കാസര്‍കോട്: സൂക്ഷിക്കണം, നേതാക്കള്‍ കാസര്‍കോട്ട് എത്തിയാല്‍ നാവു പിഴക്കരുത്. ഒരു പ്രസംഗം തന്നെ എല്ലായിടത്തും നടപ്പില്ല. തിരുവനന്തപുരം മുതല്‍ പയ്യന്നൂര്‍ വരെ നിയമസഭയിലെ പ്രസംഗങ്ങള്‍ ആകാം. ഇടതു നേതാവിന് വലതിനെതിരെയും ബി.ജെ.പിക്കെതിരെയും ശക്തിയുക്തം വാദിക്കാം. ബി.ജെ.പി നേതാക്കള്‍ക്ക് യു.ഡി.എഫിനെതിരെയും എല്‍.ഡി.എഫിനെതിരെയും എന്തും പറയാം. ഐക്യമുന്നണിക്കാര്‍ക്കും അതുപോലെയാവാം.
പയ്യന്നൂര്‍ പിന്നിട്ടാല്‍ പഞ്ചായത്ത് മാറുമ്പോള്‍ ഓന്ത് നിറംമാറ്റുന്നതുപോലെ പ്രസംഗത്തിന്‍െറ ഇമ്പവും ഈണവും മാറ്റണം. ഇല്ളെങ്കില്‍ പണ്ട് വി.എസ്. അച്യുതാനന്ദന്‍ മാഹിയില്‍പോയി കോണ്‍ഗ്രസുകാരെ കുറ്റംപറഞ്ഞതുപോലെ അബദ്ധത്തില്‍ ചാടും. മംഗല്‍പാടി പഞ്ചായത്തില്‍ പിണറായിക്ക് യു.ഡി.എഫിനെതിരെ പ്രസംഗിക്കാന്‍ കഴിയില്ല. കാരണം അഞ്ചുസീറ്റുകളില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ധാരണയാണ്. മഞ്ചേശ്വരം പഞ്ചായത്തില്‍ കാനം രാജേന്ദ്രന് ബി.ജെ.പിക്കെതിരെ മാത്രമേ പ്രസംഗിക്കാനാവൂ. അവിടെ ഏഴുസീറ്റുകളില്‍ പി.ഡി.പി-കോണ്‍ഗ്രസ്-ലീഗ്-സി.പി.ഐ-സി.പി.എം ഐക്യമാണ്. പൈവളിഗെയിലും വോര്‍ക്കാടിയിലും ഇതുതന്നെ അവസ്ഥ.
നാടറിഞ്ഞ് നാക്കനക്കിയില്ളെങ്കില്‍ സ്ഥാനാര്‍ഥികള്‍ തോറ്റുപോകും. കാരണം ബി.ജെ.പിക്കെതിരെയല്ലാതെ പതിവ് ഇടതുവിരുദ്ധ പ്രസംഗം നടപ്പില്ല. ബി.ജെ.പിക്കെതിരെ ഇടതു-വലത് പൊതു സ്വതന്ത്രരുടെ ഇടങ്ങളാണിവിടെ. ബേഡകത്ത് പിണറായിക്ക് പ്രസംഗിക്കാം. പക്ഷെ കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കള്‍ കരുതലോടെ വേണം പ്രസംഗിക്കാന്‍. കാഞ്ഞങ്ങാട് നഗരസഭയില്‍ വിമതരുടെ പൂരമാണ് നടക്കുന്നത്. ആകെ സ്ഥാനാര്‍ഥികളില്‍ പാര്‍ട്ടിയില്ലാത്തവര്‍ ഏറെ.
20 സീറ്റുകളില്‍ സി.പി.എമ്മിനെതിരെ ബി.ജെ.പി എന്തേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല എന്നാണ് കോണ്‍ഗ്രസുകാരന്‍െറ ചോദ്യം. സി.പി.എം നഗരസഭ ഭരിക്കണമെന്ന് ബി.ജെ.പി ആഗ്രഹിക്കുമ്പോള്‍ സി.പി.എം നേതാക്കള്‍ ആര്‍.എസ്.എസിനെതിരെ കാഞ്ഞങ്ങാട്ട് മിതത്വം പാലിക്കണം. കെ. സുരേന്ദ്രനും വി. മുരളീധരനും ഇത് ബാധകം. കോണ്‍ഗ്രസ് വിമതര്‍ ഉറഞ്ഞുതുള്ളുന്ന ഈസ്റ്റ് എളേരിയില്‍ നിന്ന് യു.ഡി.എഫ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം വിമതരെ കുറിച്ച് അധികം പറയേണ്ട, സി.പി.എമ്മിനെ ചീത്തവിളിച്ചാല്‍ മതിയെന്നാണ്. നാളെ തിരിച്ചുവരേണ്ടവരാണ് വിമതര്‍ എന്നാണത്. വിമതര്‍ ജയിച്ചാല്‍ അവരെ പാര്‍ട്ടിയിലെടുക്കുമോ എന്ന ചോദ്യത്തിന് ‘അത് അപ്പോള്‍ പറയാം’ എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് അതുകൊണ്ടാണ്. ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളില്‍ പകുതിയിടങ്ങളിലും വാക്കിനു വിലക്കുവീഴുന്ന ഗ്രാമങ്ങളാണ്. കാസര്‍കോട്ട് മാത്രമാണ് ഈ പ്രത്യേകത ഇത്ര സമൃദ്ധമായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.