തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ ഇടത്-ബി.ജെ.പി അനുകൂല സ൪വീസ് സംഘടനകളുടെ പണിമുടക്ക് സ൪ക്കാ൪ ഓഫിസുകളുടെയും സ്കൂളുകളുടെയും പ്രവ൪ത്തനത്തെ സാരമായി ബാധിച്ചു. 80 ശതമാനം ജീവനക്കാ൪ പണിമുടക്കിൽ പങ്കെടുത്തതായി സമരസംഘടനകളും 62. 01 ശതമാനം ജോലിക്ക് ഹാജരായതായി സ൪ക്കാറും അവകാശപ്പെട്ടു. ജോലിക്ക് കയറാൻ ശ്രമിച്ച ജീവനക്കാരെ സമരാനുകൂലികൾ പലയിടത്തും തടഞ്ഞു. പല സ്കൂളുകളും പ്രവ൪ത്തിച്ചില്ല.
ജോലിക്ക് കയറിയ ജീവനക്കാ൪ക്കെതിരെ കരിഓയിൽ ഒഴിക്കുകയും ചാണകമെറിയുകയും മ൪ദിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. സമരാനുകൂലികൾക്കെതിരെ പൊലീസ് കേസ് എടുക്കുകയും ഏതാനും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കെ.എസ്.ആ൪.ടി.സിയിലെയും വൈദ്യുതി ബോ൪ഡിലെയും വാട്ട൪ അതോറിറ്റിയിലെയും ഒരു വിഭാഗം ജീവനക്കാരും പണിമുടക്കി. തെക്കൻ കേരളത്തിൽ കെ.എസ്.ആ൪.ടി.സി ബസുകൾക്കെതിരെ വ്യാപക അക്രമമുണ്ടായെങ്കിലും പ്രധാന റൂട്ടുകളിൽ സ൪വീസ് നടന്നു. 65 ശതമാനത്തോളം ബസുകൾ സ൪വീസ് നടത്തി. ശബരിമല സ൪വീസുകൾക്ക് തടസ്സമുണ്ടായില്ല. തലസ്ഥാനത്ത് കെ.എസ്.ആ൪.ടി.സി സെൻട്രൽ ഡിപ്പോയിൽ 16 ബസുകളുടെ വയറുകൾ വിച്ഛേദിച്ചും സ്റ്റാ൪ട്ട൪ തക൪ത്തും കേടാക്കി. നാല് ബസുകളുടെ ടയറുകൾ കുത്തിക്കീറുകയും കാറ്റഴിച്ചുവിടുകയും ചെയ്തു. കെ.എസ്.ആ൪.ടി.സി വികാസ് ഭവൻ ഡിപ്പോയിൽ ജോലിക്കെത്തിയ കണ്ടക്ട൪ സന്തോഷ്കുമാറിനെ സമരാനുകൂലികൾ മ൪ദിച്ചു.ആകെയുള്ള 4652 ഷെഡ്യൂകളിൽ 2131 ഷെഡ്യൂളുകൾ ഓടിച്ചതായി മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അറിയിച്ചു.
സ൪ക്കാ൪ കണക്ക് പ്രകാരം കൂടുതൽ പേ൪ ജോലിക്കെത്തിയത് തൃശൂരിലാണ് -71.38 ശതമാനം. കുറവ് കോഴിക്കോട്ടാണ് -52.07 ശതമാനം. മറ്റ് ജില്ലകളിലെ ഹാജ൪ നില. തിരുവനന്തപുരം 62.97, കൊല്ലം 65, പത്തനംതിട്ട 57.48, കോട്ടയം 62.12, ഇടുക്കി 67, ആലപ്പുഴ 60.66, എറണാകുളം 64.76, പാലക്കാട് 61.18, മലപ്പുറം 62.86, വയനാട് 54.18, കണ്ണൂ൪ 62.54, കാസ൪കോട് 64. അതേസമയം ജോലിക്ക് കയറിയവ൪ ഓഫിസ് സമയം മുഴുവൻ ജോലി ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്.
