോടതി വീണ്ടും കേസ് പരിഗണനക്കെടുത്തപ്പോൾ പ്രതിഭാഗം അഭിഭാഷകൻ അന്യായമായ അറസ്റ്റിനെതിരെ വാദങ്ങൾ ഉന്നയിച്ചെങ്കിലും സി.ബി.ഐയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധങ്ങളുണ്ടായില്ല. ഒടുവിൽ എന്തിനാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്ന് കോടതി സി.ബി.ഐയോട് ആരാഞ്ഞു. കസ്റ്റഡി അപേക്ഷയിലെ നാല്, ആറ് ഖണ്ഡികകളിൽ പറയുന്നുണ്ടെന്ന മറുപടി നൽകിയെങ്കിലും ഇത് കോടതിക്ക് തൃപ്തിയായില്ല. ഇതോടെ കേസ് ഡയറി നൽകാമെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്. ഒടുവിൽ ഇരുഭാഗത്തിൻെറയും വാദങ്ങൾ പൂ൪ത്തിയാക്കിയ മജിസ്ട്രേറ്റ് വൈകുന്നേരം 4.15 ഓടെയാണ് കസ്റ്റഡി അനുവദിക്കാൻ ഉത്തരവിട്ടത്. ശശീന്ദ്രൻ ആത്മഹത്യ ചെയ്തത് പ്രതികളിൽനിന്ന് ഏൽക്കേണ്ടി വന്ന മാനസിക പീഡനങ്ങൾ മൂലവും എവിടെയും ജോലി ലഭിക്കില്ലെന്ന മനോവിഷമത്തിലുമാണെന്നാണ് സി.ബി.ഐ തറപ്പിച്ചുപറയുന്നത്. മലബാ൪ സിമൻറ്സിലെ മറ്റ് ഉദ്യോഗസ്ഥരും ശശീന്ദ്രൻെറ ഭാര്യ ടീനയുടെയും മറ്റ് ബന്ധുക്കളുടെ മൊഴികളും ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കിയുള്ള സി.ബി.ഐയുടെ അപേക്ഷയാണ് കസ്റ്റഡി അനുവദിക്കുന്നതിന് കാരണമായത്. ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അന്വേഷണസംഘം രാധാകൃഷ്ണൻെറ വീട്ടിൽനിന്ന് സംസ്ഥാന സ൪ക്കാറുമായി ബന്ധപ്പെട്ട പല സുപ്രധാനരേഖകൾ പിടിച്ചെടുത്തതായും വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.