കാതോലിക്ക ബാവക്കെതിരെ കടുത്ത ആരോപണങ്ങളുമായി കുര്യാക്കോസ് മാര്‍ ക്ളീമിസ്

കോലഞ്ചേരി: കാതോലിക്ക ബസേലിയസ് തോമസ് പ്രഥമൻ ബാവയുടെയും സഭാ ട്രസ്റ്റി തമ്പു ജോ൪ജ് തുകലൻെറയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് യാക്കോബായ സഭാ മുൻ ഇടുക്കി ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മാ൪ ക്ളീമിസ് മെത്രാപ്പോലീത്ത. നേതൃത്വത്തിനെതിരെ ആരോപണങ്ങളുന്നയിച്ചതിനെത്തുട൪ന്ന് സഭയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെത്രാപ്പോലീത്തയുൾപ്പെടെ സ്ഥാനങ്ങളിലേക്ക് വാഴിക്കപ്പെടുന്നവരിൽ നിന്ന് ഇവ൪ പണം വാങ്ങുകയും സ്വകാര്യ ട്രസ്റ്റുകളുണ്ടാക്കി വിവിധ ബാങ്കുകളിലും റിയൽ എസ്റ്റേറ്റ് രംഗത്തും നിക്ഷേപിച്ചിരിക്കുകയുമാണെന്നും അദ്ദേഹം ആരോപിച്ചു. സഭാ ത൪ക്കം രൂക്ഷമാക്കി നി൪ത്തി വിശ്വാസികളുടെ വികാരം ചൂഷണം ചെയ്യുകയാണ് ഇവരുടെ തന്ത്രം. നേതൃത്വത്തിൻെറ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി ആരംഭിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
 കെ.പി. യോഹന്നാൻെറ ബിലീവേഴ്സ് ച൪ച്ചുമായുള്ള ലയനനീക്കത്തിനു പിന്നിലും സാമ്പത്തിക താൽപ്പര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. 2008 സെപ്റ്റംബ൪ 12നാണ് തന്നെ ഇടുക്കി ഭദ്രാസനത്തിൻെറ ചുമതലയുള്ള മെത്രാപ്പോലീത്തയായി വാഴിച്ചത്. ഇതിനുമുമ്പ് മെത്രാപ്പോലീത്തയാക്കാമെന്ന് വാഗ്ദാനം നൽകി 55 ലക്ഷം രൂപ നേതൃത്വം തന്നിൽ നിന്ന് വാങ്ങിയിരുന്നു. ഭദ്രാസന ചുമതലയേറ്റ ശേഷം വരുന്ന ഒരു വ൪ഷത്തിനുള്ളിൽ എത്ര ത്യാഗം സഹിച്ചിട്ടാണെങ്കിലും ഇടുക്കിയിൽ പത്ത് ദേവാലയങ്ങൾ പണിയണമെന്ന ക൪ശന നി൪ദേശവും കാതോലിക്ക ബാവ നൽകിയിരുന്നു. നി൪ദേശം സ്വീകരിച്ച് ഇടുക്കി കത്തിപ്പാറത്തടം സെൻറ് ജോ൪ജ് പള്ളി, മൈലപ്പുഴ സെൻറ് ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ പള്ളി, നാരകത്താനം സെൻറ് ഇഗ്നാത്തിയോസ് പള്ളി, നേര്യമംഗലം പത്തേക്കണ്ണി സെൻറ് ജോ൪ജ് പള്ളി എന്നിവയുൾപ്പെടെ അഞ്ച് പള്ളികളുടെ നി൪മാണം പൂ൪ത്തിയാക്കി.
മുളന്തുരുത്തിയിലെ തൻെറ കുടുംബ സ്വത്തിൻെറ ഭാഗം വിറ്റുകൂടിയാണ് പണം മുടക്കിയത്. ഇത്തരത്തിൽ നാലു കോടിയിലധികം രൂപ  ഭദ്രാസന വികസനത്തിന് മുടക്കിയിട്ടുണ്ട്. ബാധ്യതകളെത്തുട൪ന്ന് പണം തിരികെ ചോദിച്ചതോടെ നേതൃത്വം ശത്രുവിനോടെന്നപോലെ പെരുമാറാൻ തുടങ്ങിയെന്ന് മാ൪ ക്ളീമിസ്  പറഞ്ഞു.
വൻതുക കോഴവാങ്ങിയാണ് സഭയിൽ മേൽപ്പട്ട സ്ഥാനക്കാരെ വാഴിക്കുന്നതെന്നും കൃത്യമായി ‘മാസപ്പടി’പോലെ കാതോലിക്ക ബാവക്ക് ‘കൈമുത്ത്’ പണം നൽകാത്ത മെത്രാപ്പോലീത്തമാരെ ഒറ്റപ്പെടുത്തുന്നതും ഭദ്രാസന ചുമതലകളിൽ നിന്ന് ഒഴിവാക്കുന്നതും പതിവാണെന്നും അദ്ദേഹം ആരോപിച്ചു. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാ൪ക്കാ സെൻററിൽ റെയ്ഡ് നടക്കുമെന്ന് ഭീഷണിപ്പെടുത്തി തമ്പു ജോ൪ജ് വിലപ്പെട്ട രേഖകളും പണവും കടത്തുകയാണെന്നും കുര്യാക്കോസ് മാ൪ ക്ളീമിസ് ആരോപിച്ചു.
തനിക്കെതിരെ നടപടിപാടില്ലെന്നായിരുന്നു സഭയിലെ ഭൂരിഭാഗം മെത്രാപ്പോലീത്തമാരുടെയും താൽപ്പര്യം. എന്നാൽ, കാതോലിക്ക ബാവയും തമ്പു ജോ൪ജും തനിക്കെതിരെ പാത്രിയാ൪ക്കീസ് ബാവയുടെ പേരിൽ വ്യാജ കൽപ്പന ഇറക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സുറിയാനി സഭാ തലവൻ പാത്രിയാ൪ക്കീസ് ബാവയുടെ കീഴിൽ ഉറച്ചുനിന്ന് കാതോലിക്ക ബാവ അടക്കമുള്ളവരുടെ കൊള്ളരുതായ്മകൾക്കെതിരെ പോരാടുമെന്നും കുര്യാക്കോസ് മാ൪ ക്ളീമിസ് മെത്രാപ്പോലീത്ത ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.