തിരുവനന്തപുരം: ദേവാസുരത്തിലെ ഭാനുമതിയുടെ ചിലങ്കയഴിക്കല്‍ നൃത്തപ്രേമികളുടെ മനസ്സില്‍ നീറുന്ന ഓര്‍മയാണ്. അതിലെ കഥാസന്ദര്‍ഭത്തിന് വിപരീതമായി ഭര്‍തൃവിയോഗത്തെതുടര്‍ന്ന് ചിലങ്ക പെട്ടിയില്‍ പൂട്ടിവെച്ച അമ്മയുടെയും, അമ്മയെ ചിലങ്കയണിയിക്കാന്‍ വേദിയില്‍ നിറഞ്ഞാടി എ ഗ്രേഡ് നേടിയൊരു മകന്‍െറയും കഥയാണിത്. കോഴിക്കോട് പേരാമ്പ്ര എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി സന്ദീപ് സത്യനും അമ്മ ജയശ്രീയുമാണ് ഈ കഥയിലെ ആട്ടക്കാര്‍.
മകന്‍െറ വിജയമറിഞ്ഞ ജയശ്രീയുടെ കണ്ണ് നിറഞ്ഞു. ആനന്ദമോ ദു$ഖമോ അതിനുപിന്നിലെന്നറിയാതെ ഒരു വേള സന്ദീപ് പകച്ചു. ‘അഴിച്ചുവെച്ച ചിലങ്ക ഇനി എന്‍െറ അമ്മ എടുത്തണിയും. കാലുകള്‍ നൃത്തംചവിട്ടും. എനിക്ക് തന്ന വാക്കാണത്’ -സന്ദീപ് പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനത്തിലാണ് സന്ദീപ് എ ഗ്രേഡ് നേടിയത്. അമ്മ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജയശ്രീ തൊട്ടില്‍പാലം കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. അഞ്ചുവര്‍ഷംമുമ്പ് സന്ദീപിന്‍െറ അച്ഛന്‍ സത്യന്‍െറ മരണമാണ് ജയശ്രീയെ നൃത്തത്തില്‍നിന്ന് അകറ്റിയത്. കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടറായിരുന്ന സത്യന്‍ മാനന്തവാടി ഡിപ്പോയില്‍ ജോലി നോക്കുമ്പോഴായിരുന്നു മരണം.
ഭരതനാട്യവും കുച്ചിപ്പുടിയും കേരളനടനവും നാടോടിനൃത്തവുമൊക്കെ സന്ദീപ് ആദ്യം പഠിച്ചത് അമ്മയില്‍നിന്നാണ്. ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം തുടങ്ങിയവയില്‍ ജയശ്രീയുടെ ഗുരു കലാമണ്ഡലം സത്യവര്‍ധനായിരുന്നു. ഭരതാഞ്ജലി മധുസൂദനന് കീഴിലാണ് മകന്‍െറ പഠനം. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് സന്ദീപും അമ്മയും മത്സരത്തിനത്തെിയത്. ഇക്കാര്യം നന്ദിയോടെ സ്മരിച്ച ആ അമ്മ വീണ്ടും ചിലങ്കയണിയുമെന്ന് പറഞ്ഞാണ് സന്തോഷത്തോടെ കോഴിക്കോട്ടേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.