കണ്ണൂര്‍ വിമാനത്താവളം മൂന്ന് വര്‍ഷത്തിനുള്ളില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും -മന്ത്രി ബാബു

തിരുവനന്തപുരം: നി൪ദിഷ്ട കണ്ണൂ൪ അന്താരാഷ്ട്ര വിമാനത്താവളം മൂന്ന്വ൪ഷത്തിനുള്ളിൽ നി൪മാണം പൂ൪ത്തിയാക്കി രാഷ്ട്രത്തിന് സമ൪പ്പിക്കുമെന്ന് എയ൪പോ൪ട്ടുകളുടെ ചുമതലയുള്ള മന്ത്രി കെ. ബാബു പറഞ്ഞു. കണ്ണൂ൪ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ തിരുവനന്തപുരത്ത് ചേ൪ന്ന വാ൪ഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളകമ്പനിയുടെ പ്രോജക്ട് ഓഫിസിൻെറ പുതിയ കെട്ടിടം ഡിസംബ൪ ആറിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മട്ടന്നൂരിൽ ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിൻെറ കരട് പദ്ധതി രൂപരേഖ കൊച്ചിൻ ഇൻറ൪നാഷനൽ എയ൪പോ൪ട്ട് ലിമിറ്റഡ് (സിയാൽ) സമ൪പ്പിച്ചു. രൂപരേഖയിൽ അവശ്യം വേണ്ട ചില മാറ്റങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്.
അന്തിമ പദ്ധതി രൂപരേഖ സിയാൽ ഉടൻ സമ൪പ്പിക്കും. വിമാനത്താവള കമ്പനിക്ക് വേണ്ടിയുള്ള മൂന്നാംഘട്ട സ്ഥലമേറ്റെടുക്കൽ പ്രക്രിയ പൂ൪ത്തിയായി. ഏറ്റെടുത്ത സ്ഥലത്തിനുള്ള വില സ്റ്റേറ്റ് ലെവൽ എംപവേഡ് കമ്മിറ്റി നി൪ണയിച്ചു. വിമാനത്താവള പദ്ധതിക്കായുള്ള പരിസ്ഥിതി ആഘാതപഠനം സെസ് പൂ൪ത്തിയാക്കി റിപ്പോ൪ട്ട് സംസ്ഥാന മലിനീകരണനിയന്ത്രണബോ൪ഡിന് നൽകി. പരിസ്ഥിതി ക്ളിയറൻസിന് മുമ്പായുള്ള പബ്ളിക് ഹിയറിങ്ങിനായുള്ള വിജ്ഞാപനം മലിനീകരണ നിയന്ത്രണബോ൪ഡ് പുറപ്പെടുവിച്ചെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.പി. മോഹനൻ, കിൻഫ്ര മാനേജിങ് ഡയറക്ട൪ എസ്. രാംനാഥ്, കണ്ണൂ൪ വിമാനത്താവളം കമ്പനി മാനേജിങ് ഡയറക്ട൪ വി. തുളസീദാസ് എന്നിവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:08 GMT