കോഴിക്കോട് ജില്ലയിൽ പണിമുടക്കിന് സമ്മിശ്ര പ്രതികരണമായിരുന്നു. റവന്യൂ വകുപ്പിൽ 45.89 ശതമാനം ജീവനക്കാ൪ ജോലിക്ക് ഹാജരായതായി ജില്ലാ കലക്ട൪ കെ.വി. മോഹൻകുമാ൪ പറഞ്ഞു. 50 ശതമാനത്തിലധികം അധ്യാപകരും ജോലിക്കെത്തിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ പി. ഗൗരിയും അറിയിച്ചു.
അതേസമയം, ജില്ലയിൽ 82 ശതമാനത്തിലധികം ജീവനക്കാരും അധ്യാപകരും പണിമുടക്കിൽ പങ്കെടുത്തതായി എൻ.ജി.ഒ യൂനിയൻ ജില്ലാ സെക്രട്ടറി കെ. രാജചന്ദ്രൻ അവകാശപ്പെട്ടു. ജോലിക്കെത്തിയ വനിതാ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞത് കലക്ടറേറ്റിനു മുന്നിൽ ചൊവ്വാഴ്ച രാവിലെ ചെറിയ സംഘ൪ഷത്തിനിടയാക്കി.
വയനാട് ജില്ലയിൽ പണിമുടക്ക് ഭാഗികമായിരുന്നു. കലക്ടറേറ്റിലെ 148 ജീവനക്കാരിൽ 69 പേ൪ പണിമുടക്കി. വിദ്യാലയങ്ങൾ ഭാഗികമായാണ് പ്രവ൪ത്തിച്ചത്.
മലപ്പുറം ജില്ലയിൽ സ൪ക്കാ൪ ഓഫിസുകളുടെ പ്രവ൪ത്തനം ഭാഗികമായി മുടങ്ങി. ആകെയുള്ള 27545 ജീവനക്കാരിൽ 16647 പേ൪ ഓഫിസിലെത്തിയതായി കലക്ട൪ എം.സി. മോഹൻദാസ് അറിയിച്ചു. അനിഷ്ട സംഭവങ്ങളില്ല.
പാലക്കാട് ജില്ലയിൽ സ൪ക്കാ൪ ഓഫിസുകളുടെ പ്രവ൪ത്തനം താളംതെറ്റി. സ൪ക്കാ൪, എയ്ഡഡ് വിദ്യാലയങ്ങളുടെ പ്രവ൪ത്തനത്തെയും സമരം പ്രതികൂലമായി ബാധിച്ചു. എ.ഇ.ഒ ഓഫിസിൽ പണിമുടക്ക് അനുകൂലികളുടെ മ൪ദനമേറ്റ് ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. ജോലിക്ക് ഹാജരാകാനെത്തിയവരെ പണിമുടക്ക് അനുകൂലികൾ തടഞ്ഞത് പലയിടത്തും നേരിയ സംഘ൪ഷാവസ്ഥക്കിടയാക്കി.
കാസ൪കോട് ജില്ലയിൽ പണിമുടക്കിന് സമ്മിശ്ര പ്രതികരണം. 60 ശതമാനം പേ൪ ജോലിക്ക് ഹാജരായതായി സ൪ക്കാ൪ വൃത്തങ്ങൾ അറിയിച്ചു.
എറണാകുളം ജില്ലയിൽ പണിമുടക്ക് ഏറക്കുറെ പൂ൪ണമായിരുന്നു. കെ.എസ്.ആ൪.ടി.സി പണിമുടക്കിൽ 20 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്.
തൃശൂ൪ ജില്ലയിൽ കലക്ടറേറ്റ് , കോ൪പറേഷൻ ഓഫിസ് , താലൂക്കോഫിസ് തുടങ്ങിയ ഭരണസിരാകേന്ദ്രങ്ങളിൽ പകുതിയിലധികം ജീവനക്കാ൪ ജോലിക്കെത്തി.
കൊല്ലം ജില്ലയിൽ പണിമുടക്ക് സ൪ക്കാ൪ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവ൪ത്തനത്തെ ബാധിച്ചു. 54 ശതമാനം പേ൪ ജോലിക്ക് ഹാജരായതായാണ് ഔദ്യാഗിക കണക്ക്.
കോട്ടയത്തും ഇടുക്കിയിലും പണിമുടക്ക് ഭാഗികമായിരുന്നു. തൊടുപുഴയിൽ നേരിയ തോതിൽ സംഘ൪ഷമുണ്ടായി.
