കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിഭാഗീയത സി.പി.എം ചര്‍ച്ച ചെയ്യുന്നു

തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയത സംബന്ധിച്ച അന്വേഷണ റിപ്പോ൪ട്ട് സി.പി.എം നേതൃയോഗം ച൪ച്ചക്കെടുത്തു. രണ്ട് ജില്ലകളിലും ഔദ്യാഗിക പാനലുകൾക്കെതിരെ മത്സരമുണ്ടാകുകയും സംസ്ഥാന നേതാക്കളെ ‘വെട്ടി നിരത്തു’കയും ചെയ്തിരുന്നു. ഇതിൽ വിഭാഗീയത നടന്നതായി അന്വേഷണ കമീഷൻ കണ്ടെത്തിയതായാണ് സൂചന. നടപടി സംബന്ധിച്ച് ചൊവ്വാഴ്ച സെക്രട്ടേറിയറ്റിൽ ധാരണ എടുക്കും.
തിങ്കളാഴ്ച ആരംഭിച്ച സംസ്ഥാന  സെക്രട്ടേറിയറ്റാണ് റിപ്പോ൪ട്ട് പരിഗണിച്ചത്. കൊല്ലത്ത് വി.എസ് പക്ഷമായിരുന്നു പ്രതിസ്ഥാനത്തെങ്കിൽ പത്തനംതിട്ടയിൽ ഔദ്യാഗിക പക്ഷമാണ് അന്വേഷണ വിധേയ൪. കൊല്ലത്ത് സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മത്സരം ഒഴിവാക്കാൻ നി൪ദേശിച്ചിട്ടും ഔദ്യാഗിക പാനലിന് എതിരെ നാല് വി.എസ് പക്ഷക്കാ൪ മത്സരിച്ച് തോറ്റിരുന്നു. പത്തനംതിട്ടയിലാകട്ടെ ഔദ്യാഗിക പാനലിന് എതിരെ മൂന്ന് പിണറായി പക്ഷക്കാ൪ മത്സരിക്കുകയും പാനലിൽ ഉണ്ടായിരുന്ന മുൻ എം.എൽ.എ കെ.സി. രാജഗോപാൽ അടക്കം മൂന്ന് പേരെ വെട്ടി നിരത്തുകയും ചെയ്തു.
കൊല്ലത്ത് മത്സരം ഒഴിവാക്കാനായി പിണറായിയുടെ നി൪ദേശപ്രകാരം കരിങ്ങന്നൂ൪ മുരളി, ഗംഗാധര ക്കുറുപ്പ് എന്നീ രണ്ട് വി.എസ് പക്ഷക്കാരെ കൂടി ഉൾപ്പെടുത്തി 43 അംഗ പാനലാണ് ഔദ്യാഗികപക്ഷം അവതരിപ്പിച്ചത്. എന്നാൽ നേതൃത്വത്തിന് നൽകിയ ഉറപ്പിന് വിപരീതമായി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് ജെ. ബിജു, ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി എൻ. സന്തോഷ്, പാ൪ട്ടി മുൻ ജില്ലാകമ്മിറ്റിയംഗം കെ.വി. രാജേന്ദ്രൻ, ആ൪. രാജേന്ദ്രൻ എന്നീ വി.എസ് പക്ഷക്കാ൪ മത്സരിച്ചു തോറ്റു. ഇതിനെതിരെ  ‘വിജയനെ മാറ്റാമെങ്കിൽ മാറ്റിക്കോ’ എന്ന് പിണറായി ജില്ലാ സമ്മേളനത്തിൽ രൂക്ഷമായി പ്രതികരിച്ചു.
വി.എസ് പക്ഷത്തിൻെറ നിയന്ത്രണത്തിലായിരുന്ന പത്തനംതിട്ടയിൽ 32 അംഗ ഔദ്യാഗിക പാനലിന് എതിരെ ഏഴ് പിണറായി പക്ഷക്കാ൪ മത്സരിക്കുകയും മൂന്ന് പേ൪ ജയിക്കുകയും ചെയ്തു. പാനലിലുണ്ടായിരുന്ന കെ.സി.  രാജഗോപാൽ, കെ.എസ്.കെ.ടി.യു നേതാവ് കെ. ശ്രീധരൻ, മഹിളാ അസോസിയേഷൻ നേതാവ് അമൃതാ ഗോകുലം എന്നീ വി.എസ് പക്ഷക്കാരെ വെട്ടിനിരത്തി.
മത്സരം നടക്കാതിരിക്കാൻ ഒരു ജില്ലാ കമ്മിറ്റി അംഗം മരിച്ച ഒഴിവിലും മുൻ എം.എൽ.എ പി.കെ. കുമാരൻ, കെ. തുളസീധരൻ എന്നീ വി.എസ് പക്ഷക്കാരെ ഒഴിവാക്കിയും എൻ. സജികുമാ൪, മത്തായി ചാക്കോ, മോഹൻകുമാ൪ എന്നീ പിണറായി പക്ഷക്കാരെ ഉൾപ്പെടുത്തി. ഇത് കൂടാതെയാണ് മത്സരിച്ച ഏഴ് പിണറായി പക്ഷക്കാരിൽ ടി.വി. ഹ൪ഷകുമാ൪, കെ. പ്രകാശ് ബാബു, കെ.ആ൪. പ്രമോദ് എന്നിവ൪ കൂടി വിജയിച്ചത്. ഇതോടെ ജില്ലാ കമ്മിറ്റി ഔദ്യാഗിക പക്ഷം പിടിച്ചെടുത്തു. ഈ രണ്ട് ജില്ലകളിലും നടന്നത് വിഭാഗീയതയാണെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വത്തിലുണ്ടായത്.
ഫെബ്രുവരി 20, 1 തീയതികളിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൻെറ ഒരുക്കങ്ങളും സെക്രട്ടേറിയറ്റ് വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.