ന്യൂദൽഹി: രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നിലെ സംഘ്പരിവാ൪ ബന്ധത്തിന് പുതിയ തെളിവ്. 2006 -2008 കാലയളവിൽ നടന്ന സ്ഫോടനങ്ങളിൽ ഉപയോഗിച്ച വസ്തുക്കളും സാങ്കേതികവിദ്യയും ഒന്നുതന്നെയാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഹൈദരാബദിലെ ഫോറൻസിക് ലാബിൽ നടന്ന പരിശോധനാ റിപ്പോ൪ട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) ലഭിച്ചു.
മാലേഗാവ് (2006, 2008), സംഝോത എക്സ്പ്രസ് (2006), അജ്മീ൪ (2007), മക്കാ മസ്ജിദ് ഹൈദരാബാദ് (2007), മൊദാസ ഗുജറാത്ത് (2008) എന്നീ സ്ഫോടനങ്ങളിൽ ശേഖരിച്ച തെളിവുകളാണ് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയത്. സ്ഫോടനത്തിന് ഉപയോഗിച്ച രാസവസ്തു, ബോംബ് നി൪മിച്ച വിധം, ബോംബിനകത്ത് ഉപയോഗിച്ച ഇലക്ട്രിക് സ൪ക്യൂട്ട്, ബാറ്ററി, ടൈം ബോംബ൪ സാങ്കേതികവിദ്യ, ഉപയോഗിച്ച ഡിറ്റനേറ്ററുകളുടെ ബാച്ച് നമ്പ൪ എന്നിവയെല്ലാം ഒന്നുതന്നെയാണെന്നാണ് പരിശോധനയിൽ വ്യക്തമായത്.
മാലേഗാവ്, മക്കാ മസ്ജിദ് സ്ഫോടനങ്ങൾക്ക് പിന്നിൽ സംഘ്പരിവാറാണെന്ന് എൻ.ഐ.എ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സ്ഫോടനങ്ങൾക്ക് പിന്നിലും സംഘ്പരിവാ൪ തന്നെയെന്ന് ഉറപ്പിക്കാവുന്ന ശക്തമായ തെളിവാണ് ഫോറൻസിക് റിപ്പോ൪ട്ടിലൂടെ പുറത്തുവന്നത്. നേരത്തേ കേസ് അന്വേഷിച്ച പൊലീസ് സ്ഫോടനങ്ങൾക്ക് പിന്നിൽ സിമിയാണെന്ന് ആരോപിച്ച് മുസ്ലിം യുവാക്കളെയാണ് അറസ്റ്റ് ചെയ്ത് തടവിലാക്കിയത്.
സംഝോത എക്സ്പ്രസ് സ്ഫോടന കേസിൽ ഈയിടെ പിടിയിലായ ആ൪.എസ്.എസ് പ്രവ൪ത്തകൻ രാജേന്ദ൪ ചൗധരി മലേഗാവ്, മക്കാ മസ്ജിദ് സ്ഫോടനങ്ങളിലെ സംഘ്പരിവാ൪ ബന്ധം ഏറ്റുപറഞ്ഞിട്ടുണ്ട്. ചൗധരിയുടെ മൊഴിയെ തുട൪ന്ന് മറ്റു നാലുപേരെ കൂടി ഈയിടെ അറസ്റ്റ് ചെയ്തിരുന്നു.
അഭിനവ് ഭാരത് എന്നപേരിൽ സംഘടിച്ചാണ് ഇവ൪ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഈ സംഘത്തിലെ സന്യാസിനി പ്രജ്ഞാസിങ്, കേണൽ പുരോഹിത്, സ്വാമി അസിമാനന്ദ എന്നിവ൪ നേരത്തേ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.