ന്യൂദൽഹി: 2008ൽ മുംബൈ ഭീകരാക്രമണത്തെ നേരിട്ട കമാൻഡോകൾക്ക് രാജ്യസ്നേഹികൾ സംഭാവനയായി നൽകിയ ലക്ഷങ്ങൾ അധികൃത൪ മുക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി എൻ.എസ്.ജി (നാഷനൽ സെക്യൂരിറ്റി ഗാ൪ഡ്) രംഗത്ത്. കമാൻഡോകൾക്ക് സ്വകാര്യ വ്യക്തികളിൽനിന്നോ സംഘടനകളിൽനിന്നോ പണം സ്വീകരിക്കാൻ കഴിയില്ലെന്നും അതിനാൽ, എൻ.എസ്.ജി ക്ഷേമഫണ്ടിലേക്ക് മാറ്റി നൽകാനാവശ്യപ്പെട്ട് ചെക്കുകൾ തിരിച്ചയക്കുകയായിരുന്നെന്നും എൻ.എസ്.ജി ഗ്രൂപ് കമാൻഡ൪ (ഇൻറലിജൻസ്) അജയ്സിങ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മുംബൈ ഭീകരാക്രമണത്തിലെ കമാൻഡോ ഓപറേഷനിൽ പങ്കെടുത്ത മുൻ കമാൻഡോ നായിക് സുരേന്ദ൪സിങ് കഴിഞ്ഞദിവസം പ്രതികരിച്ചതാണ് വിവാദമായത്. രാജ്യത്തിൻെറ മാനം രക്ഷിക്കാൻ ജീവൻ പണയംവെച്ച് പോരാടിയവ൪ക്കും പരിക്കേറ്റവ൪ക്കുമായി പലരും സഹായമെത്തിച്ചെങ്കിലും തങ്ങൾക്ക് ഒന്നും കിട്ടിയില്ലെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.
എന്നാൽ, എൻ.എസ്.ജി നൽകിയ വിശദീകരണം ഇങ്ങനെയാണ്: ‘22 ലക്ഷം രൂപയുടെ 15 ചെക്കുകളാണ് വിവിധ കമാൻഡോകളുടെ പേരിൽ കിട്ടിയത്. ഗുഡ്ഗാവിലെ ഹൈടെക് ഗിയേ൪സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻെറ ചെയ൪മാനും മാനേജിങ് ഡയറക്ടറുമായ ദീപ് കപൂരിയയാണ് എല്ലാ ചെക്കുകളും നൽകിയത്. ഇതിൽ സുരേന്ദ൪ സിങ്ങിൻെറ പേരിലുള്ള രണ്ടു ലക്ഷം രൂപയുടെ ചെക്കും ഉൾപ്പെടും. ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചപ്പോൾ ഇങ്ങനെ പണം സ്വീകരിക്കാൻ അനുവാദമില്ലെന്നും വേണമെങ്കിൽ എൻ.എസ്.ജി വെൽഫെയ൪ ഫണ്ടിലേക്ക് സ്വകാര്യവ്യക്തികൾക്ക് പണം അയക്കാമെന്നുമാണ് നി൪ദേശം ലഭിച്ചത്. ഇതുപ്രകാരം മുഴുവൻ ചെക്കുകളും വെൽഫെയ൪ ഫണ്ടിലേക്ക് മാറ്റിത്തരണമെന്നാവശ്യപ്പെട്ട് തിരിച്ചയച്ചു. എന്നാൽ, ഇവയിൽ ഒന്നുപോലും തിരിച്ചുവന്നില്ലെന്ന് എൻ.എസ്.ജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.