ഫ്ളക്സിന് മറുഫ്ളക്സ്; വോട്ടര്‍മാര്‍ വക

തൃശൂര്‍: സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഫ്ളക്സ് ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമൊക്കെ അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ നാടെങ്ങും ഫ്ളക്സാണ്. ഇതേക്കുറിച്ച് അന്വേഷിച്ചാല്‍ ചെന്നത്തെുക വോട്ടര്‍മാരിലാണ്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മോഹന വാഗ്ദാനങ്ങള്‍ നല്‍കി നിരത്തിയ ഫ്ളക്സുകള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ ഉയര്‍ത്തിയതാണ് ഇവ.

വാഗ്ദാനങ്ങള്‍ വൃഥാവിലാക്കിയവരുടെ തൊലിയുരിയുന്ന വിവരണങ്ങളാണ് ഇത്തരം ഫ്ളക്സുകളിലെ വിഷയം. പതിറ്റാണ്ടുകളായി നിറവേറാത്ത ആവശ്യങ്ങള്‍ ഫ്ളക്സില്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു. ജനവിരുദ്ധ നടപടികളുടെ ജനകീയ വിചാരണ കൂടിയാണിവ. തെരഞ്ഞെടുപ്പ് കാലത്ത് കാര്യങ്ങള്‍ എല്ലാവരെയും അറിയിക്കുകയാണ് ലക്ഷ്യം. ഒറ്റക്കും ചങ്ങാതിക്കുട്ടങ്ങളായും റെസിഡന്‍റ്സ് അസോസിയേഷനുകളുടെ പേരിലും ഫ്ളക്സുകളുണ്ട്.

‘ആരും വോട്ട് ചോദിച്ച് വരണ്ട, റോഡ് അറ്റകുറ്റപ്പണി നടത്താത്തവര്‍ക്ക് വോട്ടില്ല, കോളനിയില്‍ വെളിച്ചമത്തെിക്കാത്തവര്‍ ഇവിടേക്ക് കയറണ്ട’... ഇങ്ങനെ പോകുന്നു വോട്ടര്‍മാരുടെ ഫ്ളക്സ് പ്രചാരണം. റോഡ് അറ്റകുറ്റപ്പണി, കുടിവെള്ളക്ഷാമം, കാന നിര്‍മാണം, കൃഷിനാശം തുടങ്ങിയവ ഫ്ളക്സില്‍ നിറയുന്നു. പലതിലും ഭാഷക്ക് കടുപ്പമേറും.

പാര്‍ട്ടികള്‍ക്കൊപ്പം ജനങ്ങളും ഫ്ളക്സ് അടിക്കാന്‍ തുടങ്ങിയതോടെ ഫ്ളക്സ് നിര്‍മാണമേഖലയും ഉണര്‍ന്നു. സമ്പൂര്‍ണ ഫ്ളക്സ് നിരോധത്തിന് മുറവിളി കൂട്ടിയ ചില പാര്‍ട്ടികളും നേതാക്കളും ഇപ്പോള്‍ ഫ്ളക്സിന് പിന്നാലെയാണ്. തന്‍െറ മുഖവും ചിരിയുമില്ലാത്ത ഫ്ളക്സ് വേണ്ടെന്ന് സ്ഥാനാര്‍ഥികള്‍ തീരുമാനിച്ചപ്പോള്‍ നേതാക്കളുടെ ചിത്രം കൂടി ചേര്‍ക്കണമെന്ന ‘ഇണ്ടാസ്’ ഇറക്കി പാര്‍ട്ടി നേതൃത്വം വെട്ടിലാക്കി. പാര്‍ട്ടികളുടെയും മുന്നണികളുടെയും ഫ്ളക്സിനൊപ്പം നാട്ടുകരുടെ ഫ്ളക്സുകള്‍ കൂടിയായതോടെ ഫലത്തില്‍ തെരഞ്ഞെടുപ്പ് ‘ഫ്ളക്സ് യുദ്ധം’ കൂടിയായിരിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.