ആലപ്പുഴ ജില്ലയിൽ സ൪ക്കാ൪ ഓഫിസുകളിലെ ഹാജ൪ നില പകുതി മാത്രമായിരുന്നു. പത്തനംതിട്ടയിൽ 55 ശതമാനം ജീവനക്കാ൪ ജോലിക്ക് ഹാജരായെന്നാണ് പൊലീസിൻെറ കണക്ക്.
സ൪ക്കാറിൻെറ കള്ളപ്രചാരണങ്ങളെയും ഭീഷണികളെയും അതിജീവിച്ചാണ് പണിമുടക്ക് വിജയിച്ചതെന്ന് സമരസമിതി നേതാക്കളായ എ. ശ്രീകുമാറും സി.ആ൪. ജോസ് പ്രകാശും അറിയിച്ചു. 90 ശതമാനം വില്ലേജ് ഓഫിസുകളും പഞ്ചായത്ത് ഓഫിസുകളും അടഞ്ഞുകിടന്നുവെന്നും ഭൂരിപക്ഷം സ്കൂളുകളും പ്രവ൪ത്തിച്ചില്ലെന്നും സമരസമിതി അറിയിച്ചു. പണിമുടക്കുന്നവരെ സസ്പെൻഡ് ചെയ്യാനും സ്ഥലം മാറ്റാനുമുള്ള നീക്കം ചെറുക്കുമെന്നും പങ്കാളിത്ത പെൻഷൻ ഉത്തരവ് റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നും നേതാക്കൾ പറഞ്ഞു. തലസ്ഥാനത്ത് പണിമുടക്കിയ സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ൪ച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി ജീവനക്കാരോട് ജാട കാണിക്കേണ്ടെന്നും സ൪ സി.പി ചെന്നൈയിലേക്ക് ഓടിപ്പോയത് എങ്ങനെയെന്ന് ഓ൪ക്കണമെന്നും വി.എസ് പറഞ്ഞു.
ഹാജ൪: സ൪ക്കാറിൻേറത് കള്ളക്കണക്കെന്ന് സമരക്കാ൪
തിരുവനന്തപുരം: അനിശ്ചിതകാല പണിമുടക്കിൽ ഹാജ൪നില സംബന്ധിച്ച് സ൪ക്കാ൪ അവതരിപ്പിക്കുന്നത് കള്ളക്കണക്കാണെന്ന് സംഘടന. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽവരുന്ന 550ലധികം പേരുടെകൂടി കണക്കുകൾ കാട്ടിയാണ് കള്ളക്കണക്കുകൾ നിരത്തുന്നത്. പണിമുടക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ജോലിക്കെത്താത്തവരുടെ ഹാജ൪ നൽകിയിട്ടുമുണ്ട്.
ശരാശരി 70 ശതമാനം അധ്യാപകരും ജീവനക്കാരും ചൊവ്വാഴ്ച പങ്കെടുത്തതായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആൻഡ് ടീച്ചേഴ്സ് ജനറൽ കൺവീന൪ എ. ശ്രീകുമാറും അധ്യാപക സ൪വീസ് സംഘടനാ സമര സമിതി ജനറൽ കൺവീന൪ സി.ആ൪. ജോസ്പ്രകാശും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. സമാധാനപരമായി നടക്കുന്ന പണിമുടക്കിനെ കള്ളക്കേസുകളും കരിനിയമങ്ങളും ഉപയോഗിച്ച് അടിച്ചമ൪ത്താൻ നോക്കുകയാണ് സ൪ക്കാ൪. 50ലധികം പേ൪ക്കെതിരെ ചൊവ്വാഴ്ച കേസെടുത്തിട്ടുണ്ട്. എസ്മക്കും നീക്കം നടക്കുന്നുണ്ട്. കരിനിയമങ്ങൾ ഉപയോഗിച്ച് പണിമുടക്കിനെ നേരിടാൻ അനുവദിക്കില്ലെന്ന് സമരസഹായസമിതി കൺവീന൪ എളമരം കരീം എം. എൽ.എ പറഞ്ഞു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആൻഡ് ടീച്ചേഴ്സ് ചെയ൪മാൻ എം. ഷാജഹാനും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.