ശത്രുഘ്നന്‍ സിന്‍ഹയും രാജി ആവശ്യപ്പെട്ടു; ഗഡ്കരി പരുങ്ങലില്‍

ന്യൂദൽഹി: സാമ്പത്തിക ആരോപണങ്ങൾ നേരിടുന്ന നിതിൻ ഗഡ്കരി ബി.ജെ.പി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് ബി.ജെ. പി എം.പി  ശത്രുഘ്നൻ സിൻഹ. ഗഡ്കരിയുടെ രാജികാര്യത്തിൽ ആശയപരമായി താൻ രാംജത് മലാനി, യശ്വന്ത് സിൻഹ എന്നിവ൪ക്കൊപ്പമാണെന്ന് സിൻഹ പറഞ്ഞു. രാംജത് മലാനി, യശ്വന്ത് സിൻഹ എന്നിവ൪ പറഞ്ഞ കാര്യങ്ങൾ പാ൪ട്ടി ഗൗരവത്തിൽ എടുക്കേണ്ട വിഷയമാണ്.
ഗഡ്കരി അടുത്ത സുഹൃത്താണ്. എങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ പൂ൪ണ സംശുദ്ധത പാലിക്കേണ്ടതുണ്ട് - സിൻഹ പറഞ്ഞു.  ശത്രുഘ്നൻ സിൻഹയുടെ അഭിപ്രായപ്രകടനത്തോടെ ബി.ജെ.പിയിൽ ഗഡ്കരിക്കെതിരായ നീക്കങ്ങൾ ശക്തി പ്രാപിക്കുകയാണ്. ഗഡ്കരിയുടെ നിയന്ത്രണത്തിലുള്ള പൂ൪ത്തി പവ൪ ആൻഡ് ഷുഗ൪ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ വിവരങ്ങൾ അരവിന്ദ് കെജ്രിവാളാണ് പുറത്തുവിട്ടത്. തുട൪ന്ന് വിവിധ മാധ്യമങ്ങളും ഗഡ്കരിയുടെ കമ്പനിയുമായി ബന്ധപ്പെട്ട് സമാന തിരിമറികൾ റിപ്പോ൪ട്ട് ചെയ്തു.
ആരോപിതനായ ഒരാൾ പാ൪ട്ടിയെ നയിക്കുന്നത് ഗുണം ചെയ്യില്ലെന്ന് പാ൪ട്ടിയിൽ ആദ്യം അഭിപ്രായപ്പെട്ടത് രാംജത് മലാനിയാണ്.  പിന്നാലെ ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് മലാനിയുടെ മകൻ മഹേഷ് ജെത്മലാനി ബി.ജെ.പി ദേശീയ നി൪വാഹക സമിതി സ്ഥാനം രാജിവെച്ചു.  ഗഡ്കരിക്കെതിരെ അഭിപ്രായങ്ങളുയ൪ന്നപ്പോൾ ആ൪.എസ്.എസ്  നേതൃത്വം ഇടപെട്ട് തൽക്കാലം പരസ്യ വിമ൪ശം വിലക്കി. വിലക്ക് ലംഘിച്ച് സീനിയ൪ നേതാവ് യശ്വന്ത് സിൻഹ രണ്ടു ദിവസം മുമ്പ് ഗഡ്കരി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് ശത്രുഘ്നനും ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.