വെച്ചും വിളമ്പിയും സി.പി.എമ്മിന്‍െറ സമരജ്വാല

തിരുവനന്തപുരം: നിരവധി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ശനിയാഴ്ച വേറിട്ട ഒരു അന്തരീക്ഷമായിരുന്നു. സമര അടുപ്പുകളിൽ അഗ്നി കൊളുത്തിയതോടെ ധിറുതിയിലായിരുന്നു സമരക്കാ൪. ചാനൽ കാമറകളുടെ കണ്ണിൽ പെടാനുള്ള തിരക്കിലായിരുന്നു പ്രവ൪ത്തകരിൽ ചില൪. ആദ്യ വിഭവം പാ൪ട്ടി സെക്രട്ടറിക്ക് വിളമ്പാനുള്ള തത്രപ്പാടിലായിരുന്നു മറ്റ് ചില൪. അടുപ്പ്കൂട്ടി സമരത്തിൻെറ ആദ്യാവസാനം പ്രവ൪ത്തക൪ക്കും നേതാക്കൾക്കും ഇടയിൽ നിലനിന്ന മത്സരാന്തരീക്ഷത്തിന് അറുതിയായത് എ.കെ.ജി സെൻററിലെ ജീവനക്കാരാനായ പി.ടി.പി നഗ൪ സ്വദേശി രവി ആദ്യ വിഭവം വിളമ്പിയതോടെയാണ്. വൈകുന്നേരം അഞ്ചോടെ സമരാഗ്നിയിൽ നിന്ന് വേവിച്ചെടുത്ത  ഇലയപ്പം പാ൪ട്ടി സെക്രട്ടറി പിണറായി വിജയന് കൈമാറിയതോടെ കാമറകളെല്ലാം അവിടേക്ക് തിരിഞ്ഞു.  
പിണറായി വിജയൻെറ ഭാര്യ കമല കപ്പയും മുളക് ചമ്മന്തിയും വെച്ച് വിളമ്പിയപ്പോൾ പ്രതിപക്ഷ നേതാവ് തൊട്ടടുത്ത് വി.എസ്. അച്യുതാനന്ദൻെറ ഭാര്യ വസുമതി പായസമുണ്ടാക്കുകയായിരുന്നു. കമലത്തിൻെറ അടുപ്പിൽ വെന്ത കപ്പ വസുമതിയും അവരുടെ അടുപ്പിൽ തിളച്ചു മറിഞ്ഞ പായസം ചെറുചൂടോടെ കമലവും പങ്കുവെച്ച് കഴിച്ചു.
പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഭാര്യ ബെറ്റി മത്തിക്കറിയാണുണ്ടാക്കിയത്. എം. വിജയകുമാറിൻെറ ഭാര്യ ശ്രീകല  ഉണ്ണിയപ്പം റെഡിയാക്കിയപ്പോഴാണ് വി.എസ്  എത്തിയത്. വി.എസിനെ കണ്ടതും വിജയകുമാ൪ അദ്ദേഹത്തിന് നൽകി ഉണ്ണിയപ്പം. ഇതിനിടെ എൻ.ജി.ഒ യൂനിയൻ പ്രവ൪ത്തകൻ ഉണ്ടാക്കിയ തട്ടുദോശ മുന്നിലെത്തിയതോടെ വി.എസ് അതു കഴിച്ചു.
എ.സമ്പത്ത് എം.പിയുടെ ഭാര്യ ലിസി കാരറ്റ് ഹൽവയും മേയ൪ കെ.ചന്ദ്രിക കപ്പയുമാണുണ്ടാക്കിയത്. സമീപത്തെ അടുപ്പുകളിൽ ഓംലറ്റ്, ബുൾസൈ, കപ്പ ബിരിയാണി, കട്ടൻ ചായ തുടങ്ങിയ വിഭവങ്ങൾ സമരത്തീയിൽ വെന്തു. അടുപ്പ്കൂട്ടി സമരത്തിൻെറ ഭാഗമായി നടന്ന സമ്മേളനത്തോടൊപ്പം തന്നെ എം.ജി റോഡിലെ മാലിന്യമെല്ലാം നീക്കം ചെയ്തത് വൃത്തിയാക്കുന്നതിലും പ്രവ൪ത്തക൪ മുൻകരുതലെടുത്തു. ജില്ലയിൽ പാറശ്ശാല മുതൽ കടമ്പാട്ടുകോണം വരെയുള്ള 77 കി.മി ദൈ൪ഘ്യത്തിലാണ് സമരം നടന്നത്. പാറശ്ശാലയിൽ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം ആനാവൂ൪ നാഗപ്പനും കുടുംബവും ആദ്യ അടുപ്പുകൂട്ടി.
സി.പി.എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം.വിജയകുമാ൪ രക്തസാക്ഷി മണ്ഡപത്തിലും പിരപ്പൻകോട്മുരളി  വെള്ളായണിയിലും കോലിയകോട് കൃഷ്ണൻനായ൪  തോന്നയ്ക്കൽ 16 ാം മൈലിലും കുടുംബസമേതം അടുപ്പുകൂട്ടി സമരത്തിൽ പങ്കാളികളായി.
 ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രൻെറ കുടുംബം പട്ടം എൽ.ഐ.സി ഓഫിസിന് മുന്നിൽ സമരത്തിൽ പങ്കെടുത്തു. ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.കെ.ആശാരി ആലുമൂടും സി. ജയൻബാബു കല്ലമ്പലത്തും സി.അജയകുമാ൪ ഉള്ളൂരിലും കാട്ടാക്കട ശശി  കൊറ്റാമത്തും വി.കെ. മധു  കണിയാപുരത്തും എൻ.രതീന്ദ്രൻ  പാറശ്ശാലയിലും അടുപ്പുകൂട്ടി സമരത്തിൽ പങ്കാളികളായി വി.ശിവൻകുട്ടി എം.എൽ.എ രക്തസാക്ഷി മണ്ഡപത്തിന് മുന്നിലും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.