യു.എന്‍ ഉപരോധം ഉത്തര കൊറിയ തള്ളി

സോൾ: ആണവ പരിപാടിയുടെ പേരിൽ തങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ രക്ഷാസമിതി കൊണ്ടുവന്ന ഉപരോധം ഉത്തര കൊറിയ തള്ളി. സമ്പൂ൪ണ ആണവായുധം നി൪മിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുമെന്നും അവ൪ വ്യക്തമാക്കി. കൊറിയൻ പ്രശ്നം ച൪ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് ഉത്തര കൊറിയയുടെ സുഹൃദ് രാജ്യമായ ചൈന അഭിപ്രായപ്പെട്ടു.
ഉത്തര കൊറിയയുടെ ആണവ പരിപാടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് യു.എൻ രക്ഷാസമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്. 2006 മുതൽ പ്യോങ്യാങ്ങിനെതിരെ രക്ഷാസമിതി കൊണ്ടുവന്ന ഉപരോധ പ്രമേയങ്ങളിൽ അഞ്ചാമത്തേതാണിത്. ഉത്തര കൊറിയ ഫെബ്രുവരി 12ന് മൂന്നാമത്തെ ആണവ പരീക്ഷണം നടത്തിയ സാഹചര്യത്തിലാണ് പുതിയ ഉപരോധം. എന്നാൽ, ഉപരോധം തങ്ങൾക്കെതിരായ അമേരിക്കൻ ശത്രുതയുടെ ഉൽപന്നമാണെന്നും ഒട്ടും വിലവെക്കില്ലെന്നും ഉത്തര കൊറിയൻ വിദേശമന്ത്രാലയ വക്താവ് വ്യക്തമാക്കി. മേഖലയിലെ പ്രശ്നം തീ൪ക്കുന്നതിന് ഉപരോധം അടിസ്ഥാനപരമായ മാ൪ഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധം പൂ൪ണമായും പാലിക്കപ്പെടേണ്ടതാണെങ്കിലും കൊറിയൻ ഉപദ്വീപിലെ പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി യാങ് ജിയേഷി ബെയ്ജിങ്ങിൽ വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി. കൊറിയൻ പ്രശ്നത്തിൽ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, പ്രകോപന നടപടികളോടെ മുന്നോട്ടുപോയാൽ അന്താരാഷ്ട്ര സമൂഹത്തിൽ കൂടുതൽ ഒറ്റപ്പെടുമെന്ന് ഉത്തര കൊറിയക്ക് അമേരിക്ക മുന്നറിയിപ്പു നൽകി.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.