ആലിക്കുട്ട്യാക്കയുടെ ആദ്യ മത്സരവും പ്രസിഡന്‍റ് പദവിയും 60ാം വയസ്സില്‍

അരീക്കോട്: എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന എം.ടി. ആലിക്കുട്ടിക്ക് ഇപ്പോള്‍ വയസ്സ് എഴുപത്. കെ.എസ്.ആര്‍.ടി.സിയില്‍ 33 വര്‍ഷം മെക്കാനിക്കല്‍ വിഭാഗത്തില്‍ സേവനം ചെയ്ത് ചാര്‍ജ്മാനായിട്ടാണ് വിരമിച്ചത്. ഇടക്ക് 13 വര്‍ഷത്തെ പ്രവാസ ജീവിതവും കഴിഞ്ഞ് പൊതുപ്രവര്‍ത്തന രംഗത്തിറങ്ങുകയായിരുന്നു നാട്ടുകാരുടെ ആലികുട്ട്യാക്ക. 2005ല്‍ 60ാം വയസ്സില്‍ ആദ്യമായി താഴത്തങ്ങാടി വാര്‍ഡില്‍നിന്ന് അരീക്കോട് ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചു.

ചുറ്റിക അരിവാള്‍ നക്ഷത്ര ചിഹ്നത്തില്‍ മത്സരിച്ച് എതിര്‍ സ്ഥാനാര്‍ഥി ലീഗിലെ തുവ്വക്കാടന്‍ മുഹമ്മദിനെ 570 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ഗ്രാമപഞ്ചായത്തംഗമായി. ഇടതുപക്ഷത്തിന് ഭരണം ലഭിച്ചതോടെ അദ്ദേഹം തന്നെയായി പ്രസിഡന്‍റും. പിന്നീട് വന്ന ഒരു തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിക്കാനുണ്ടായില്ല. പുതിയ ആളുകള്‍ക്ക് മത്സരിക്കാന്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ഇപ്പോള്‍ സി.പി.എം അരീക്കോട് ലോക്കല്‍ കമ്മിറ്റിയംഗം, അരീക്കോട് സര്‍വിസ് സഹകരണ ബാങ്കിന്‍െറ വൈസ് പ്രസിഡന്‍റ്, ഏറനാട് ടൈല്‍സിന്‍െറ വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ കര്‍മരംഗത്തുണ്ട്.

സര്‍വിസിലിരിക്കെ കെ.എസ്.ആര്‍.ടി.സി എംപ്ളോയിസ് അസോ. (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ജമീലയാണ് ഭാര്യ. സലീന, ഷഹനാസ്, ഷാജി, സഹീര്‍ എന്നിവര്‍ മക്കളാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.