ആ മോർച്ചറി തണുപ്പിൽ അവർ എന്തു ചെയ്​തിരിക്കും...?

വല്ലാതെ മനസ്സിനെ കുത്തിനോവിക്കുന്നുണ്ട്​ ആ വാർത്ത. 
കണ്ണടയ്ക്കുമ്പോഴൊക്കെയും മുന്നിൽ തെളിയുന്നത് ഒരു മോർച്ചറിയും അതിനകത്തെ പേടിപ്പെടുത്തുന്ന അരണ്ട വെളിച്ചത്തിൽ, എല്ലുകോച്ചുന്ന തണുപ്പിൽ എല്ലാമെല്ലാമായ മക​​​​​െൻറ മരവിച്ച കുഞ്ഞുശരീരം ചേർത്തു പിടിച്ച് ഇനിയെന്തു ചെയ്യണമെന്നറിയാത്ത രണ്ട് നിസ്സഹായ ജന്മങ്ങളാണ്​.

അവരെങ്ങനെയായിരിക്കും അതിനുളളിൽ ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയിരിക്കുക?
ആലോചിക്കാൻ പോലുമാവുന്നില്ല. ആ നേരമത്രെയും അവർ കരഞ്ഞിരുന്നിരിക്കുമോ? 
അതോ തങ്ങളുടെ ജീവ​​​​​െൻറ ജീവനോട് മുഖത്തെ തുണി നീക്കി സംസാരിച്ചു കൊണ്ടേയിരുന്നിട്ടുണ്ടാവുമോ? 
അവൻ വികൃതി കാണിച്ച് കണ്ണടച്ചു കിടന്ന് പേടിപ്പിക്കുകയാണെന്ന് കരുതി വഴക്കു പറഞ്ഞിരിക്കുമോ?

ചിലപ്പോൾ, കെട്ടിപ്പിടിച്ച് മരവിച്ച കുഞ്ഞുടലിന് ചൂട് പകർന്നിരിക്കണം. ഉമ്മകൾ കൊണ്ട് മൂടിയിട്ടുണ്ടാവും.... ദുസ്വപ്നം കാണാതിരിക്കാൻ കാതിൽ മന്ത്രങ്ങൾ ചൊല്ലിയിരിക്കാം... മരത്തിൽ കയറി മറിഞ്ഞതിന്​ സ്നേഹത്തോടെ ശാസിച്ചിരിക്കാം.. പുലർച്ചെ ഉറക്കത്തിൽനിന്നെന്നവണ്ണം കണ്ണുതിരുമ്മി അവൻ എഴുന്നേറ്റുവരുമെന്ന്​ കാത്തിരുന്നിരിക്കണം...

എനിക്കറിയില്ല.
നെഞ്ചു പൊട്ടുന്നു... ദൈവമേ...!

ഏതാനും ആഴ്ച മുമ്പായിരുന്നു ആ സംഭവം. രാജസ്ഥാനിലെ ജയ്​പൂരിനടുത്ത്​ പീപ്പൽ ഖൂന്ത്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ഹാരോ ഗ്രാമത്തിൽ. ചോട്ടു എന്നായിരുന്നു ആ പത്തു വയസ്സുകാര​​​​​െൻറ പേര്. കളിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണതാണത്രെ. ആരൊക്കെയോ എടുത്ത് ദൂരെയുളള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, അവൻ എന്നെന്നേക്കുമായി ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. വിവരമറിഞ്ഞ് അഛനും അമ്മയും പാഞ്ഞെത്തിയപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. മോർച്ചറിയുടെ മുന്നിൽ നിന്ന് ആ പാവങ്ങൾ കെഞ്ചിക്കാണും. ഗോത്ര വിഭാഗത്തിൽപ്പെട്ട രമേഷ് മീണയുടെയും രക്മിയുടെയും മകനായിരുന്നു ചോട്ടു.

മൃതദേഹം രാവിലെ മാത്രമേ പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. തങ്ങളുടെ പൊന്നോമനയെ മോർച്ചറിയിൽ ഉപേക്ഷിച്ചു പോവാൻ അവർക്കാവുമായിരുന്നില്ല. മോർച്ചറി സൂക്ഷിപ്പുകാരൻ ഒരു ‘ഔദാര്യം’ കാണിച്ചു. രണ്ടു പേരെയും കുട്ടിയുടെ ബോഡിക്കൊപ്പം മോർച്ചറിയിൽ ഇട്ടു പൂട്ടി!!

പിറ്റേന്ന് രാവിലെ പോസ്റ്റ് മോർട്ടത്തിന് ബോഡിയെടുക്കാൻ വന്നവർ ഞെട്ടി. അതിനകത്ത് ശവങ്ങളുടെ ഇടയിൽ ജീവനുളള രണ്ട് മനുഷ്യർ ! !

ഈ പണി ചെയ്ത പ്യൂണി​​​​​െൻറ പണി പോയെങ്കിലും ആ രാത്രിയുടെ തടവറയിൽ മരണത്തിനും ജീവിതത്തിനുമിടയിൽ പൊന്നുമോന് കാവലിരിക്കേണ്ടി വന്ന രണ്ട് നിസ്സഹായ ജന്മങ്ങളോട് ആര് മറുപടി പറയും?
ഏതാശ്വാസ വാക്കുകൾക്കാണ് അവരുടെ ഉളളിനെ തണുപ്പിക്കാനാവുക?
ആ രാത്രിയുടെ ഓർമകളിൽ നിന്ന് അവർക്കെന്നെങ്കിലും മോചനമുണ്ടാവുമോ?
അറിയില്ല.

ആദിവാസികളെയും ഗോത്രവർഗക്കാരെയുമൊക്കെ എന്നു മുതലാണ് നമ്മളിനി മനസ്സും മജ്ജയുമുളള മനുഷ്യരായി കൂടെ കൂട്ടുക? രണ്ട് കോളം വാർത്തക്കപ്പുറം ഭൂമിയിൽ ഒന്നുമല്ലാത്തവർ !
ദൈവമേ, എങ്ങനെയാണ് ലോകത്തിന് ഈ പാവങ്ങളോട് ഇത്രമേൽ ക്രൂരമാവാൻ കഴിയുന്നത്?

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.