അവരെല്ലാമൊന്ന്

ഇന്ത്യൻ കമ്പോളത്തിലേക്ക് കടന്നുകയറാൻ ഒതുങ്ങിനിൽക്കുന്ന ബഹുരാഷ്ട്ര കുത്തകകളും കേന്ദ്രസ൪ക്കാറും തമ്മിലുള്ള ബന്ധമെന്താണ്? കുത്തകകൾക്കായി ഏജൻസി പണിയൊന്നും കേന്ദ്രം നടത്തിയിട്ടില്ല എന്ന് കരുതിയാൽ തന്നെ, ആ കമ്പനികൾ കേന്ദ്രസ൪ക്കാറിനെ തങ്ങളുടെ ഉപകരണമായിത്തന്നെ കണക്കാക്കി എന്നാണ് മനസ്സിലാവുന്നത്. ഇന്ത്യൻ ചില്ലറ വ്യാപാരമേഖല തുറന്നുകിട്ടാൻ വാൾമാ൪ട്ട് രണ്ടര കോടി ഡോളറിൻെറ ‘ലോബിയിങ്’ (കൈമടക്ക് എന്ന് മലയാളം) നടത്തി എന്ന വിവരം പുറത്തുവന്നതിൻെറ പിന്നാലെ, വേറെ 15 കമ്പനികൾകൂടി സ൪ക്കാറിൽ സാമ്പത്തിക സമ്മ൪ദം ചെലുത്തിയതിൻെറ കണക്കുകളും വെളിപ്പെട്ടിരിക്കുന്നു. ഇൻഷുറൻസ്, ധനകാര്യം, ചികിത്സ, ഐ.ടി, ടെലികോം തുടങ്ങി വളക്കൂറുള്ള രംഗങ്ങളിലെല്ലാം വൻതോതിൽ പണമിറക്കി വിവിധ വിദേശ കമ്പനികൾ. കൈക്കൂലി, കോഴ തുടങ്ങിയ വാക്കുകളാൽ വിശേഷിപ്പിക്കുന്ന കാര്യങ്ങൾ ‘ലോബിയിങ്’ ആകുമ്പോൾ നിയമവിധേയമാകുമോ? നാട്ടുകാ൪ ചെയ്താൽ കുറ്റമാകുന്നത് അമേരിക്കൻ കമ്പനികൾ ചെയ്താൽ ന്യായമാകുമോ?
കമ്പനികൾക്കുവേണ്ടി കമ്പനികൾ മാത്രമാണ് സമ്മ൪ദതന്ത്രങ്ങൾ പുറത്തെടുക്കുന്നത് എന്നും കരുതേണ്ട. ഇന്ത്യയിൽ ഈയിടെ സന്ദ൪ശനം നടത്തിയ സമ്പന്നരാജ്യങ്ങളുടെ നേതാക്കളും കുത്തകകൾക്കുവേണ്ടിയാണ് സംസാരിച്ചതും സമ്മ൪ദം പ്രയോഗിച്ചതും. 2009നുശേഷം ഇവിടെ വന്ന ബറാക് ഒബാമ (യു.എസ്) ഡേവിഡ് കാമറൺ (ബ്രിട്ടൻ), സാ൪കോസി (ഫ്രാൻസ്), അംഗലാ മെ൪കൽ (ജ൪മനി) എന്നിവരൊക്കെ ചില്ലറ വ്യാപാരരംഗത്ത് വിദേശ കമ്പനികൾക്ക് പൂ൪ണപ്രവേശം വേണമെന്ന് പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടവരാണ്. മുമ്പ് വാൾമാ൪ട്ടിൻെറ ഡയറക്ട൪മാരിലൊരാളായിരുന്ന ഹിലരി ക്ളിൻറൻ ഇപ്പോൾ യു.എസ് വിദേശകാര്യ സെക്രട്ടറിയാണല്ലോ. അപ്പോൾ ചോദ്യം ഇതുമാത്രം: ഭരണക൪ത്താക്കളൊക്കെയും കുത്തകകളുടെ പക്ഷംചേ൪ന്നിരിക്കെ ജനങ്ങളുടെ പക്ഷത്ത് ആരാണ്?

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT