‘പട്ടുറുമാല്‍ പ്രസ്ഥാന’ത്തിന് കേന്ദ്ര സര്‍ക്കാറിന്‍െറ ആദരം

ന്യൂദൽഹി: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വിസ്മൃതമായി കിടന്ന ‘പട്ടുറുമാൽ പ്രസ്ഥാനത്തി’ന് കേന്ദ്ര സ൪ക്കാറിൻെറ ആദരം. പട്ടുറുമാൽ പ്രസ്ഥാനത്തോടുള്ള ആദരസൂചകമായി കേന്ദ്ര സ൪ക്കാ൪ പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് രാഷ്ട്രപതി പ്രണബ് മുഖ൪ജി പ്രകാശനം ചെയ്തു. പട്ടുറുമാൽ പ്രസ്ഥാനത്തിൻെറ ഭാഗമായിരുന്ന വ്യക്തികളും സംഘടനകളും അനുഷ്ഠിച്ച ത്യാഗം മഹത്തരമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല അധ്യായമാണ് ഈ പ്രസ്ഥാനമെന്ന് രാഷ്ട്രപതി പ്രണബ് മുഖ൪ജി പറഞ്ഞു.
വിദേശരാജ്യങ്ങളുമായി ചേ൪ന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് സ൪ക്കാറിനെ അട്ടിമറിക്കാൻ ദാറുൽ ഉലൂമിലെ പണ്ഡിതരുടെ നേതൃത്വത്തിൽ നടത്തിയ നീക്കമാണിത്. ഇത്രയും കാലത്തിനു ശേഷമെങ്കിലും ഈ പ്രസ്ഥാനത്തിന് അംഗീകാരം നൽകാൻ കഴിഞ്ഞതിൽ ചാരിതാ൪ഥ്യമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. മൗലാന ഉബൈദുല്ലാ സിന്ധിയും ശൈഖുൽ ഹിന്ദ് മൗലാന മഹ്മൂദ് ഹസനും നടത്തിയ ത്യാഗപരിശ്രമങ്ങളെ രാഷ്ട്രപതി പ്രശംസിച്ചു. ഹിജാസിലേക്ക് പോയ മഹ്മൂദ് ഹസനും ഹുസൈൻ അഹ്മദ് മദനിയും അറസ്റ്റിലായതും തുട൪ന്ന് മൂന്നു വ൪ഷം ജയിലിൽ കഴിയേണ്ടി വന്നതും രാഷ്ട്രപതി അനുസ്മരിച്ചു. കേന്ദ്ര വാ൪ത്താവിനിമയ മന്ത്രി കപിൽ സിബൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ. റഹ്മാൻ ഖാൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
അഫ്ഗാനിസ്ഥാൻെറയും തു൪ക്കിയുടെയും പിന്തുണയോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാൻ ഒരു സംഘം മുസ്ലിം വിപ്ളവകാരികൾ തയാറാക്കിയ പദ്ധതിയാണ് പട്ടുറുമാൽ പ്രസ്ഥാനം എന്ന പേരിൽ അറിയപ്പെട്ടത്. ദാറുൽ ഉലൂം ദയൂബന്ദിലെ പണ്ഡിതരായിരുന്ന മൗലാന ഉബൈദുല്ലാ സിന്ധിയുടെയും മൗലാന മഹ്മൂദ് ഹസൻെറയും നേതൃത്വത്തിലായിരുന്നു ഇത്. ബ്രിട്ടീഷ് ഇന്ത്യയിൽ വിപ്ളവത്തിന് ഒരു സൈന്യമുണ്ടാക്കാനും അതിന് തു൪ക്കി സൈന്യത്തിൻെറ പിന്തുണ നേടിയെടുക്കാനുമായിരുന്നു നീക്കം. തുട൪ന്ന് ഒരു സ്വതന്ത്ര ഇന്ത്യാ ഗവൺമെൻറ് (ആസാദ് ഹിന്ദ് സ൪ക്കാ൪) രൂപവത്കരിക്കാനുള്ള സമഗ്രമായ പദ്ധതിയും പ്രസ്ഥാനം തയാറാക്കിയിരുന്നു. എന്നാൽ, ഈ പദ്ധതിക്ക് പിന്തുണ തേടി പട്ടിലെഴുതിയ ചില കത്തുകൾ 1916ൽ ബ്രിട്ടീഷ് അധികൃതരുടെ കൈകളിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.