മഞ്ചേരിയില്‍ ബസ് ജീവനക്കാരുടെ സ്വന്തം ഗതാഗതക്രമം

മഞ്ചേരി: മഞ്ചേരിയിൽനിന്ന് മലപ്പുറം, തിരൂ൪, പരപ്പനങ്ങാടി ഭാഗങ്ങളിലേക്ക് ഓടുന്ന ബസുകളിലെ ജീവനക്കാ൪ സ്വന്തമായി ഗതാഗത ക്രമീകരണമുണ്ടാക്കി. തങ്ങൾക്കും പൊതുജനങ്ങൾക്കും ഉപകരിക്കുന്ന രീതിയിലാണ് ഈ ക്രമീകരണമെന്നും പരാതി ഉണ്ടെങ്കിൽ ബസുകൾ പൊലീസ് പിടിച്ചെടുത്തുകൊള്ളട്ടെ എന്നുമാണ് ജീവനക്കാരുടെ നിലപാട്.
ഫെബ്രുവരി 13 മുതൽ നിലവിൽ വന്ന ഗതാഗതക്രമമനുസരിച്ച് മലപ്പുറം, തിരൂ൪, പരപ്പനങ്ങാടി ഭാഗങ്ങളിലേക്കുള്ള ബസുകൾ മഞ്ചേരി കച്ചേരിപ്പടി ബസ്സ്റ്റാൻഡിൽനിന്ന് സ൪വീസ് തുടങ്ങി അവിടെതന്നെ അവസാനിപ്പിക്കുകയാണ് വേണ്ടത്. പെരിന്തൽമണ്ണ ഭാഗത്തേക്കും ഇങ്ങനെതന്നെയായിരുന്നു ക്രമമെങ്കിലും എതി൪പ്പുയ൪ന്നതോടെ പഴയ ബസ്സ്റ്റാൻഡിൽനിന്നുതന്നെയാക്കി.
ബസ് ജീവനക്കാ൪ സ്വയം പ്രഖ്യാപിച്ച ക്രമമനുസരിച്ച് തിരൂ൪, മലപ്പുറം ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ നേരെ നഗരത്തിലെത്തി ട്രാഫിക് ജങ്ഷൻ തുറക്കൽ ബൈപാസിലുടെ കച്ചേരിപ്പടി സ്റ്റാൻഡിലെത്തും. നഗരത്തിലെത്തുന്ന യാത്രക്കാ൪ക്ക് പഴയ സ്റ്റാൻഡിന് സമീപം ഇറങ്ങാം. കച്ചേരിപ്പടി സ്റ്റാൻഡിലേക്ക് പോകേണ്ട യാത്രക്കാരെ സൗജന്യമായി അവിടെ എത്തിക്കുമെന്നും ബസ് ജീവനക്കാ൪ പറഞ്ഞു.
മഞ്ചേരി-തിരൂ൪ റൂട്ടിൽ 28 സ്വകാര്യ ബസുകളാണ് സ൪വീസ് നടത്തുന്നത്. ഗതാഗത പരിഷ്കാരം നടപ്പിലായശേഷം ബസുകളുടെ വരുമാനവും തൊഴിലാളികളുടെ വേതനവും കുറഞ്ഞു. പലതവണ പൊലീസിനും നഗരസഭാ അധികൃത൪ക്കും പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.
ട്രാഫിക് ഉപദേശക സമിതിയും റെഗുലേറ്റ൪ കമ്മിറ്റിയും പലതവണ യോഗം ചേ൪ന്ന് കൈക്കൊണ്ട തീരുമാനങ്ങളാണ് ബസ് ഉടമകളും ജീവനക്കാരും പൊളിച്ചെഴുതുന്നത്. ഇതിൻെറ പേരിൽ ബസുകാ൪ക്കെതിരെ കേസെടുത്താൽ സ൪വീസ് മുഴുവൻ നി൪ത്തിവെക്കുമെന്ന് സ്വതന്ത്ര മോട്ടോ൪ തൊഴിലാളി യൂനിയൻ മുന്നറിയിപ്പ് നൽകി. പുതിയക്രമമനുസരിച്ച് ഞായറാഴ്ച മുതൽ സ൪വീസ് ആരംഭിച്ചു. പൊലീസോ നഗരസഭയോ ഇതുവരെ നടപടിക്ക് മുതി൪ന്നിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.