ദല്‍ഹിയില്‍ ടിക്കറ്റ് എക്‌സാമിനറെ യാത്രക്കാരന്‍ വെടിവെച്ചുകൊന്നു

ലഖ്‌നൗ: ടിക്കറ്റ് പരിശോധനക്കിടെ റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറെ (സിടിഐ) യാത്രക്കാരൻ വെടിവെച്ചുകൊന്നു. ഗാസിയാബാദിനും ന്യൂദൽഹിക്കും മധ്യേ മഹാനന്ദ എക്‌സ്പ്രസ് ട്രെയിനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബംഗാളിൽ നിന്നും ന്യൂദൽഹിയിലേക്ക് വരുകയായിരുന്ന ട്രെയിൻ സാഹിബാബാദിലെത്തിയപ്പോഴാണ് ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറായ മൊറാദബാദ് സ്വദേശി കിഫയത്തുള്ളയ്ക്ക് വെടിയേറ്റത്.

ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ബോഗിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഒരു സംഘം യുവാക്കൾ ടിക്കറ്റ് ഇൻസ്‌പെക്ടറുമായി വാക്കുത൪ക്കത്തിലായി. ടിക്കറ്റില്ലെങ്കിൽ പിഴ ഈടാക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനെച്ചൊല്ലി വാക്കുത൪ക്കം തുടരുന്നതിനിനിടെ യുവാക്കളിൽ ഒരാൾ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. കിഫയത്തുള്ളയുടെ വയറ്റിലാണ് വെടിയേറ്റത്. സംഭവത്തെ തുട൪ന്ന് മറ്റ് യാത്രക്കാ൪ ചേ൪ന്ന് ട്രെയിൻ ചങ്ങല വലിച്ച് നി൪ത്തി. ഉടൻതന്നെ കിഫയത്തുള്ളയെ ഗുരു തേജ് ബഹാദൂ൪ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 10.30 ഓടെ മരിച്ചു. സംഭവത്തെ തുട൪ന്ന് ഓടി രക്ഷപ്പെട്ട അക്രമികളെ കണ്ടെത്താൻ പൊലീസ് ഊ൪ജ്ജിത അന്വേഷണം നടത്തിവരികയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.