നെടുങ്കണ്ടം: ഉടുമ്പൻചോല താലൂക്കോഫിസിന് പിന്നിൽ ഫയലുകൾ തീയിട്ട് നശിപ്പിച്ച സംഭവത്തിൽ ദേവികുളം ആ൪.ഡി.ഒ സ്ഥലത്തെത്തി തെളിവെടുത്തു. അവധി ദിവസം ഫയലുകൾ തീയിട്ട് നശിപ്പിച്ചെന്ന കേസിൽ കലക്ടറുടെ നി൪ദേശപ്രകാരമാണ് ആ൪.ഡി.ഒ മധു ഗംഗാധ൪ തിങ്കളാഴ്ച വൈകുന്നേരം നെടുങ്കണ്ടത്തെത്തി തെളിവുകൾ ശേഖരിച്ചത്.
പ്രാഥമികാന്വേഷണത്തിൽ വിലപ്പെട്ട രേഖകളോ ഫയലുകളോ കത്തിച്ചതായി അറിയാൻ കഴിഞ്ഞില്ലെന്ന് ആ൪.ഡി.ഒ വ്യക്തമാക്കി. സാമ്പിൾ എടുത്തതിലും ജീവനക്കാരുടെ സ്റ്റേറ്റ്മെൻറ് എടുത്തതിലും വിലപ്പെട്ട ഫയലുകൾ നശിപ്പിച്ചതായി അറിയാൻ കഴിഞ്ഞിട്ടില്ല.
ചിതലെടുത്തതും ഉപയോഗശൂന്യവുമായ പേപ്പറുകളാണ് കത്തിച്ചതെന്നാണ് ജീവനക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞത്. തീയിട്ടതിൻെറ അവശിഷ്ടങ്ങൾ പരിശോധിച്ചതിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അവധി ദിവസമായ ശനിയാഴ്ച ഓഫിസിലുണ്ടായിരുന്ന ക്ളാസ് ഫോ൪ ജീവനക്കാരായ രണ്ടുപേരുടെയും ഡെപ്യൂട്ടി തഹസിൽദാറുടെയും മൊഴി എടുത്തു.
തൻെറ നി൪ദേശപ്രകാരമാണ് ഉപയോഗശൂന്യമായ പേപ്പറുകൾ നശിപ്പിച്ചതെന്ന് തഹസിൽദാ൪ പി.കെ. ഷാജി പറഞ്ഞതായി ആ൪.ഡി.ഒ പറഞ്ഞു.
ഓഫിസിലെ വിലപ്പെട്ടതും പ്രാധാന്യമേറിയതുമായ രേഖകൾ തഹസിൽദാറുടെ മുറിയിൽ അലമാരയിലും മറ്റുള്ളവ അതത് ചുമതലയുള്ള ജീവനക്കാരുടെ അലമാരകളിലുമാണെന്നും തഹസിൽദാ൪ പറഞ്ഞു.
പുകയുടെയും മറ്റും ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി ദിവസം കത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.