സാക്ഷികളുടെ മൊഴിമാറ്റം; ശിഹാബ് തങ്ങള്‍ ട്രസ്റ്റ് ഓഫിസ് ലീഗുകാര്‍ തകര്‍ത്തു

തളിപ്പറമ്പ്: ഷുക്കൂ൪ വധക്കേസിലെ സാക്ഷികൾ മൊഴിമാറ്റം നടത്തിയതുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് അറിയിച്ച് വാ൪ത്താസമ്മേളനം നടത്തിയ പാണക്കാട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളെ ഒരുസംഘം മുസ്ലിംലീഗ് പ്രവ൪ത്തക൪ തടയാൻ ശ്രമിച്ചത് തളിപ്പറമ്പ് നഗരത്തിൽ സംഘ൪ഷാവസ്ഥ സൃഷ്ടിച്ചു. ഇവരിൽ ചില൪ കപ്പാലം വ്യാപാരഭവനിൽ പ്രവ൪ത്തിക്കുന്ന ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ് പൂ൪ണമായി തക൪ത്തു. ശിഹാബ് തങ്ങളുടെ ഫോട്ടോ ഒഴികെ ഓഫിസിലെ കമ്പ്യൂട്ടറുകളും ഫ൪ണിച്ചറും ജനൽ ഗ്ളാസുകളും തക൪ത്തു. ട്രസ്റ്റ് ഓഫിസിന് സമീപത്തെ അശ്രഫിൻെറ ഉടമസ്ഥതയിലുള്ള ഫ്രൂട്ട് സെൻററും ഫ്രഷ് വിപണന ശാലയും ആക്രമിച്ചു.
തിങ്കളാഴ്ച ഉച്ച 12 മണിയോടെ തളിപ്പറമ്പ് പ്രസ്ഫോറത്തിൽ വാ൪ത്താസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ശിഹാബ് തങ്ങൾ ട്രസ്റ്റ് ഭാരവാഹികളായ കെ.വി. സലാം ഹാജി, കെ.പി. മുഹമ്മദ് അഷ്റഫ്, അഡ്വ. കുട്ടുക്കൻ മൊയ്തു, പി.പി. ഉമ്മ൪, സി.പി. സിദ്ദീഖ് എന്നിവരെ തടയുന്നതിനായി അമ്പതോളം ലീഗ് പ്രവ൪ത്തക൪ എത്തിയിരുന്നു. സംഘ൪ഷം ഭയന്ന് ഇവരെ പുറത്തെത്തിക്കുന്നതിന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.എസ്. സുദ൪ശനൻെറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. എന്നാൽ, ഇവ൪ പിരിഞ്ഞുപോകാൻ തയാറായില്ല. തുട൪ന്ന് ദ്രുതക൪മസേനയടക്കം കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ലീഗ് പ്രവ൪ത്തക൪ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ രൂക്ഷമായ മുദ്രാവാക്യംവിളി നടത്തുന്നതിനിടെ പൊലീസ് വലയത്തിൽ ഇവരെ പൊലീസ് വാനിൽ കയറ്റി. അതിനിടെ, കുതിച്ചെത്തിയ പ്രവ൪ത്തക൪ വാഹനം തടയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഇതോടെ  പ്രതിഷേധക്കാ൪ക്കുനേരെ പൊലീസ് ലാത്തിവീശി. ചിതറിയോടിയവരിൽനിന്ന് വാഹനത്തിനുനേരെ കല്ലേറും ഉണ്ടായി. ബഹളത്തിനിടെ കൂവേരി സ്വദേശിയായ കൃഷ്ണന് (80) വീണു പരിക്കേറ്റു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.