കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം; മരുന്നു വില കുറക്കാന്‍ നടപടി

ന്യൂദൽഹി: കാൻസ൪ രോഗികൾക്കുള്ള മരുന്നിൻെറ വില കുറക്കാൻ കേന്ദ്രസ൪ക്കാ൪ നടപടി തുടങ്ങി. ബഹുരാഷ്ട്ര കമ്പനികൾ വൻതുകക്ക് വിൽക്കുന്ന മരുന്ന് ജെനറിക് പേരിൽ കുറഞ്ഞ വിലക്ക് വിപണിയിലെത്തിക്കാനാണ് പരിപാടി. സ്തനാ൪ബുദത്തിനുള്ള ട്രാസ്റ്റുസുമബ് (Trastuzumab), കീമോതെറപ്പി ചികിത്സക്കുള്ള ഇക്സബെപിലോൺ (Ixabepilone), രക്താ൪ബുദത്തിനുള്ള ഡസാറ്റിനിബ് (Dasatinib) എന്നീ മരുന്നുകളാണ് വില കുറച്ച് ലഭ്യമാക്കുക. നിലവിൽ ട്രാസ്റ്റുസുമബിന് 50,000, ഇക്സബെപിലോണ്  70,000 മുതൽ 80,000 വരെ, ഡസാറ്റിനിബ്ന് 15,000 രൂപ എന്നിങ്ങനെയാണ് വില. ഇവ  ജെനറിക് നാമത്തിൽ വിപണിയിലെത്തുമ്പോൾ  വില ഗണ്യമായി കുറയും.  
ഈ മരുന്നുകൾ ഉൽപാദിപ്പിച്ചു വിൽക്കാനുള്ള അവകാശമായ പേറ്റൻറ് ബഹുരാഷ്ട്ര കമ്പനികളുടെ കൈവശമാണ്. മറ്റു കമ്പനികൾക്ക് ഉൽപാദനം സാധ്യമല്ലെന്ന സാഹചര്യം മുതലെടുത്ത്  വൻവിലയാണ് ബഹുരാഷ്ട്ര കമ്പനികൾ ഈടാക്കി വരുന്നത്. ഈ പകൽകൊള്ള തടയുന്നതിന് ഈ മരുന്നുകൾ ഉണ്ടാക്കാനുള്ള ലൈസൻസ് ഒരു ഇന്ത്യൻ കമ്പനിക്ക് നൽകാനാണ് കേന്ദ്രസ൪ക്കാ൪ തീരുമാനം. പേറ്റൻറ് കൈവശമുള്ള കമ്പനികളുടെ അനുമതിയില്ലാതെ തന്നെ പ്രസ്തുത മരുന്നുകൾ നി൪മിച്ച് ജെനറിക് പേരിൽ വിൽക്കാൻ തദ്ദേശീയ കമ്പനിക്ക് അനുമതി നൽകാൻ ഇന്ത്യൻ പേറ്റൻറ് നിയമത്തിൽ വ്യവസ്ഥയുണ്ട്. പേറ്റൻറ് നിയമത്തിലെ  84, 92 വകുപ്പുകൾ പ്രകാരമുള്ള പ്രസ്തുത അധികാരം കാൻസ൪ രോഗികൾക്ക് ആശ്വാസത്തിനായി ഉപയോഗിക്കുകയാണ് കേന്ദ്രസ൪ക്കാ൪.
മരുന്ന് ആവശ്യത്തിന് ലഭ്യമല്ലാതിരിക്കുക, വില താങ്ങാവുന്നതിലും അപ്പുറമാവുക തുടങ്ങിയ സാഹചര്യങ്ങളിലാണ് പേറ്റൻറ് നിയമത്തിൽ സ൪ക്കാറിന് ഇടപെടാൻ സാധിക്കുക. ഇന്ത്യൻ വിപണിയിലെ വൻവില ചൂണ്ടിക്കാട്ടി   ട്രാസ്റ്റുസുമബ്, ഇക്സബെപിലോൺ, ഡസാറ്റിനിബ് എന്നിവ ഉൽപാദിപ്പിച്ച് വിൽക്കുന്നതിന് തദ്ദേശീയ കമ്പനിക്ക് ലൈസൻസ് നൽകാനുള്ള നടപടികൾ ഫാ൪മസ്യൂട്ടിക്കൽ ഡിപാ൪ട്ടുമെൻറ് ഇതിനകം തുടങ്ങി.  കരളിനെ ബാധിക്കുന്ന അ൪ബുദത്തിനുള്ള നെക്സാവ൪ എന്ന മരുന്ന് ഇത്തരത്തിൽ പേറ്റൻറ് മറികടന്ന് ജെനറിക് പേരിൽ  കഴിഞ്ഞ ആഗസ്റ്റിൽ ഇറക്കിയിുരന്നു.  ഇതോടെ വിലയിൽ 95 ശതമാനത്തിൻെറ കുറവാണുണ്ടായത്. ഇപ്പോൾ ഒരു മാസത്തേക്കുള്ള നെക്സാവ൪ 8880 രൂപക്ക് ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.