മലയോര ഹൈവേ അവതാളത്തില്‍

ശ്രീകണ്ഠപുരം: മലയോര ജനതയുടെ സ്വപ്നപദ്ധതിയായ മലയോര ഹൈവേ (ഹിൽ ഹൈവേ) പദ്ധതി അവതാളത്തിലായി. പ്രവൃത്തി തുടങ്ങി എട്ടുവ൪ഷം പിന്നിടുമ്പോഴും  വെറും 40 കി.മീ. റോഡ് മാത്രമാണ് പൂ൪ത്തിയാക്കിയത്.
കാസ൪കോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം കടുക്കറവരെ 960 കി.മീ. ആണ് ഹിൽ ഹൈവേ നി൪മിക്കേണ്ടത്. 2005 ജനുവരി 17ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം കണ്ണൂ൪ ജില്ലയിലെ പയ്യാവൂരിൽ നി൪വഹിച്ചത്. ഒന്നാംഘട്ടത്തിൽ നന്ദാരപടവ് മുതൽ മണ്ണാ൪ക്കാട് വരെ 541 കി.മീ. ഉടൻ പൂ൪ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
109.53 കി.മീ. ഹിൽ ഹൈവേയാണ് ജില്ലയിൽ പൂ൪ത്തിയാക്കേണ്ടിയിരുന്നത്. ഇരിക്കൂ൪ നിയോജകമണ്ഡലത്തിൽ പുറത്താൺ-ചെമ്പേരി-പയ്യാവൂ൪ വരെ 10 കി.മീ. മാത്രമാണ്  ആദ്യം പൂ൪ത്തിയാക്കിയത്. തുട൪ന്ന് മലയോര ഹൈവേ സ്കീമിൽ പെടുത്താതെ തന്നെ പയ്യാവൂ൪-ചമതച്ചാൽ റോഡും ചമതച്ചാൽ-ഉളിക്കൽ റോഡും പൂ൪ത്തിയാക്കി. മണ്ഡലത്തിൽ ആകെ 22.65 കി.മീ. റോഡാണ് ഇതുവരെ നി൪മിച്ചത്.
ആലക്കോട്, നടുവിൽ, കരുവഞ്ചാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൊന്നും പ്രവൃത്തി ആരംഭിച്ചിട്ടില്ല. മന്ത്രി കെ.സി. ജോസഫിൻെറ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിട്ടുപോലും ഹിൽ ഹൈവേ ഇരിക്കൂ൪ മണ്ഡലത്തിൽ പാതിവഴിക്ക് നിലച്ചത് ച൪ച്ചക്കും പ്രതിഷേധത്തിനുമിടയാക്കിയിട്ടുണ്ട്.
നിലവിൽ പേരാവൂ൪ നിയോജകമണ്ഡലത്തിൽ മാത്രമാണ് ഹിൽ ഹൈവേ പ്രവൃത്തി നടക്കുന്നത്. കൂമൻതോട്-വള്ളിത്തോട് റോഡ്, വള്ളിത്തോട്-ആനപ്പന്തി-കരിക്കോട്ടക്കരി-എടൂ൪ റോഡ്, മണത്തണ-അമ്പായത്തോട് റോഡ് എന്നിവയുടെ 38 കി.മീ. പ്രവൃത്തിയാണ് ഇവിടെ ഹിൽ ഹൈവേക്കായി നടക്കുന്നത്. സൗജന്യമായാണ് പ്രദേശവാസികൾ റോഡിനാവശ്യമായ സ്ഥലം വിട്ടുനൽകിയത്.  പേരാവൂ൪ മണ്ഡലത്തിൽ 20 കി.മീറ്ററോളം പണി ഏറക്കുറെ പൂ൪ത്തിയായതായും ബാക്കി 18 കി.മീ. ഉടൻ നടപ്പാക്കുമെന്നും പദ്ധതി ചുമതലയുള്ള ഇരിട്ടി പി.ഡബ്ള്യു.ഡി അസി. എൻജിനീയ൪ ടി. പ്രശാന്ത് പറഞ്ഞു.
ജില്ലയിൽ ചെറുപുഴയിൽനിന്നാണ് ഹിൽ ഹൈവേ തുടങ്ങേണ്ടത്. ഇത് പയ്യന്നൂ൪ മണ്ഡലത്തിൻെറ ഭാഗമാണ്. ഇവിടെ പ്രവൃത്തി ആരംഭിക്കാൻ നടപടിയുണ്ടായിട്ടില്ല. ചെറുപുഴ-രയരോം, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ-പുറഞ്ഞാൺ, പയ്യാവൂ൪, ഉളിക്കൽ, വള്ളിത്തോട്, കരിക്കോട്ടക്കരി, ആറളം, മണത്തണ, അമ്പായത്തോട് എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.
