ഐ.ടി നിയമപ്രകാരം അറസ്റ്റ്: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ നീതിക്കായി രംഗത്ത്

മുംബൈ: ഫേസ്ബുക്കിൽ അപകീ൪ത്തികരമായ പോസ്റ്റുകൾ കുറിച്ചതിന് ഐ.ടി നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് എയ൪ ഇന്ത്യ ഉദ്യോഗസ്ഥ൪ നീതി ആവശ്യപ്പെട്ട് രംഗത്ത്. എയ൪ ഇന്ത്യ ട്രേഡ് യൂനിയൻ നേതാക്കൾകൂടിയായ കെ.വി.ജെ. റാവു, മായങ്ക് ശ൪മ എന്നിവരാണ് പൊലീസിൻെറ രണ്ടു തരത്തിലുള്ള നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ശിവസേന നേതാവ് ബാൽ താക്കറെ മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ബന്ദിനെ ചോദ്യംചെയ്ത് ഫേസ്ബുക്കിൽ പരാമ൪ശം നടത്തിയ യുവതികൾക്ക് ലഭിച്ച നീതി തങ്ങൾക്ക് ലഭിച്ചില്ലെന്ന് ഇവ൪ പറയുന്നു. 2012 മേയിലാണ് രാഷ്ട്രീയക്കാരെ മോശമായി ചിത്രീകരിച്ചെന്നും ദേശീയപതാകയെ അവഹേളിച്ചെന്നും ചൂണ്ടിക്കാട്ടി ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
മുമ്പ് ശിവസേനയിലും ഇപ്പോൾ എൻ.സി.പിയിലുമുള്ള ട്രേഡ് യൂനിയൻ നേതാവ് കിരൺ പവാസ്കറിൻെറ പരാതിയിലാണ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ, 12 ദിവസം ജയിൽശിക്ഷ അനുഭവിച്ച ശേഷമാണ് ഇരുവ൪ക്കും പുറത്തിറങ്ങാനായത്.
എന്നാൽ, ബാൽ താക്കറെ പ്രശ്നത്തിൽ യുവതികൾക്ക് ഉടൻ ജാമ്യം ലഭിച്ചപ്പോൾ തങ്ങൾക്കെതിരെ ഇല്ലാത്ത വകുപ്പുകൾ എഴുതിച്ചേ൪ത്ത് ജയിലിലടക്കുകയായിരുന്നു പൊലീസെന്ന് ഇവ൪ പറയുന്നു.
സംഭവത്തെ തുട൪ന്ന് ഇവരെ എയ൪ ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു. നേരത്തേ, കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിൻെറ മകൻ കാ൪ത്തിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വ്യാപാരിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.