അഞ്ചേരി ബേബി വധക്കേസ്: എം.എം മണിയുടെ ജാമ്യാപേക്ഷ തള്ളി

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം മുൻ ജില്ലാ സെക്രട്ടറി എം.എം. മണി ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഒന്നുമുതൽ മൂന്നുവരെ പ്രതികളായ കൈനകരി കുട്ടൻ, എം.എം. മണി, ഒ.ജി. മദനൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ടി. രാമകൃഷ്ണൻ വ്യാഴാഴ്ച തള്ളിയത്. ചൊവ്വാഴ്ച പ്രതിഭാഗം അഭിഭാഷകൻെറയും പബ്ളിക് പ്രോസിക്യൂട്ടറുടെയും വാദം കേട്ട കോടതി വിധി പറയാൻ വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു.
രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തിയതാരാണെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആവശ്യമായ സമയം ലഭിച്ച സാഹചര്യത്തിൽ മണിക്ക് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. മണി ജില്ലയിലെ ശക്തനായ നേതാവാണെന്നും  പുറത്തുവന്നാൽ അന്വേഷണത്തെയും തെളിവ് ശേഖരണത്തെയും ബാധിക്കുമെന്നും  പ്രോസിക്യൂഷനും വാദിച്ചു. റിമാൻഡിലിരിക്കെ മണിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിവാദ്യം അ൪പ്പിച്ച് ഒട്ടേറെ നേതാക്കളാണ് കോടതി പരിസരത്ത് തടിച്ച് കൂടിയതെന്നും ഇത് മണിക്ക് ജില്ലയിലുള്ള സ്വാധീനം വെളിവാക്കുന്നതാണെന്നും മണി ജാമ്യത്തിൽ ഇറങ്ങിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പരാമ൪ശിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോ൪ട്ട് നൽകി. ഇതിൻെറ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയതെന്ന് കോടതി അറിയിച്ചു. രണ്ടാം തവണയാണ് മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷൻസ് കോടതി തള്ളുന്നത്. മണി, കുട്ടൻ, മദനൻ എന്നിവരെ 31 വരെയാണ് നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.