കരൂപ്പടന്ന: കടയിലെ ജീവനക്കാരിയെ കബളിപ്പിച്ച് യുവാവ് പണം തട്ടി. കോണത്തുകുന്ന് എടപ്പുള്ളി വെസ്സൻസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഉച്ചക്ക് കയറി വന്ന യുവാവ് ജീവനക്കാരിയോട് കടയുടമയെ തിരക്കി. ആ സമയത്ത് കടയുടമ എടപ്പുള്ളി കൊച്ചു മുഹമ്മദ് പുറത്തുപോയിരിക്കുകയായിരുന്നു. പള്ളിയിൽ ചില്ലറയുണ്ടെന്നും 6,000 രൂപക്കുള്ള ചില്ലറ തരാമെന്നും പറഞ്ഞു. കടയുടമയുമായി ഫോണിൽ സംസാരിച്ചപ്പോൾ പണം കൊടുത്തു കൊള്ളാൻ ജീവനക്കാരിയോട് പറഞ്ഞു. കടയിലുണ്ടായിരുന്ന 3,500 രൂപ ജീവനക്കാരിയിൽനിന്നും വാങ്ങിയ യുവാവ് ചില്ലറ ഉടൻ എത്തിക്കാമെന്ന് പറഞ്ഞ് സ്ഥലം വിട്ടു. ഏറെ സമയം കഴിഞ്ഞിട്ടും ആളെ കാണാതായപ്പോഴാണ് കബളിപ്പിക്കപെട്ട വിവരം മനസ്സിലായത്. കടയിലെ ജീവനക്കാരി സിന്ധു ഉടനെ ജങ്ഷനിലുള്ള പള്ളിയിൽ പോയി ഉസ്താദിനോട് വിവരം പറഞ്ഞപ്പോൾ അവിടെ നിന്ന് ആരെയും പറഞ്ഞയച്ചില്ലെന്ന് അറിയിച്ചു. കടയിൽ സ്ഥാപിച്ച സി.സി ടിവിയിൽ യുവാവ് സംസാരിക്കുന്നതും പണം വാങ്ങുന്നതുമായ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി. യുവാവിൻെറ ചിത്രം പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം നടന്നുവരുന്നതായി ഇരിങ്ങാലക്കുട പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.