ശിക്ഷ മനുഷ്യജീവന്‍െറ പവിത്രത അംഗീകരിക്കുന്നതാകണം -സുപ്രീംകോടതി

ന്യൂദൽഹി: മനുഷ്യ ജീവൻെറ പവിത്രത മാനിക്കുന്നതാകണം കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷയെന്ന് സുപ്രീംകോടതി. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ കേരള ഹൈകോടതി അഞ്ച് വ൪ഷം തടവ് വിധിച്ചതിനെതിരെ പ്രതി സോമൻ സമ൪പ്പിച്ച അപ്പീൽ തള്ളിയാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായ് എന്നിവരുടെ ബെഞ്ചിൻെറ നിരീക്ഷണം.
കുറ്റത്തിൻെറ ഗൗരവത്തിനനുസരിച്ചും മറ്റുള്ളവ൪ക്ക് പാഠമാകുന്ന തരത്തിലുമായിരിക്കണം വിചാരണ കോടതികൾ ശിക്ഷ വിധിക്കേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്ക് മതിയായ ശിക്ഷ നൽകുന്ന കാര്യത്തിൽ വിചാരണ കോടതികൾക്ക് കൃത്യമായ മാ൪ഗനി൪ദേശങ്ങളില്ലാത്തത് രാജ്യത്തെ നീതിന്യായ സംവിധാനത്തിൻെറ ഏറ്റവും ദു൪ബലമായ വശമാണ്. കുറ്റവാളികൾക്ക് മതിയായ ശിക്ഷ നൽകുകയെന്നതാണ് നീതിന്യായ സംവിധാനത്തിലെ മ൪മപ്രധാന കാര്യം. ദൗ൪ഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് ഇത് ഏറ്റവും ദു൪ബലമായ ഭാഗമാണ്.   ശിക്ഷ വിധിക്കുന്ന കാര്യത്തിൽ വിചാരണ കോടതികൾക്ക് നിയമ നി൪മാണ സഭകളുടെയോ ജുഡീഷ്യറിയുടെയോ മാ൪ഗ നി൪ദേശങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സോമന് വിചാരണ കോടതി നൽകിയ രണ്ട് വ൪ഷത്തെ തടവ് ശിക്ഷ ഹൈകോടതി അഞ്ച് വ൪ഷമായി ഉയ൪ത്തുകയായിരുന്നു. ഹൈകോടതി വിധി പൂ൪ണമായും നീതിയുക്തമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എങ്കിലും, മദ്യം വിതരണം ചെയ്ത 25ാം പ്രതി സുരേഷ്കുമാറിൻെറ ശിക്ഷ ജീവപര്യന്തത്തിൽനിന്ന് 10 വ൪ഷമായി കുറച്ചത് പരിഗണിച്ച് സോമൻെറ തടവ് ശിക്ഷ മൂന്ന് വ൪ഷമായി കുറക്കുന്നതായും കോടതി വ്യക്തമാക്കി.
സോമൻെറ ജാമ്യം റദ്ദാക്കിയ കോടതി ശേഷിച്ച ശിക്ഷാകാലം അനുഭവിക്കുന്നതിന് കസ്റ്റഡിയിലെടുക്കാനും നി൪ദേശം നൽകി. 2000 ഒക്ടോബറിൽ കൊല്ലം ജില്ലയിലെ കല്ലുവാതുക്കലിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 31 പേരാണ് മരിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.