വേറിട്ട കാഴ്ചയായി സ്ഥാനാര്‍ഥി സംഗമം

തിരുവനന്തപുരം: വാഗ്വാദങ്ങളോ വെല്ലുവിളികളോ ഇല്ലാതെ സൗഹാര്‍ദത്തോടെയും സ്നേഹത്തോടെയും വിവിധ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ മുന്നിലിരുന്ന സമ്മതിദായകരോടു വോട്ടഭ്യര്‍ഥിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തില്‍ സംഘടിപ്പിച്ച സ്ഥാനാര്‍ഥി-വോട്ടേഴ്സ് സംഗമത്തിലായിരുന്നു വേറിട്ട കാഴ്ച.

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ 40ല്‍ അധികം സ്ഥാനാര്‍ഥികളാണ് ഒരേ വേദിയില്‍നിന്ന് ജനങ്ങളോടു സംവദിച്ചത്. തെരഞ്ഞെടുപ്പ് ഗോദയില്‍ വീറോടും വാശിയോടും പോരാട്ടം നടക്കുന്ന സമയത്ത് ഇങ്ങനയൊരു സൗഹൃദസംഗമം സ്ഥാനാര്‍ഥികള്‍ക്കും വോട്ടര്‍മാര്‍ക്കും പുതിയ അനുഭവമായി. ശാന്തിഗിരി ആശ്രമം ഓഡിറ്റോറിയത്തില്‍ രാവിലെ 7.30ന് ആരംഭിച്ച സംഗമത്തില്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്തിലെ വെഞ്ഞാറമൂട് ഡിവിഷന്‍, വാമനപുരം ബ്ളോക് പഞ്ചായത്തിലെ കോലിയക്കോട് ഡിവിഷന്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ തീപ്പുകല്‍, കോലിയക്കോട്, കള്ളിക്കാട്, പൂലന്തറ, ശാന്തിഗിരി വാര്‍ഡുകള്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ പുലിവീട്, പോത്തന്‍കോട് ടൗണ്‍ വാര്‍ഡുകള്‍, വെമ്പായം പഞ്ചായത്തിലെ നന്നാട്ടുകാവ് വാര്‍ഡ് എന്നിവടങ്ങളിലെ സ്ഥാനാര്‍ഥികളാണ് പങ്കെടുത്തത്. ഇവിടങ്ങളില്‍ വോട്ടവകാശമുള്ള 4000 ഭക്തരാണ് ആശ്രമപരിസരത്ത് താമസിക്കുന്നത്.

ഡിവിഷനുകളും വാര്‍ഡുകളും തിരിച്ച് പരിചയപ്പെടുത്തിയ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ വികസനസ്വപ്നങ്ങള്‍ വോട്ടര്‍മാരുമായി പങ്കുവെച്ചു. ജയിച്ചുകഴിഞ്ഞാല്‍ നാടിന് വരുത്താന്‍പോകുന്ന മാറ്റങ്ങളെക്കുറിച്ചു സംസാരിച്ചു. ഇടത്, ഐക്യ, ബി.ജെ.പി, സ്വതന്ത്ര സ്ഥാനാര്‍ഥികളാരും തന്നെ  പരസ്പരം കുറ്റപ്പെടുത്തുകയോ വിമര്‍ശിക്കുകയോ ചളിവാരി എറിയുകയോ ചെയ്തില്ളെന്നതു ശ്രദ്ധേയമായി. ശാന്തിഗിരി ആശ്രമത്തിന് രാഷ്ട്രീയ നിലപാടുകളില്ളെന്നും ഭക്തര്‍ ഇന്ന പാര്‍ട്ടിക്ക് വോട്ടു  ചെയ്യണമെന്ന് ആശ്രമം നിര്‍ദേശിക്കാറില്ളെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വ്യക്തമാക്കി.

വാര്‍ഡുകളില്‍ കാലാകാലങ്ങളായി മാറിമാറി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ആശ്രമഭക്തര്‍ വോട്ടു ചെയ്യാറുള്ളത്.  ആശ്രമത്തിന്‍െറ വളര്‍ച്ചക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശ്രമം ഒരാള്‍ക്കും ഒരു തരത്തിലുള്ള വാഗ്ദാനവും നല്‍കിയിട്ടില്ല.ജാതിയുടെയും മതത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും പേരില്‍ രാജ്യം അസുഖകരമായ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ മതേതരത്വം നിലനിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും തദ്ദേശഭരണകൂടങ്ങള്‍ക്ക് പ്രത്യേക പങ്കുണ്ടെന്ന് സ്വാമി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ നിലപാടുകളില്ലാത്ത മതേതര സ്ഥാപനമായ ശാന്തിഗിരി ആശ്രമം ജനാധിപത്യപ്രക്രിയയില്‍ തങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു സംഗമത്തിന് വേദിയായത്. കേരളത്തിലുടനീളമുള്ള മറ്റ് ശാന്തിഗിരി സ്ഥാപനങ്ങളിലും സമാനരീതിയിലുള്ള സംഗമങ്ങള്‍ നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.