ഇരിക്കൂ൪ മണ്ഡലത്തിലെ ബാക്കി പ്രവൃത്തി തുടങ്ങുന്ന കാര്യം വ്യക്തതയില്ലെന്ന് പദ്ധതി ചുമതലയുള്ള കണ്ണൂ൪ പി.ഡബ്ള്യു.ഡി എക്സി. എൻജിനീയ൪ പി.വി. ശശിധരൻ പറഞ്ഞു.
134.8 കി.മീ. പാത കടന്നുപോകുന്ന കാസ൪കോട് ജില്ലയിലും പദ്ധതി നോക്കുകുത്തിയാണ്. ജില്ലയിലെ വോ൪ക്കാടി പഞ്ചായത്തിലെ നന്ദാരപടവിൽ തുടങ്ങി അംഗഡിമൊഗ൪, പുത്തിഗെ, പെ൪ള, മുള്ളേരിയ, ബോവിക്കാനം, എരിഞ്ഞിപ്പുഴ, കുറ്റിക്കോൽ, കള്ളാ൪, മാലോം, ചിറ്റാരിക്കാൽ വഴി കണ്ണൂ൪ ജില്ലയിൽ പ്രവേശിക്കുന്ന ഹൈവേ വയനാട് ജില്ലയിൽ ബോയ്സ് ടൗൺ വഴി പ്രവേശിക്കും. 66ഓളം പ്രധാന സ്ഥലങ്ങളിലൂടെ തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കടുക്കറയിലാണ് ഹിൽ ഹൈവേ പൂ൪ത്തിയാക്കേണ്ടത്.
ഹിൽ ഹൈവേ എന്ന ആശയത്തിന് അരനൂറ്റാണ്ടിൻെറ പഴക്കമുണ്ട്. 1954ൽ പദ്ധതിക്ക് കേന്ദ്ര ധനകാര്യ കമീഷൻ പച്ചക്കൊടി കാട്ടി.  1966ൽ കണ്ണൂരിൽ ചേ൪ന്ന ജില്ല വികസന സമിതി യോഗമാണ് പാത അംഗീകരിച്ചത്. കുടിയേറ്റ ക൪ഷകരും ജനപ്രതിനിധികളും ഉൾപ്പെടെ അക്ഷീണം പ്രവ൪ത്തിച്ചാണ് ഹിൽ ഹൈവേ വന്നത്.’76ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ക൪ഷക൪ നൽകിയ നിവേദനം ഹൈവേക്ക് അനുകൂല സ്ഥിതിയുണ്ടാക്കാൻ കഴിഞ്ഞു. ഏഴാം പദ്ധതിപ്രകാരം പ്രധാനമന്ത്രി രാജീവ്ഗാന്ധി ഹിൽ ഹൈവേ പൂ൪ത്തിയാക്കാൻ താൽപര്യമെടുത്തു. പിന്നീട് പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി. ’87ൽ പാത ഉപേക്ഷിച്ച പ്രഖ്യാപനമാണുണ്ടായത്. എന്നാൽ,  2001ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആൻറണി ഹിൽ ഹൈവേ യാഥാ൪ഥ്യമാക്കാൻ പഠനം നടത്തി റിപ്പോ൪ട്ട് നൽകാൻ നാറ്റ്പാക്കിനെ ഏൽപിച്ചു. തുട൪ന്നാണ് നാറ്റ്പാക് റിപ്പോ൪ട്ട് പ്രകാരം ജീവൻവെച്ച ഹിൽ ഹൈവേക്ക് റൂട്ട് തീരുമാനിച്ചത്. മന്ത്രി എം.കെ. മുനീറായിരുന്നു മുൻകൈയെടുത്തത്. 2003ൽ മന്ത്രിസഭ ഹിൽ ഹൈവേ അംഗീകരിച്ച് സംസ്ഥാന പാതയായി പ്രഖ്യാപിച്ചു. 2003ൽ നി൪മാണ പ്രവൃത്തിയും തുടങ്ങി.
എട്ടുവ൪ഷം പിന്നിടുമ്പോഴും കണ്ണൂ൪ ജില്ലയിൽപോലും പൂ൪ത്തിയാകാത്ത ഹൈവേ ഇനി എന്നാണ് യാഥാ൪ഥ്യമാവുകയെന്ന് ക൪ഷക കുടിയേറ്റ മക്കൾ ചോദിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.