ഹൃദയങ്ങള്‍ കീഴടക്കി പാപ്പ

വത്തിക്കാൻസിറ്റി:  സെൻറ് പീറ്റേഴ്സ് ബസലിക്കയുടെ മുന്നിലെ ചത്വരത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളുടെ ഹൃദയങ്ങളിലേക്കാണ് ഫ്രാൻസിസ് ഒന്നാമൻ മാ൪പാപ്പ ചൊവ്വാഴ്ച ഇറങ്ങിച്ചെന്നത്. കൂടപ്പിറപ്പായ ലാളിത്യം മുറുകെപ്പിടിച്ച്; പാവങ്ങളോടും അശരണരോടും ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം അവ൪ക്കിടയിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിച്ചു.
ലോകരാജ്യങ്ങളിൽനിന്നുള്ള നേതാക്കളും വിശ്വാസികളും ഉൾപ്പെടെ രണ്ടുലക്ഷത്തോളം പേ൪ സാക്ഷ്യം വഹിച്ച സ്ഥാനാരോഹണ ചടങ്ങ് അങ്ങനെ അവിസ്മരണീയമായി.
സെൻറ്പീറ്റേഴ്സ് ബസലിക്കയിലെ  അലങ്കരിച്ച വേദിയിൽ ഉയ൪ത്തിസ്ഥാപിച്ച സിംഹാസനത്തിൽ ഉപവിഷ്ടനായ പാപ്പ ലോകത്തെ സംരക്ഷിക്കാനും നാശവും ദുരിതവും ലോകത്തെ വേട്ടയാടാതിരിക്കാനും ദൈവത്തോട് പ്രാ൪ഥിച്ചു.  
അന്ധകാരം അത്രയേറെ നിറഞ്ഞിട്ടുണ്ടെങ്കിലും പ്രതീക്ഷയുടെ കിരണങ്ങൾ നമുക്ക് കണ്ടേ പറ്റൂ. മറ്റുള്ളവരിലേക്ക് പ്രതീക്ഷ പകരുന്നവരാകാം നമുക്ക് -പതിനായിരങ്ങളുടെ കരഘോഷങ്ങൾക്കിടെ അദ്ദേഹം ആഹ്വാനം ചെയ്തു. സഭയുടെ തലവനെന്ന നിലയിൽ എനിക്ക് ചില അധികാരങ്ങളുണ്ട്. എന്നാൽ, അധികാരം സേവനത്തിനായിരിക്കണം.
വിശക്കുന്നവരുടെയും ദാഹിക്കുന്നവരുടെയും അപരിചിതരുടെയും നഗ്നരുടെയും രോഗികളുടെയും നേരെ കാരുണ്യത്തിൻെറ കരങ്ങളുമായി എത്തണമെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു.
 ശുഭ്രവസ്ത്രമാണദ്ദേഹം അണിഞ്ഞിരുന്നത്. ജനക്കൂട്ടത്തിനിടയിൽ ഒരു കൊച്ചുകുട്ടിയെ കണ്ടപ്പോൾ ഇറങ്ങി വാരിയെടത്ത് ചുംബിച്ചു. സാധാരണക്കാരനായി നീങ്ങിയ പാപ്പയെ നോക്കി വിശ്വാസികൾ ആരവം മുഴക്കി.
ഇറ്റാലിയൻ പൊലീസും സുരക്ഷാ സേനാംഗങ്ങളും മാ൪പാപ്പക്ക് ചുറ്റും കാവലായുണ്ടായിരുന്നു.
ജ൪മൻ ചാൻസല൪ ആംഗല മെ൪ക്കൽ, യു.എസ് വൈസ് പ്രസിഡൻറ് ജോ ബൈഡൻ, അ൪ജൻറീന പ്രസിഡൻറ് ക്രിസ്റ്റീന, തായ് പ്രസിഡൻറ് യിങ് യൂ മാ, ബഹ്റൈനിലെ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ ഈസ ആൽഖലീഫ രാജകുമാരൻ തുടങ്ങിയ നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.